നാടകം
(ഉള്ളിൽ ഒരു ഗർഭപാത്രവുമായി
ജീവിക്കുന്ന,പകുതിയും സ്ത്രീയായി മാറിക്കഴിഞ്ഞ രാജു എന്ന ആദിവാസി യുവാവിന്റെ ജീവിതത്തിൽ
നിന്നാണ് ഈ നാടകത്തിന്റെ ആശയതന്തു രൂപപ്പെടുത്തിയിട്ടുള്ളത്.രാജുവിന്റെ ജീവിതകഥ ആദ്യന്തം
പിന്തുടരുക ഈ നാടകത്തിന്റെ ലക്ഷ്യമല്ല.രാജുവിന്റെ ജീവിതം/സ്വത്ത്വം ആന്തരികമായി നേരിടുന്ന
സംഘർഷമാണ് നാടകത്തിനാധാരം.നാടകത്തിന്റെ ഘടനയും അവതരണരീതിയും അതിനനുസൃതമായിരിക്കണം എന്നു
മാത്രം സൂചിപ്പിക്കട്ടെ.വിമതലൈഗികതയെ അംഗീകരിക്കാൻ മടിക്കുന്ന നാട്ടിൽ രാജുവിന്റെ മനുഷ്യജന്മത്തിന്
നാം എന്തു വിലയിടും?)
രംഗം-1
രംഗം തെളിയുമ്പോൾ തെരുവ്.തെരുവിൽ ജീവിക്കുന്ന ഒരു സംഘം. ചെറു കലാപരിപാടികളും
കായികവിനോദങ്ങളും പ്രകടിപ്പിച്ച് ജീവിതം പോറ്റുന്നവർ.
പഴയ തുണികളും മറ്റും കൊണ്ട്
നിർമ്മിച്ച ചെറു കൂടാരങ്ങൾ.വേദിയുടെ മുന്നിൽ ഉയർന്ന ഒരു തലം.
ഒരു കലാപ്രകടനത്തിനുള്ള
ഒരുക്കങ്ങൾ.കോമാളിയെപ്പോലെ ഒരു കഥാപാത്രം രംഗവേദിയിലേക്ക് വരുന്നു.അയാളുടെ അംഗചലനങ്ങളിൽ
കൃത്ത്രിമത്ത്വം.അയാൾ സദസ്സിനെ അഭിമുഖീകരിച്ച്:)
കോമാളി: പ്രിയപ്പെട്ട
നാട്ടുകാരേ,കലാസ്നേഹികളേ,മഹത്തും മഹനീയവും മാനനീയവുമായ ഈ സദസ്സിനു മുൻപാകെ ഒരു കലാപ്രകടനം
നടത്താൻ ഞങ്ങൾക്ക് അവസരമൊരുക്കിത്തന്ന ഈ നാട്ടിലെ നല്ലവരായ ഏവരെയും ഞങ്ങൾ സർവാത്മനാ
നമസ്കരിക്കുന്നു.
ഒരാൾ: ങാ,സുഖിപ്പിച്ചത്
മതി.ഇനി പണി തൊടങ്ങ്. അല്ലെങ്കി തന്നെഞങ്ങള് കരിക്കും.
(കോമാളി ചമ്മുന്നു.)
കോമാളി: ധൃതിപിടിക്കരുത്.പയ്യെത്തിന്നാൽ
...ചില്ലിച്ചിക്കനും തിന്നാം എന്നല്ലേ പുതുമൊഴി
മറ്റൊരാൾ: ഇയ്യാള് തൊഴി
വാങ്ങിച്ചേ അടങ്ങൂ എന്നാ തോന്നുന്നെ.
കോമാളി:ചേട്ടന്മാരേ,അനിയന്മാരേ,അവിവേകം
അരുത്!(സ്വകാര്യമായി)ഇവന്മാരുടെ സോക്കേടെന്താന്ന് എനിക്കറിയാം
(അകത്തേക്ക് നോക്കി) എടീ
ജൂലിയേ,നീ ഒന്നിങ്ങോട്ടെറങ്ങിയേ.
(ഒരു യുവതി കടന്നു വരുന്നു..മുടി
അഴിഞ്ഞുലഞ്ഞ മട്ടിലാണ് .അത് ചീകിക്കെട്ടിക്കൊണ്ടാണ് വരവ്.)
യുവതി: അണ്ണാ എന്റെ ബണ്ണ്
കണ്ടോ?
കോമാളി: അത് ഞാനെന്നും
കാണുന്നതല്ലിയോടീ.ഇപ്പം എന്താ ഇത്ര പുതുമ.
യുവതി: (നാണത്തോടെ) പോ
അണ്ണ പുളുപറയാതെ.
കോമാളി:എടീ പെണ്ണേ ,ഈ
ഇരിക്കുന്ന മാന്യന്മാരൊക്കെ എന്തിനാ വന്നതെന്നാ നിന്റെ വിചാരം?
യുവതി: കലാസ്വാദകരല്ലേ
അവർ?അവർ കല കണ്ട് ആസ്വദിക്കാൻ വന്നതല്ലിയോ?
കോമാളി: കലയോ, അതോ നിന്റെ
...ങാ ഞാനൊന്നും പറയുന്നില്ല.കളിതൊടങ്ങുന്നെങ്കി തൊടങ്ങ്.ഇവര് സ്വൈര്യം തരുന്നില്ലെന്നേ!
യുവതി: ചേട്ടന്മാരേ,ഇപ്പത്തൊടങ്ങും.ഞാൻ
ദാ വരുന്നു.(അകത്തേക്ക് പോകുന്നു)
കോമാളി: അവള് ഒരുങ്ങാൻ
പോയതാ, (യാചനാ ഭാവത്തിൽ )ഇപ്പം തൊടങ്ങും.
ഒരാൾ: ഇവിടെന്താ കർട്ടനൊന്നുമില്ലേ?
കോമാളി: ( ആ ചോദ്യം തീരെ രസിക്കാതെ ) എന്തോ...?തുണിപൊക്കിക്കാണിച്ചാലേ
കൊച്ചാട്ടന് തൃപ്തി വരത്തോള്ളോ?
വേറൊരാൾ: പണ്ടാരം എങ്ങനെങ്കിലും
തൊടങ്ങ്.
കോമാളി: അപ്പറഞ്ഞത് ഞായം.ഇത്
പാവങ്ങടെ കളിയാ.കർട്ടനും കെട്ടിക്കേറ്റും കാണത്തില്ല.പരിണാമഗുസ്ത്തീം ഒണ്ടാവത്തില്ല.
ഒരാൾ:ഇയ്യാളെ ആരെങ്കിലും
ഒന്നു പിടിച്ച് പൊറത്ത് കളയുവോ.
കോമാളി: അയ്യന്റമ്മാ വേണ്ടാ...ഞാനിതാ
പോകുന്നു
(സൂത്രധാരനെപ്പോലെ സദസ്സിനെ
തൊഴുത് പിൻ വാങ്ങുന്നു)
(ലൈറ്റുകൾ തെളിയുന്നു.ഒരു
റിക്കാർഡ് ഡാൻസിനുള്ള ഒരുക്കം.ഒരു യുവാവും യുവതിയും രംഗത്തുവരുന്നു.”എന്റെ മനസ്സിലൊരു
നാണം’ എന്നു തുടങ്ങുന്ന ഗാനം കേൾക്കാകുന്നു.ഗാനത്തിനൊത്ത്
അവർ ആടുന്നു.ഗാനത്തിനൊടുവിൽ യുവാവ് കുഴഞ്ഞു വീഴുന്നു.ലൈറ്റ് ഓഫ്.
(ഇരുട്ടിൽ ചില ശബ്ദങ്ങൾ)
അയ്യോ എന്തുപറ്റി...ഒന്നും
കഴിച്ച് കാണത്തില്ല....കൊറച്ച് വെള്ളം കൊടുക്ക്.....നിങ്ങളങ്ങോട്ട് മാറി നില്ലെന്ന്...പുതിയ
ആളല്ലിയോ ശരിയാകും
(ലൈറ്റ് തെളിയുന്നു .രംഗത്ത്
ആരുമില്ല .കോമാളി കടന്നു വരുന്നു)
കോമാളി: പ്രിയ കലാസ്നേഹികളേ,ഉണ്ടായ
അസൗകര്യം പൊറുക്കണം.പുതിയ പയ്യനാ.എല്ലാം പടിച്ചു വരുന്നതേയൊള്ളു.അതുകൊണ്ടാ.അതിന്റെടേല്
കറന്റും പോയി (സദസ്സിലേക്ക് നോക്കി )ങേ....എല്ലാരും
പോയോ?കഷ്ടം! (ഇന്ന് പട്ടിണിയാണെന്ന് സൂചിപ്പിക്കും വിധം വയർ തിരുമ്മിക്കൊണ്ട് പോകുന്നു.
കർട്ടൻ
രംഗം-2
തിരശ്ശീല ഉയരുമ്പോൾ വേദി
ഇരുളിൽ.ചില സംഭാഷണങ്ങളും നിഴലനക്കങ്ങളും മാത്രം.
ഒരു സ്ത്രീ: പണ്ടാരം കൊതുക്.ഹ!
എന്താ കടിയാപ്പാ ഇത്.നാശ്ശം പിടിക്കാനെക്കൊണ്ട് (കൊതുകിനെ അടിക്കുന്ന ഒച്ച.ഒരു കുട്ടിയുടെ
കരച്ചിൽ).അയ്യോ! ന്റെ പൊന്നിന് നൊന്തോ?പോട്ടെ.
പുരുഷൻ: ഇച്ചരക്കൂടെ ഒഴിക്കപ്പീ...നല്ല
തലവലി.
മറ്റൊരാൾ: ഓ!പിന്നേ തലവലിക്ക്
ഇതാ മരുന്ന്.
വേറൊരാൾ:നീയെന്താണ്ടടാ
മുണ്ടാണ്ടിരിക്കുന്നേ?നെനക്ക് മേണോ?
യുവതി:വേണ്ടാത്ത പിരാന്തൊന്നും
ആ ചെക്കനെ പടിപ്പിക്കണ്ടാ.
മറ്റൊരാൾ: നീ പോടീ
(ഒരു വൃദ്ധന്റെ നീണ്ട
ഏമ്പക്കം.പട്ടിയുടെ കുര.വെളിച്ചം)
നേരത്തേ കണ്ട കളിസ്ഥലം.
ഒരിലക്ട്രിക്
പോസ്റ്റിൽ വിളക്കുതെളിയുന്നു.അത് തെളിയിക്കാൻ വന്ന ലൈന്മാനെ കാണാം.അയാൾ വിളക്കുതെളിയിക്കാൻ
താമസ്സിച്ചതിലുള്ള നീരസം രംഗവാസ്സികളിലുണ്ട്.പരസ്പരമുള്ള നോട്ടത്തിലും ഭാവത്തിലും അത്
പ്രകടം.ഒരു കുട്ടി നടന്നുവന്ന് പോസ്റ്റിന്റെ ഒരുവശത്തായി നിന്ന് മൂത്രമൊഴിക്കുന്നു.
ലൈന്മാൻ:
ടാ...കുരുപ്പേ,കൊറച്ച് മാറിനിക്കടാ.
(കുട്ടി
അതൊന്നും കാര്യമാക്കുന്നില്ല)
ലൈൻ
മാൻ: എവിടുന്നെറങ്ങി വരുന്നെടാ ഇതൊക്കെ!
രണ്ടു മൂന്നു പേർ വട്ടമിരുന്ന്
റാക്ക് മോന്തുന്നു.ഒരരുകിലായി ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു.ബാലു എന്നാണവന്റെ പേര്.
ആൾക്കൂട്ടത്തിനിടയ്ക്കും എന്തോ മനപ്രയാസം അവൻ അനുഭവിക്കുന്നു എന്ന് അവന്റെ ഇരിപ്പുകണ്ടാൽ
മനസ്സിലാകും.തല കുമ്പിട്ടാണ് ഇരിക്കുന്നത്.ഇടയ്ക്ക് തല ഉയർത്തി ചുറ്റും നോക്കുന്നു>കൂടാരങ്ങളിലൊന്നിലേക്ക്
ഒരാണും പെണ്ണും നുഴഞ്ഞു കയറുന്നു.യുവതിയായ ഒരുവൾ മറ്റൊരിടത്തിരുന്ന് ഇത്തിരി വെട്ടത്തിൽ
കാലിലെ നഖം വെട്ടുന്നു. കുടം ചരിച്ച് ഒരു കപ്പ് വെള്ളവുമായി ഒരു വൃദ്ധൻ വേദിയുടെ പിന്നിലേക്ക്
പോകുന്നു.ശൗചകർമ്മം നിറവേറ്റി അയാൾ തിരികെ വന്ന് ചടഞ്ഞിരിക്കുന്നു.
റാക്കു മോന്തുന്നവർക്ക്
ചുറ്റും ലൈൻ മാൻ വട്ടമിട്ടു നടക്കുന്നു.അയാളെ ക്ഷണിക്കുമെന്ന് കരുതി ചൊറിഞ്ഞും പറിഞ്ഞും
നിൽക്കുന്നു.ആരും മൈന്റ് ചെയ്യുന്നില്ലെന്നു കാണുമ്പോൾ ദേഷ്യം വരുന്നു.
ലൈൻ മാൻ: കള്ള കൂട്ടങ്ങള്(ആത്മഗതം)ചോയിക്കാനും
പറയാനും ആരും ഇല്ലല്ലോ!കണ്ടടത്ത് കോലു കുത്തി തുണിയും മണിയും കെട്ടി താമസിക്കുക.തിന്നുന്നതും
തൂറുന്നതും എല്ലാം ഒരിടത്തു തന്നെ.
(ചുറ്റും നോക്കുന്നു.യുവതിയെ
കാണുന്നു.അയാളുടെ താല്പര്യം ഇപ്പോൾ അവളിലായി. അവൾ നഖം വെട്ടുന്ന ശ്രദ്ധയിൽ തന്നെ.അയാൾ
പലഹാരത്തിലേക്ക് കൊതിയോടെ നോക്കുന്ന കുട്ടിയെപ്പോലെ യുവതിയെ നോക്കുന്നു. ഒരു പട്ടി മുറുമുറുക്കുന്ന ഒച്ച)
മധ്യവയസ്കയായ ഒരു സ്ത്രീ
: ആരാണ്ടാ അവിടെ ചുറ്റിക്കറങ്ങണത്?
(ചോദ്യം കേട്ട് ലൈൻ മാൻ
പരിഭ്രമിക്കുന്നു.പതുക്കെ സ്ഥലം വിടുന്നു)
ഒരു പട്ടി അവിടവിടെയായി
ചുറ്റിനടക്കുന്നു.
മധ്യവയസ്കയായ സ്ത്രീ കൊടും
കൈയും കുത്തിയിരുന്ന് ആരെയോ പ്രാകുന്നു.സ്ത്രീയുടെ വായിൽ നിരയെ മുറുക്കാനുണ്ട്.നീട്ടി
ഒന്നു തുപ്പുമ്പോൾ ചെറുപ്പക്കാരിയുടെ ദേഹത്ത് അല്പം വീഴുന്നു.
ചെറുപ്പക്കാരി: ഹ!തള്ളേ,നോക്കീങ്കണ്ടും
തുപ്പാൻ മേലേ?
മധ്യവയസ്ക: ഹമ്പടി കുളുസ്സേ!(കാർക്കിച്ച്
ഒന്നമർത്തി തുപ്പുന്നു)
ചെറു:ങ്ങക്കെന്തിന്റെ
കേടാ തള്ളേ?
(വൃദ്ധ ഒന്നും മിണ്ടുന്നില്ല.ചെറുപ്പക്കാരി
ഒരു ചെറു കണ്ണാടിയെടുത്ത് മുഖത്തെ ചന്തം നോക്കുന്നു.ഇടയ്ക്ക് ചെറുപ്പക്കാരനെ നോക്കുന്നുമുണ്ട്)
മധ്യ: ഓ,പുളുത്തി.ചന്തക്കാരികളെറങ്ങിയേക്ക്ന്ന്.
(ചെറുപ്പക്കാരൻ മുഖമുയർത്തി
നോക്കുന്നു.പെണ്ണിന്റെ മുഖത്ത് ലജ്ജ)
അകത്തുനിന്ന് വാദ്യോപകരണങ്ങളുമായി
ഒരു സംഘം വരുന്നു.റാക്കു കഴിച്ചിരിക്കുന്നവർക്ക് അതു രസിക്കുന്നു.വാദ്യങ്ങൾ മുഴങ്ങുന്നു.
ചെറുപ്പക്കാരി: എന്തരണ്ണാ ചെണ്ടേം കോലുമായി?ഇന്ന് കളിയില്ലെന്നറിയില്ലേ?
സംഘത്തിലൊരാൾ:അത് നാട്ടുകാർക്കൊള്ള
കളി.ഇന്നത്തെ കളി നമ്മക്കൊള്ളത്.
റാക്കു കഴിക്കുന്നവരിൽ
ഒരാൾ: അത് കലക്കി.
മധ്യ: കള്ളും കുടിച്ച്
കൂത്താടാൻ,അല്ലണ്ട് പിന്നെന്നാ?
ഒരാൾ: അക്കച്ചി ഒന്നടങ്ങ്,വേണേ
ഒരു പൊടിക്ക് അടിച്ചോ
മധ്യ: പിന്നേ,അക്കച്ചിയെ
അടക്കാൻ നോക്കല്ലേ ,അതിന് നീയൊന്നും ആയില്ലപ്പാ.
സംഘത്തിൽ ഡോലക്ക് ധരിച്ച
രണ്ടുപേർ അത് കൊട്ടിക്കൊണ്ട് വേദിയിൽ വട്ടം ചുറ്റുന്നു.റാക്കടിച്ചിരുന്നവരെ അത് ഉത്തേജിപ്പിക്കുന്നു.അവർ
എഴുന്നേറ്റ് നൃത്തം ചെയ്തു തുടങ്ങുന്നു.ക്രമേണ അതൊരു നൃത്തസംഘമായി രൂപാന്തരപ്പെടുന്നു.
സംഘം യുവതിയോട് നൃത്തം
ചെയ്യാൻ ആവശ്യപ്പെടുന്നു.അവൾ അതൊരവസരമായി കാണുന്നു.ശൃഗാരചേഷ്ടകളോടെ അവൾ ചുവടുകൾ വയ്ക്കുന്നു.യുവതി
യുവാവിനെ നിർബന്ധിച്ച് അതിൽ പങ്കെടുപ്പിക്കുന്നു.തുടർന്ന് അതൊരു ചടുലമായ നൃത്തമാകുന്നു.പൗരുഷത്തിന്റെ
കടഞ്ഞെടുത്ത ആൾരൂപമായി യുവാവ് മാറുന്നു.യുവതിയുമായി അയാൾ ഉയർന്ന പീഠത്തിലേക്ക് കയറുന്നു. പാട്ടും നൃത്തവും കൊണ്ട് വേദി സജീവമാകുന്നു.
(പശ്ചാത്തലത്തിൽ ഒരു പട്ടിയുടെ
കുര.യുവാവ് പെട്ടെന്ന് നിശ്ചലനാകുന്നു. പാട്ടും നൃത്തവും നിലയ്ക്കുന്നു.വെളിച്ചം യുവാവിലേക്ക്
മാത്രം കേന്ദ്രീകരിക്കുന്നു.അയാൾ ചുറ്റും നിരീക്ഷിക്കുന്നു.സിഗററ്റിന്റെ മണം വരുന്നതായി
അയാൾക്ക് തോന്നുന്നു.മുഖത്ത് ഭീതി പരക്കുന്നു.ക്രമേണ യുവാവിലെ പൗരുഷം ചോർന്ന് പോകുന്നു.അയാളിൽ
സ്ത്രീസഹജമായ ലക്ഷണങ്ങൾ പ്രകടമാകുന്നു.ആണിൽ നിന്ന് പെണ്ണിലേക്കുള്ള നടന്റെ മാറ്റം സൂക്ഷ്മതലത്തിൽ ആവിഷ്ക്കരിക്കേണ്ടതുണ്ട്.പട്ടിയുടെ
കുര തുടരുന്നു ലൈറ്റ് ഓഫ്)
രംഗം-3
യുവാവിന്റെ കുടിൽ.വയർ
തപ്പിപ്പിടിച്ച് പുളയുന്ന ബാലു.അടുത്ത് പായ പൊല്ലിക്കൊണ്ടിരിക്കുന്ന അമ്മ.
അമ്മ: നീയെന്താണ്ടെടാ
കെടന്ന് ഞെളിയുന്നേ(വായിലെ മുറുക്കാൻ തുപ്പുന്നു)
ബാലു: വയ്റ്റിലൊരു കടച്ചിലമ്മാ.(വയർ
തടവിക്കൊണ്ട് കുത്തിയിരിക്കുന്നു)
അമ്മ; പുഴുക്കും പഴങ്കഞ്ഞീം
നെറേ കേറ്റിയോ?നീയാ തഴപ്പൊലി ഇങ്ങാ എടുക്ക്.
ബാലു: ( ബാലു കഷ്ടപ്പെട്ട്
തഴപ്പൊലി എടുത്തു കൊടുക്കുന്നു )ഞാ ഒന്നും കയിച്ചില്ലമ്മാ.
അമ്മ: പിന്നെന്നാടാ ഏനക്കേട്?
ബാലു: എനക്കറിയാമ്മേലാ!
അമ്മ: കൊറച്ച് ഇഞ്ചി മാന്തി
തിന്നാള
(ബാലു വിമ്മിട്ടപ്പെട്ട്
എഴുന്നേറ്റ് പോകുന്നു)
അമ്മ:(അകത്തേക്ക് വിളിച്ച്
)എടീ ചീനുവേ!
(അകത്തുനിന്ന് ഒരു പെൺകുട്ടിയുടെ
“ഓ”എന്ന ഒച്ച.)
അമ്മ:ആ ആടിന് ഇത്തിരി
തോല് കൊടുക്ക് പെണ്ണേ.
(പുറത്തുനിന്ന് ഒരാൾ വരുന്നു.കയ്യിൽ
ഫയലും പേനയും.വീടും പരിസരവും ചുറ്റിനടന്ന് നോക്കുന്നു.ഒരു പട്ടി പ്രതിഷേധ ശബ്ദത്തിൽ
കുരയ്ക്കുന്നു.ബാലുവിന്റെ അമ്മ കാര്യമെന്തെന്നറിയാതെ നോക്കി നിൽക്കുന്നു.)
വന്നയാൾ: (ബാലുവിന്റെ
അമ്മയെ ചൂണ്ടി) കാളിക്കുട്ടി?
അമ്മ: ഓ,തന്നെ.
വന്നയാൾ:വയസ്സ്?
അമ്മ:ആർക്കറിയാം സാറേ,
വന്നയാൾ: മക്കളെത്ര?
അമ്മ:(ആലോചിച്ച്) ഏയ്.നാലെണ്ണം
ചത്തുപോയി
വന്നയാൾ:ഭർത്താവ്?
അമ്മ: അങ്ങാര് നേരത്തേ പോയി സാറേ
വന്നയാൾ:ആണ്മക്കളെത്ര?
അമ്മ: ഒന്ന്.എന്തിനാ സാറേ
ഇതൊക്കെ ചോയിക്കുന്നേ?
(പട്ടിയുടെ കുര തുടരുന്നു.)
വന്നയാൾ: ഏതാ ഈ പട്ടി?
അമ്മ: ഇബടത്തെ പട്ടിയാ,കൊരയ്ക്കത്തേ
ഒള്ള് ,കടിക്കില്ല സാറേ
വന്നയാൾ: നിങ്ങള് വളർത്തുന്നതാണോ?
അമ്മ: ആര് വളത്ത്ന്ന്?അങ്ങ്
ബളരുവല്ലിയോ സാറേ,ഞാങ്ങടെ പുള്ളാരെപ്പോലെ.
(അമ്മ അകത്തേക്ക് തിരിഞ്ഞ്)
അമ്മ: എടീ,ചീനുവേ ആ നായിക്ക്
എന്തെങ്കിലും തിന്നാങ്കൊടുക്കെടീ.
വന്നയാൾ: മോളായിരിക്കും,അല്ലിയോ?
അമ്മ:ഏത്? (കാര്യം മനസ്സിലായി)
ഓ,തന്നെ.
വന്നയാൾ:എത്ര വയസ്സായി?
അമ്മ: (അകത്തേക്ക് നോക്കി)എടിയേ
,നീ ഒന്നിങ്ങോട്ട് വന്നേ
(ചീനു വരുന്നു.പതിനഞ്ചു
വയസ്സുള്ള ഒരു പെൺകുട്ടി.മുഷിഞ്ഞ വേഷമെങ്കിലും കാണാൻ നല്ല ചന്തമുണ്ട്.വന്നയാൾ അവളെ അടിമുടി നോക്കുന്നു.ചീനു
പരുങ്ങുന്നു)
അമ്മ: ഈ സാറിന് നിന്നോടെ
എന്തോ ചോയിക്കണമെന്ന്
(അവൾ കൂടുതൽ പരുങ്ങുന്നു)
വന്നയാൾ: കൊച്ച് പഠിക്കുന്നോ?
ചീനു: (ഇല്ലെന്ന് തലയാട്ടുന്നു)
അമ്മ: ഇവള് അഞ്ച് വരെ
പടിച്ചതാ സാറേ.അപ്പഴാ ഇവക്കടെ മൂത്തത് പെറ്റത്.അവള് പെറ്റെണീറ്റ് ജോലിക്ക് പോവാൻ തൊടങ്ങിയപ്പം
ഇവള് വീട്ടിലിരിപ്പായി.കൊച്ചിനെ നോക്കാൻ ആള് വേണ്ടായോ!
വന്നയാൾ: ഈ വീടുനിക്കുന്നിടം
എത്ര സെന്റാ?
അമ്മ: അഞ്ച് സെന്റാ സാറേ
വന്നയാൾ:ഇതാര് തന്നതാ?
അമ്മ: സർക്കാറ്,അല്ലാതാരാ
സാറേ ഈ പാവങ്ങൾക്ക് തരാനും മറ്റും?
വന്നയാൾ: അതൊറപ്പാന്നേ?സർക്കാരാന്നേ
തന്നത്?ആ സർക്കാരിന് ഇപ്പം ഒരാവശ്യം.ഈ ഭൂമി നിങ്ങള് സർക്കാരിന് കൊടുക്കണം.
അമ്മ: അയ്യോ സാറേ! ഞങ്ങളു
പിന്നെ എങ്ങാ പോകും?
വന്നയാൾ:നിങ്ങക്ക് സർക്കാറ് വേറേ സ്ഥലം തരും .
അമ്മ:(വികാരാധീനയായി)ഞാനെങ്ങും
പോകൂലാ,എന്റെ അപ്പനേം അമ്മേം കുയിച്ചിട്ട മണ്ണാ.ഇവ്ട്ന്ന് ഞാൻ പോകുകേല.
വന്നയാൾ: എല്ലവരും പോകാൻ
സമ്മതിച്ചു.കാളിയമ്മയും പോണം.നാട്ടിൽ വികസനം വരുന്ന കാര്യമാ.
അമ്മ:ഞങ്ങാള് ഓടിയോടിയാ
സാറേ ഇവിടംവരെ എത്തിയത്.ഇനി വയ്യ ഓടാൻ.
വന്നയാൾ:(ഒരു പ്രസംഗം
പോലെ)ജനാധിപത്യവും സോഷ്യലിസവും നടപ്പിലാക്കുന്ന ഒരു ഭരണകൂടത്തിന്റെ........
(പ്രസംഗം തുടരാനനുവദിക്കാതെ
ഒരു പട്ടി കുരച്ചു തുടങ്ങുന്നു.ഒപ്പം പശ്ചാത്തലത്തിൽ തീവണ്ടി കടന്നുപോകുന്ന ഒച്ച.ഒച്ചയൊടുങ്ങുമ്പോൾ
ഒരു അനൗൺസ്മെന്റ് കേൾക്കുന്നു)
നാടിന്റെ വികസനസ്വപ്നങ്ങൾക്ക്
ചിറകുമുളയ്ക്കുന്ന ഈ സുന്ദരമുഹൂർത്തത്തിൽ നമ്മുടെ പ്രിയ നേതാവ് നിങ്ങളോട് രണ്ടു വാക്ക്
സംസാരിക്കുന്നതായിരിക്കും.....
നേതാവും അനുയായികളും പ്രവേശിക്കുന്നു.അനുയായികളുടെ
മുദ്രാവാക്യം വിളികൾ.നേതാവ് അനുയായികളോട് നിശ്ശബ്ദരാകാൻ ആംഗ്യം കാണിക്കുന്നു.അനുയായികൾ
അടങ്ങുന്നു.
നേതാവ്: ഇലക്ട്രിസിറ്റി,സ്മാർട്ട്
സിറ്റി,വാഴ്സിറ്റി എന്നിവ മറികടന്ന് നമ്മുടെ വികസനം ഇന്ന് സൈബർ സിറ്റിയിലെത്തി നിൽക്കുന്നു.വികസനം
പറ്റിവാതിലിൽ വന്ന് മുട്ടിവിളിക്കുമ്പോൾ നാം കണ്ണടച്ച് ഇരുട്ടാക്കരുത്.നാട്ടിൻ പുറം
നന്മകളാൽ സമാധാനപൂർണ്ണമാകാൻ യത്നിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.
(തന്റെ പ്രസംഗം കലക്കുന്നില്ലേ
എന്ന ഭാവത്തിൽ നേതാവ് അനുയായികളെ നോക്കുന്നു.അനുയായികൾ കയ്യടിക്കുന്നു.)
നേതാവ് കാളിയമ്മയെ സമീപിക്കുന്നു.
നേതാവ്:ഇത് മഹത്തായ ത്യാഗമാണ്
കാളിയമ്മേ
അമ്മ: ആരുക്ക് വേണ്ടീ?
നേതാവ്: ഈ സമൂഹത്തിനു
വേണ്ടി.നിങ്ങൾക്ക് സർക്കാർ വേറേ വീടുവച്ചു തരും.കാളിയമ്മയ്ക്കോ മോനോ മകൾക്കോ ഒരു ജോലി.
അമ്മ: തൂപ്പും തോട്ടിപ്പണീം,
അതല്ലിയോ സർക്കര് തരുന്ന പണി.ഞാങ്ങള് ഇപ്പം എടുക്കണ പണി അതന്നാ സാറമ്മാരേ
(പശ്ചാത്തലത്തിൽ അനൗൺസ്മെന്റ്.നേതാവും
അനുയായികളും പോകുന്നു.ബാലു വേച്ചുവേച്ച് വരുന്നു)
ബാലു: ന്റമ്മോ,ഞാനിപ്പം
ചാവുവേ,എനിക്ക് വയ്യായെ(വയർതപ്പിപ്പിടിച്ച് കരയുന്നു)
അമ്മ: (എന്തു ചെയ്യണമെന്നറിയാതെ
വിഷമിക്കുന്നു)ന്റെ കുഞ്ഞിന് എന്തു പറ്റിയെന്റെ തെയ്വങ്ങളേ!!
(ബാലു അമ്മയുടെ ചുമലിലേക്ക്
വീഴുന്നു)
രംഗം-4
(ഒരു സർക്കാർ ആശുപത്രി.സ്ത്രീകളായ
രോഗികൾ നിരയായി നിൽക്കുന്നു.ഡോക്ടർമാർ,നഴ്സുമാർ,അറ്റന്റർ,തുടങ്ങിയവർ രംഗത്ത്. രോഗികൾ
വരുന്നു.ഒരു ലേഡീ ഡോക്ടർ ചടങ്ങ് പരിശോധന നടത്തുന്നു.അമിതമായി ജോലി ചെയ്യേണ്ടി വരുന്നതിന്റെ
ദേഷ്യവും അമർഷവും മുഖത്ത്.വരിയുടെ ഇങ്ങേ തലയ്ക്കൽ ബാലു)
ഗർഭിണിയായ ഒരു യുവതി ഏണിൽ
കയ്യും കൊടുത്തുകൊണ്ട് വരുന്നു.വേദന സഹിക്കുന്നതിന്റെ വൈഷമ്യം മുഖത്ത്
യുവതി: ഡോക്ടറേ,വേദന സഹിക്കാൻ
മേലേ!
(ഡോക്ടർ ഒന്നു നോക്കിയിട്ട്
കുനിഞ്ഞിരുന്ന് എന്തോ കുറിക്കുന്നു)
യുവതി:അയ്യോ!ഞാനിപ്പം
ചവുവേ,ഡോക്ടറേ എന്തെങ്കിലും ചെയ്യണേ!
നഴ്സ്: (ഡോക്ടറെ നോക്കി)
ആദ്യത്തെ കേസാ,അതുകൊണ്ടാ.
(യുവതി നിലവിളി തുടരുന്നു)
ഡോക്ടർ: ഇതൊന്നും നേരത്തേ
അറിയത്തില്ലാരുന്നോ?
(യുവതിയുടെ മുഖം വാടുന്നു)
ഡോക്ടർ:ങാ..ഈ പെൺകൊച്ചിനെ
പിടിച്ച് ആ വാർഡിലെങ്ങാനം കൊണ്ട് കിടത്ത്.
(ഒരു അറ്റന്റർ വന്ന് യുവതിയെ
കൂട്ടിക്കൊണ്ടു പോകുന്നു)
മദ്ധ്യവയസ്കയായ ഒരു സ്ത്രീ
വരുന്നു.നല്ല ആരോഗ്യം.ചുണയുള്ള വർത്തമാനം.
ഡോക്ടർ:അമ്മച്ചീ!പ്രായം
കൊറേ ആയില്ലേ,ഇനി ഈ ഓട്ടമൊന്ന് നിർത്തിക്കൂടെ?
സ്ത്രീ: എന്നാത്തിനാ ഡാക്കിട്ടറേ,ഞാൻ
ഇപ്പഴും ഫിറ്റാ!
(അതവിടെ ഒരു കൂട്ടച്ചിരി
സൃഷ്ടിക്കുന്നു.)
തൊട്ടു പിന്നാലെ മുഖം
മറച്ച് ബാലു നിൽക്കുന്നു.മുകം വ്യക്തമാകുമ്പോൾ ഡോക്ടർ ദേഷ്യത്തോടെ ചോദിക്കുന്നു
ഡോക്ടർ:താനെന്താ ഇവിടെ?
ബാലു: ഡാക്കിട്ടറെ കാണാൻ
വന്നതാ.
(ഡോക്ടർ ബാലുവിനെ സൂക്ഷിച്ചു
നോക്കുന്നു.ബാലു പരുങ്ങുന്നു.)
ഡോക്ടർ: തനിക്കെന്താ ഗർഭമുണ്ടോ?
(ചോദ്യം സ്ത്രീകളിൽ കൂട്ടച്ചിരി
ഉണ്ടാക്കുന്നു)
ബാലു: (തകർന്നവനെപ്പോലെ
നിൽക്കുന്നു)ഞാൻ ....ഞാൻ...
ഡോക്ടർ: എടോ,ഇത് സ്ത്രീകൾക്കുള്ള
ആശുപത്രിയാ!താൻ വേറേ ആശുപത്രിയിൽ പോ.
ബാലു: എനിക്ക് ഡോക്ടറെയാ
കാണണ്ടത്
ഡോക്ടർ: ശ്ശെടാ!ഇതു നല്ല
കൂത്താണല്ലോ!
(അവർ ചുറ്റും നോക്കുന്നു.അകത്തേക്ക്
നോക്കി ചില ആംഗ്യങ്ങൾ കാണിക്കുന്നു.ഒരു പുരുഷ ഡോക്ടർ വരുന്നു.)
പു. ഡോക്ടർ: തന്റെ പേര്?
ബാലു: ബാലു
പു. ഡോക്ടർ:വയസ്സ്?
ബാലു: ഇരുവത്.
പു. ഡോക്ടർ: സെക്സ്?
(ബാലു കാര്യം മനസ്സിലാകാതെ
നിൽക്കുന്നു.പുരുഷ ഡോക്ടർ ചുറ്റും നിൽക്കുന്നവരെ നോക്കുന്നു.ഞാനൊരു മിടുക്കനല്ലേരെന്ന
ഭാവം.ചുറ്റും നിൽക്കുന്നവർ അത് ശരിവയ്ക്കുമ്പോലെ)
പു. ഡോക്ടർ: ചോദിച്ചത്
കേട്ടില്ലേ?താൻ ആണാണോ പെണ്ണാണോ എന്ന്?
(ബാലു വിമ്മിട്ടപ്പെടുന്നു.മറുപടിയില്ല)
പു. ഡോക്ടർ: നിനക്ക് മലയാളം
അറിയാമോ?
(ബാലു അറിയാം എന്ന് തലയാട്ടുന്നു)
പു. ഡോക്ടർ: എന്നാ പറ.നീ
ആണോ അതോ പെണ്ണോ?
ബാലു:നിക്കറീല്ല!
(ഡോക്ടർ അതിശയത്തോടെ അവനെ
നോക്കുന്നു.)
നഴ്സ്:അമ്പട കേമാ,നീ ആള്
കൊള്ളാമല്ലോടാ?ഇതങ്ങനെ വിട്ടാ പറ്റത്തില്ല സാറേ,പോലീസിനെ വിളിക്ക്.
സ്ത്രീ ഡോക്ടർ: നിന്റെ
കൂടെ ആരാ വന്നിട്ടുള്ളത്?
ബാലു:ആരൂല്ല.ഞാൻ തനിച്ച്
വന്നത്.
പുരുഷ ഡോക്ടർ: (നിശ്ചയദാർഡ്യത്തോടെ)
ശരി .ഇവൻ ആണാണോ പെണ്ണാണോ എന്നു നോക്കിയിട്ടുതന്നെ കാര്യം.ഇവനെ അകത്തേക്ക് കൊണ്ടുപോ.
(രണ്ട് അറ്റ്ന്റർമാർ വന്ന്
ബാലുവിനെ കൂട്ടി അകത്തേക്ക് പോകുന്നു)
ലൈറ്റ് ഓഫ്
രംഗം-5
ആശുപത്രി.ഡോക്ടർമാർ ഗഹനമായ
ആലോചനയിൽ.ഒരു സ്കാനിംഗിന്റെ ഫിലിം അവർ കൈമാറി തിരിച്ചും മറിച്ചും നോക്കുന്നു.സംഗതി
ശരിയാണെന്ന മട്ടിൽ തലകുലുക്കുന്നു.ബാലു ഒരു കസേരയിൽ ജീവച്ഛവം പോലെ ഇരിക്കുന്നു
ഒരു ഡോക്ടർ: ഇവൻ വൈദ്യശാസ്ത്രത്തിന്
മുന്നിൽ ഒരു ചോദ്യചിഹ്നമാണ്.
മറ്റൊരു ഡോക്ടർ: അതേ,പക്ഷേ
ആ ചോദ്യത്തിന് ഒരുത്തരം നാം കണ്ടെത്തണം
മറ്റൊരു ഡോക്ടർ: അതുതന്നെ.അതാണ്
നമുക്ക് മുന്നുലുള്ള വെല്ലുവിളി
ലേഡി ഡോക്ടർ: എന്താണ്
വഴി
ഒരു ഡോക്ടർ: അവന്റെ പേരിലെ
ആ ചുനിപ്പ് എടുത്തുകളയണം
മറ്റൊരു ഡോക്ടർ: എന്നുവച്ചാൽ?
ഒരു ഡോക്ടർ: അതെ,അവന്
ഇനിയുള്ള കാലം ബാലയായി തുടരാം
ലേഡി ഡോക്ടർ: യൂ മീൻ?
ഒരു ഡോക്ടർ: അതേ,ഇനി ബാലു
ഇല്ല.ബാല ..ബാലമാത്രം.
(വെളിച്ചം പതുക്കെ ഇരുളുന്നു.വിഷാദഭരിതമായ
അന്തരീക്ഷത്തെ സൂചിപ്പിക്കുന്ന സംഗീതം.ലറ്റ് ഓഫ്)
രംഗം-6
ബാലുവിന്റെ വീട്.ഒരാചാരത്തിന്റെ
ചുറ്റുവട്ടങ്ങൾ.ഒരു പീഠത്തിൽ ബാലു ഇരിക്കുന്നു.ചുറ്റും കുറേ ആൾക്കാർ.ദേവതയെ പ്രീതിപ്പെടുത്തുന്ന
ഗാനം പശ്ചാത്തലത്തിൽ.ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന ഭക്തർ.വെളിച്ചപ്പാടിനെപ്പോലെ ഒരാൾ
ബാലുവിന്റെ കഴുത്തിൽ ഒരു ചുവന്ന മാല അണിയിക്കുന്നു.തുടർന്ന് വെളിച്ചപ്പാട് ഉറയുന്നു.വാദ്യം
മുഴങ്ങുന്നു.വെളിച്ചപ്പാടിന്റെ ഉറഞ്ഞുതുള്ളൽ ശക്തമാകുന്നു.ആ ഉരയൽ ബാലുവിലേക്കും പകരുന്നു.
രണ്ടുപേർ കടന്നുവന്ന്
ബാലുവിനെ പിടിച്ചുവയ്ക്കുന്നു.അവൻ കുതറിമാറാൻ ശ്രമിക്കുന്നു.പക്ഷേ അവർ വിടുന്നില്ല.പുരോഹിതനെപ്പോലെ
ഒരാൾ കയ്യിൽ ഒരു കൂർത്ത മുള്ളുമായി വരുന്നു.ബാലുവിന്റെ കാതു കുത്തുകയാണ് ലക്ഷ്യം.ബാലു
പ്രതിഷേധിക്കുന്നെങ്കിലും ഫലമില്ല.കാതുകുത്തു കഴിയുമ്പോൾ അവന്റെ മുകളിൽ പൂക്കൾ വർഷിക്കുന്നു.കുരവ,വാദ്യം
,തുള്ളൽ എല്ലാം ശക്തമാകുന്നു.ബാലു ബോധശൂന്യനായി വീഴുന്നു.ലൈറ്റ് ഓഫ്.
രംഗം-7
രംഗം വീണ്ടും തെളിയുമ്പോൾ യുവാവിന്റെ കുടിൽ.അർദ്ധരാത്രി.നേരിയ വെളിച്ചം മാത്രം
.കുടിലിനു പുറത്ത് വിടന്മാരായ ചിലർ .ടോർച്ചുതെളിയിച്ചും മൊബൈലിന്റെ വെളിച്ചത്തിലും
വരുന്നവർ.അവരിൽ ചെരുപ്പക്കാരും മദ്ധ്യവയസ്ക്കരും വൃദ്ധന്മാരുമുണ്ട്.കുടിലിനകത്ത് തന്റെ
പട്ടിയെ വായ മൂടിപ്പിടിച്ച് ബാലു ഭീതിയോടെ
കിടക്കുന്നു.
ഒരു മദ്ധ്യവയസ്കൻ കടന്നുവരുന്നു.ഒരു
വിടന്റെ എല്ലാ ഭാവചേഷ്ടകളും അയാളിൽ പ്രകടം.)
മദ്ധ്യവയസ്കൻ:(കുടിലിന്റെ
കതകിന് മുട്ടിക്കൊണ്ട്)ശ്...ശ്..ബാലൂ....ബലൂ....കതക് തൊറ
(പ്രതികരണമൊന്നും ഇല്ലെന്നറിഞ്ഞ്
നിരാശനാകുന്നു.ഒരു പട്ടിയുടെ കുര .അയാൾ മടിയിൽ നിന്ന് ഒരു പൊതിയെടുത്ത് പട്ടിക്ക് മുൻപിലേക്ക്
ഇട്ടുകൊടുക്കുന്നു.സ്നേഹപ്രകടനത്തിന്റെ ശബ്ദങ്ങൾ പട്ടിയിൽ നിന്ന് കേൾക്കന്നു.മദ്ധ്യവയസ്കന്
ആശ്വാസം.അയാൾ വീണ്ടും കതകിൽ മുട്ടുന്നു.ഇത്തവണ അയാൾക്ക് കുറേശ്ശേ ദേഷ്യവും വരുന്നുണ്ട്.)
മദ്ധ്യവയസ്കൻ:(കുടിലിന്റെ
കതകിന് മുട്ടിക്കൊണ്ട്)ശ്...ശ്..ബാലൂ....ബലൂ...എടാ നായേ ....കതക് തൊറക്കെടാ.
(അയാൾ അവിടെല്ലാം ചുരമാന്തി
നടക്കുന്നു.പിന്നെ നിരാശനായി പോകുന്നു.പോകുന്നവഴി “ആ പട്ടി ചത്തെന്നാ തോന്നുന്നെ” എന്നിങ്ങനെ
പിറുപിറുക്കുന്നുണ്ട്)
(പിന്നാലെ മറ്റു ചിലർ
വരുന്നു.എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ.ടോർച്ചിന്റെയും മൊബൈലിന്റെയും വെട്ടത്തിൽ
വരുന്നവർ ,പരസ്പരം ഒഴിഞ്ഞും ഒളിച്ചും കുടിലിനെ പൊതിയുന്നു.ഇതൊരു ഒളിച്ചുകളിയെന്നപോലെ
അവതരിപ്പിക്കാം.ക്രൗര്യവും കോമാളിത്തവും ഇടകലരുന്ന മനുഷ്യപ്രകൃതത്തെ ഈ ആവിഷ്കരണത്തിലൂടെ
ചിത്രീകരിക്കണം.
മറുവശ്ത്ത് ബാലുവിന്റെ
ദൈന്യത.ലൈറ്റ് ഓഫ്.)
രംഗം-8
ആകാശത്ത് നേരിയ ചന്ദ്രക്കല.ഒരിടത്ത്
ഏകാന്തനായി നിൽക്കുന്ന ബാലു.പ്രകൃതിയിലെ ശബ്ദങ്ങൾ മാത്രം.ബാലിവിൽ പ്രകടമായ വേഷ്പ്പകർച്ച
ദൃശ്യമാകുന്നു.ഏതോ ചരിത്രപുരുഷന്റെ വേഷം അഭിനയിക്കുന്ന നടനാണപ്പോൾ അയാൾ
ബാലു: ഉരുക്കുപോലെയുള്ള
ഈ കൈകളിൽ ന്നീ സുരക്ഷിതയായിരിക്കും.കൂടം കൊണ്ടടിച്ചാലും തകരാത്ത ഈ നെഞ്ചിൽ നിനക്ക്
തലചായ്ക്കം.ഏഴു സമുദ്രങ്ങൾ ഇളകിപ്പാഞ്ഞു വന്നാലും എന്റെ കാലുകൾ ചലിക്കില്ല.
(രണ്ടു ചാൽ നടക്കുന്നു.)
ഹേ! പ്രപഞ്ചമേ,പുരുഷന്റെ
ഹൃദയം പാറക്കെട്ടുകൾക്ക് സമാനം.അതിളകില്ല,പതറില്ല.
(വീണ്ടും അയാൾ പഴയ ബാലുവാകുന്നു.നിരാശനായി
നിൽക്കുന്നു.അടുത്ത നിമിഷം അയാളിൽ ഒരു സ്ത്രീയുടെ ഭാവങ്ങൾ രൂപപ്പെടുന്നു.)
ബാലു: ദേ,എന്നെ ഇങ്ങനെ
നോക്കല്ലേ,എനിക്ക് നാണമാകുന്നു.(നോട്ടം നിലത്തേക്കകുന്നു.)ഈ ചേട്ടന് ഒരു നാണോം ഇല്ല.
(മറ്റൊരു ഭാവത്തിൽ.ഒരു
കുഞ്ഞിനെ താലോലിക്കുന്ന രംഗം)
അയ്യാ,എന്റെ പൊന്ന് ഒറങ്ങീല്ലേ?അമ്മ
കുഞ്ഞിനൊരു പാട്ടുപാടിത്തരട്ടേ?
(ഒരു താരാട്ടിന്റെ ഈരടികൾ.അതവസാനിക്കുമ്പോൾ
അയാൾ വീണ്ടും പഴയ ബാലുവാകുന്നു.നിരാശനായി)
ബാലു: എന്റെ തെയിവങ്ങളേ,എന്നെ
എന്തിനിങ്ങനെ ആക്കി.ഏനെന്ത് കുറ്റം ചെയ്ത്?എന്റെ ചങ്കിലെ വേദന നിങ്ങള് കാണണില്ലേ?ആണും
പെണ്ണും കെട്ട ഈ ജീവിതം ഇനി എനിക്കെന്തിന്?മൂപ്പാകണേന് മുമ്പ് മരം കടപൊട്ടി വീഴുന്നില്ലേ?പുലിയടെ
വായി മാങ്കുട്ടി വീണ് ചാവുന്നില്ലേ?പാമ്പ് കൊത്തി എത്തറയോ മനിശമ്മാര് ചാവണ്!എന്നെ നിങ്ങക്ക്
വേണ്ടായോ?
(ബാലുവിന്റെ ഉള്ളിൽ ഒരു
സംഘർഷം നടക്കുന്നു.ജീവനൊടുകുന്നതിനെക്കുറിച്ച് അവൻ ആലോചിക്കുന്നു.പെട്ടെന്ന് അവൻ ഞെട്ടിത്തിരിഞ്ഞു
നോക്കുന്നു.ആരോ വരുന്ന കാലൊച്ച കേൾക്കുന്നു.യുവതി പ്രവേശിക്കുന്നു.)
യുവതി: (അവന്റെ നിൽപ്പ്
അത്ര പന്തിയല്ലെന്ന് കണ്ടിട്ട്)എന്താ ബാലു ഇവിടെ നിൽക്കുന്നത്?ഞാൻ എവിടെയെല്ലാം തിരക്കി.
(അവന് ഒരു മറുപടിയും പറയാൻ
കഴിയുന്നില്ല)
യുവതി: കൂടാരത്തിൽ എല്ലാവരും
ഉറങ്ങി.ബാലു കിടക്കുന്നിടം ഒഴിഞ്ഞു കിടക്കുന്നതു കണ്ടു.അതാ ഞാൻ തെരക്കി വന്നത്.
ബാലു: ക്ക് നല്ല സുഖോല്ല.
യുവതി: എന്തേ നിനക്ക്
പറ്റീത്?
ബാലു:നിക്കറീല്ല.
യുവതി: ബാലൂ! എന്റെ കണ്ണിലേക്ക്
നോക്ക്.സത്യം പറ.നിനക്കെന്തോ പറ്റീട്ടുണ്ട്.
ബാലു: (അവളുട മുഖത്ത്
നോക്കുന്നില്ല)
യുവതി: എന്നോടെങ്കിലും
നീ സത്യം പറയുമെന്ന് ഞാൻ കരുതി..നീ..(അവൾ കരയാൻ തുടങ്ങുന്നു)
ബാലു: നശിച്ച ജന്മാ ഞാൻ.ആരുക്കും
എന്നെ വേണ്ടാ.കുടീന്ന് ഞാൻ ഓടിപ്പോന്നതാ...അമ്മേന്റെ മൊകത്ത് നോക്കാൻ മേലാഞ്ഞിട്ട്.
യുവതി: നീ എന്തു ചെയ്ത്?
ബാലു: ഞാനൊന്നും ചെയ്തില്ല.ഞാൻ..ഞാൻ...
(അവൻ ഒരു പൊട്ടിക്കരച്ചിലിന്റെ
വക്കിലെത്തുന്നു.അവൾ അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.അവൻ ഒരു കൊച്ചു കുട്ടിയെപ്പോലെ
നിയന്ത്രണം വിട്ട് കരയുന്നു.അവൾ അവനെ ആശ്വസിപ്പിക്കാൻ
പരമാവധി ശ്രമിക്കുന്നു.അവൻ അവളുടെ നെഞ്ചിലേക്ക് ശിരസ്സ് ചായ്ക്കുന്നു.)
ലൈറ്റ് ഓഫ്
രംഗം-9
പഴയ കളിസ്ഥലം തന്നെ രംഗം.പക്ഷേ
കൂടാരങ്ങളൊ കളിക്കാരോ ഇല്ല.ഒരു പൊതുയോഗ സ്ഥലമായി അത് രൂപാന്തരം പ്രാപിച്ചിരിക്കുന്നു.നാലഞ്ച്
കസേരകൾ.അതിലൊന്നിൽ ബാലു ഇരിക്കുന്നു.അവന്റെ കഴുത്തിൽ ഒരു മാലയിട്ടിട്ടുണ്ട്.കാതിൽ കമ്മൽ
.രണ്ടു മൂന്ന് പ്രഭാഷകരെയും കാണാം.അവർ ഊഴം കാത്ത് കസേരകളിൽ ഇരുപ്പുറപ്പിച്ചിരിക്കുന്നു.അദ്ധ്യക്ഷന്റെ
പ്രഭാഷണത്തോടെയാണ് രംഗം ആരംഭിക്കുന്നത്.)
പ്രഭാഷകൻ: ശാസ്ത്രത്തിന്റെ
വളർച്ച അത്ഭുതകരം തന്നെ?പ്രകൃതിയെ മനുഷ്യൻ ഉള്ളം കയ്യിലിട്ട് അമ്മാനമാടുകയാണ്.അതിന്റെ
ഏറ്റവും നല്ല തെളിവാണ് നമ്മുടെ മുന്നിലിരിക്കുന്ന ഈ ബാലു.(ഒന്നു നിർത്തിയിട്ട് )അല്ല
ഇന്നലെവരെ ബാലുവായിരുന്ന ഈ ബാല.ഒരു ശസ്ത്രക്രിയയിലൂടെ പകുതി സ്ത്രീയായിക്കഴിഞ്ഞ ബാലുവിനെ
അഭിനന്ദിക്കാൻ വിളിച്ചുചേർത്ത ഈ യോഗത്തിൽ സംബന്ധിച്ച ഏവർക്കും ഞാൻ സ്വാഗതം ആശംസിക്കുന്നു.
(കോമാളി കടന്നുവരുന്നു.അസ്ഥാനത്തുള്ള
ഈ കടന്നുകയറ്റം രംഗവാസികളെ ആശങ്കയിലാക്കുന്നു.പ്രഭാഷകൻ സംസാരം നിർത്തുന്നു.കോമാളിയോട്)
പ്രഭാഷകൻ: ങാ...താനാരാ?തനിക്കെന്താ
ഇവിടെ കാര്യം?
കോമാളി: അയ്യോ..അടിയനോടെ
ഷമിക്കണേ!അടിയൻ മാത്രമല്ലേ (പുറത്തേക്ക് നോക്കി)ബാ..കേറിപ്പോരെ എല്ലാം നമ്മടെ ആൾക്കാരാ.
(പുറത്തുനിന്ന്
യുവതി ,വൃദ്ധൻ,മദ്ധ്യവയസ്ക,കുട്ടി,തുടങ്ങിയവർ വരുന്നു.സംഘാടകർ അസ്വസ്ഥരാകുന്നു)
കോമാളി: സാറന്മാരേ,നിങ്ങളൊക്കെ
ബല്യ ആൾക്കാരാ.വല്യ പഠിപ്പുള്ളവർ.പക്ഷേങ്കി മനുഷ്യേന്റെ മനസ്സു കാണാൻ നിങ്ങക്കാവില്ല.
(ബാലുവിനെ ചൂണ്ടി) ഇവനെ
നിങ്ങൾ പെണ്ണാക്കാൻ നോക്കുന്നു.പക്ഷെ അവന് പെണ്ണാകാൻ കഴിയുമോ?
യുവതി: എന്റെ ബാലൂനെ പെണ്ണാക്കരുത്,ഏമാന്മാരേ
സംഘാടകരിൽ ഒരാൾ: ആണാകണോ
പെണ്ണാകണോ എന്ന് തീരുമാനിക്കുന്നത് ബാലുവാണ്.അതിന് നിങ്ങളുടെ ഒത്താശ വേണ്ടാ.
മധ്യവയസ്ക: അതന്നെ കാര്യം.മോനേ,ബാലൂ...നീതന്നെ
പറ.
(ബാലു എഴുന്നേറ്റ് വേദിക്ക്
മുന്നിലേക്ക് വരുന്നു.അവന്റെ ഭാവം മാറിയിട്ടുണ്ട്.ഒരുതരം വെറുപ്പും ദേഷ്യവും)
ബാലു: ഞാൻ...ഞാൻ..(എന്തോ
പറയാൻ വന്നത് പകുതിയിൽ നിർത്തുന്നു.പിന്നെ ഒരു ധ്യാനത്തിലെന്നപോലെ നിൽക്കുന്നു.ഇപ്പോൾ
ബാലു പൂർണ്ണമായും മറ്റൊരാളായി മാറുന്നു.ഉറച്ച ശബ്ദം.പരിഷ്കൃതമായ ഭാഷ.ഒരു നാടകത്തിലെ
കഥാപാത്രത്തെപ്പോലെ അയാൾ സംസാരിച്ചു തുടങ്ങുന്നു)
(രംഗം ഇപ്പോൾ ഒരു സോദ്ദേശ
നാടകവേദിയിലേതു പോലെ രൂപാന്തരപ്പെടുന്നു.സ്പോട്ട് ചെയ്യുന്ന പ്രകാശത്തിനു കീഴിലാണ്
ബാലു.)
ബാലു: ഹേ,പരിഷ്കൃത സമൂഹമേ,എന്താണ്
പെണ്ണ്?അതൊരു ശരീരം മാത്രമോ?
(ചുറ്റി നടക്കുന്നു)
ആണിനെയും പെണ്ണിനെയും
ശരീരം മാത്രമായി കാണുന്ന നീച സദാചാരമേ,ഞാൻ ലജ്ജിക്കുന്നു.ശരീരത്തിന്റെ ഓരോ അണുവിലും
രതിയുടെ മാദകത്ത്വം തിരയുന്ന കപട ലോകത്താണ് നാം.
(അല്പം നിശ്ശബ്ദത)
ആണിന്റെ ഇച്ഛയാണോ പെണ്ണ്?കൊത്തിപ്പറിക്കുന്ന
കഴുകൻ കണ്ണുകൾക്ക് നടുവിൽ പിടഞ്ഞൊടുങ്ങുന്ന ജന്മമാണോ സ്ത്രീ?
(വീണ്ടും നിശ്ശബ്ദത.രണ്ടു
ചാൽ നടന്നിട്ട്)
സ്ത്രീയുടെ ആനന്ദത്തിന്
സമൂഹം നൽകുന്ന പേരോ പുരുഷൻ?
(ഈ രംഗം നടക്കുമ്പോൾ തന്നെ
കോറസ്സിന്റെ സഹായത്തോടെ സ്ത്രീ-പുരുഷ സങ്കല്പത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ പൊതുധാരണയെ
പ്രതിഭലിപ്പിക്കുന്ന ദൃശ്യങ്ങൾ അവതൽപ്പിക്കണം.ക്രൗര്യം നിറഞ്ഞ രതിയുടെയും പ്രണയനാട്യങ്ങളുടെയും
ചടുലചലനങ്ങൾ പ്രതീകാത്മകമായി ചിത്രീകരിക്കണം)
രംഗം മാറുന്നു.പഴയ രംഗവും
കഥാപാത്രങ്ങളും.ബാലു തകർന്നവനെപ്പോലെ:
ബാലു: എനിക്ക് പെണ്ണാവണ്ടാ,ആണുമാവ്വണ്ട.എനിക്കൊരു
മനുഷേനായാ മതി.
(സംഘാടകർ വിഷമത്തിലാകുന്നു)
ബാലു: എന്നെ തെയിവം ഇങ്ങനാ
പടച്ചത്.ആണും പെണ്ണുമല്ലാത്ത ദേഹം,ആണിന്റെ കൊരല്.എനിക്കും ജീവിക്കണം.ഒരു മനുഷേനായി.(മുഖം
പൊത്തി പൊട്ടിക്കരയുന്നു)എന്നെ വെറുതേ വിടണം ഏമാന്മാരേ....
(യുവതിയും കളി സംഘത്തിലെ
അംഗങ്ങളും അവനെ സമീപിക്കുന്നു.യുവതി അവനെ ആശ്വസിപ്പിക്കുന്നു.സംഘാടകർ ഇനിയെന്ത് എന്ന
മട്ടിൽ പരസ്പരം നോക്കുന്നു.പിന്നെ പിരിഞ്ഞു പോകുന്നു. ബാലുവിനെ താങ്ങിപ്പിടിച്ചുകൊണ്ട് മറ്റുകഥാപാത്രങ്ങളും പോകുന്നു.ലൈറ്റ്
ഓഫ്)
രംഗം-10
ഒന്നാം രംഗത്തിൽ കണ്ട
കളിസ്ഥലം.പക്ഷേ അത് പ്രകൃതി ഒരുക്കിയ കളിസ്ഥലം പോലെ .മരങ്ങളും വള്ളികളും ഇലപ്പടർപ്പുകളും
മൃഗപക്ഷിജാതികളും ഇടകലരുന്ന കളിസ്ഥലമായി രൂപാന്തരപ്പെട്ടിരിക്കുന്നു.പ്രാചീനമായ വാദ്യോപകരണങ്ങൾ
കൊണ്ട് പെരുമാറുന്ന മനുഷ്യർ.
അവർക്കിടയിലേക്ക് നൃത്തം
ചെയ്തുകൊണ്ട് ബാലുവും യുവതിയും പ്രവേശിക്കുന്നു.ബാലുവിന്റെ പുരുഷത്ത്വത്തെയും യുവതിയുടെ
സ്ത്രീത്ത്വത്തെയും ഭംഗിയായി പ്രകടിപ്പിക്കുന്ന
നൃത്തസംവിധാനം വേണം.താളം മുറുകുന്നു.ഗാനം ചടുലമാകുന്നു.യുവതിയും ബാലനും ആനന്ദനിർവൃതിയിൽ.
കോമാളി ഒരു വെളിച്ചപ്പാടിനെപ്പോലെ
പ്രത്യക്ഷപ്പെടുന്നു.വാളുകൊണ്ട് അയാൾ ശിരസ്സിൽ ആഞ്ഞാഞ്ഞ് വെട്ടുന്നു.ശിരസ്സിൽ നിന്ന് രക്തം ഒഴുകുന്നു.അയാൾ
കുഴഞ്ഞു വീഴുന്നു.
അപ്പോഴും ബാലുവും യുവതിയും
നൃത്തത്തിന്റെ ലഹരിയിൽ.
കർട്ടൻ
.............ശുഭം..........