കടല്‍ കരയിലേക്ക്
വീശിയെറിഞ്ഞ് പിന്‍ വലിക്കുന്ന
വലയുടെ തുമ്പത്ത്
നുരമുത്തുകള്‍ ആവിഷ്കരിക്കുമ്പോലെ ,
നിന്റെ പീലിക്കണ്ണുകളില്‍
ആരാണു കടമ്പിന്‍ ചോലകള്‍ ആവിഷ്കരിച്ചത്
എന്ന് ചോദിച്ചുകൊണ്ട്
അവന്‍ അവളുടെ കവിളില്‍
ഒരു മുത്തം ആവിഷ്കരിക്കുന്നു.
പതിവ് പോലെ
അണ്ടിയാപ്പീസില്‍ പോകാനാകാതെ
വീടിന്റെ മൂലയിൽ
ഒരു ഞണുങ്ങിയ ചോറ്റുപാത്രം പോലെ വീഴുകയും
വാഴച്ചോട്ടില്‍ ഛര്ദ്ദിക്കുകയും ചെയ്തവളോട്
" ഒരുമ്പെട്ടോളേ,
ഒടുവില്‍ നീയും
കുടുമ്മത്തിനു ചീത്തപ്പേരാവിഷ്കരിച്ചല്ലോടീ"
എന്ന്
പെറ്റ തള്ള കലി തുള്ളുന്നു.
ഞാനാരുടേയും പെണ്ണല്ലെന്ന്
പമ്ക്തിയില്‍ പൊട്ടിത്തെറിച്ചവള്‍
കുളിമുറിയില്‍ തളർന്നുവീഴുമ്പോള്‍
"ദൈവമേ ഇതെന്തൊരാവിഷ്കാരം "
എന്ന് വിസ്മയിക്കുന്നു.
എല്ലാ എടുപ്പുകളും
കീറലുകളും
തുന്നിക്കെട്ടലുകളും
ഓരോ തരം ആവിഷ്കാരങ്ങളാണ്
കുളം മീനിനെയും
മീന്‍ കുളത്തേയും
ആവിഷ്കരിക്കുന്നു.
എഴുത്തുകാരനും കൃതിയും
പരസ്പരം ആവിഷ്കരിക്കുന്നുണ്ട്.
ലോകത്തോട് പരിഭവിച്ച്
കെറുവിച്ചു കിടക്കുന്ന കുളത്തിലേക്ക്
വല്ലപ്പോഴും വന്നുപോകുന്ന
ചൂണ്ടക്കാരനെപോലെ
നിരൂപകനും
കൃതിയില്‍ ചില ആവിഷ്കാരങ്ങള്‍ നടത്തുന്നുണ്ട്.
എല്ലാവരും എന്തെങ്കിലുമൊക്കെ
ആവിഷ്കരിയ്ക്കുന്നുണ്ട്.
ചിലർ സ്വയം ആവിഷ്ക്കരിയ്കുന്നു.
ചിലർ മറ്റുള്ളവർക്കു ആവിഷ്ക്കരിച്ചു കൊടുക്കുന്നു.
ലോകം ആരുടെ ആവിഷ്കാരമാണെന്ന ചോദ്യം
ആരുടെ ആവിഷ്കാരമാണാവോ!