Sunday, November 17, 2013

സ്ഥലത്തിൽ എഴുതപ്പെട്ട കവിത


മനുഷ്യജീവിതത്തെ ചരിത്രവുമായി ചേർത്തുവയ്ക്കുന്നത് ഓരോ സമൂഹവും  ലോകത്തോട് എങ്ങനെ സംവദിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ്.ഒരു ജനസമൂഹത്തിൽ ചിലർ മാത്രം പിൽക്കാലത്ത് ഓർമ്മിക്കപ്പെടുന്നത് അവർ ജീവിച്ച കാലത്തിന്റെയും ആ കാലത്തോട് അവർ പ്രതികരിച്ചതിന്റെയും സവിശേഷതകൊണ്ടാണ്.അവർ ചരിത്രത്തിന്റെ ഭാഗമായി മാറുന്നു.അത്തരം മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാനുള്ള ശ്രമം ചരിത്രത്തോടുള്ള ആഭിമുഖ്യം വെളിവാക്കുക എന്നതിനേക്കാൾ മാനവികതയുടെ പക്ഷത്തു നിൽക്കാനുള്ള അതികഠിനമായ ഇച്ഛയെ പ്രഖ്യാപിക്കൽ കൂടിയാണ്. മലയാള നാടകത്തിന്റെ ചരിത്രത്തിൽ വലിയ ദിശാവ്യതിയാനത്തിന് ആരംഭം കുറിച്ച അപൂർവം ചില വ്യക്തികളിൽ ഒരാളായ ശ്രീ.വയലാ വാസുദേവൻപിള്ളസാറിനെ അനുസ്മരിക്കുന്ന ഈ ചടങ്ങിൽ സംസാരിക്കാൻ തുടങ്ങുമ്പോൾ ഇതിന്റെ സംഘാടകരായ തൃശൂർ രംഗചേതനയെ അഭിനന്ദിക്കാതിരിക്കാനാവില്ല.
 നാടകത്തെ സംബന്ധിക്കുന്ന നമ്മുടെ ചിന്തകളെല്ലാം ആരംഭിക്കുന്നത് കവിതയിൽ നിന്നാണ്.ഭാരതീയ സൗന്ദര്യശാസ്ത്രം നാടകത്തെ കവിതയുടെ ഭാഗമായാണ് കണ്ടത്.നാടകത്തെ ദൃശ്യകാവ്യമെന്ന് വിളിച്ചപ്പോൾ ഈ നിലപാട് ഉറപ്പിക്കുകയായിരുന്നു.’നാടകാന്തം കവിത്വം’ എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ.കവിതയുടെ ഏറ്റവും സംശുദ്ധമായ ആവിഷ്കാരമാണ് നാടകം എന്ന ധ്വനിയാണ് ആ ചൊല്ലിലുള്ളത്.അരക്കവിക്കും മുക്കാൽകവിക്കും നാടകമെഴുതാനാവില്ല എന്ന് ചുരുക്കം.ദൃശ്യപഥത്തിൽ അവതീർണ്ണമാകുന്ന കവിതതന്നെയാണ് നാടകം.അതിന്റെ രീതിശാസ്ത്രം ശ്രാവ്യകവിതയിൽ നിന്ന് വ്യത്യസ്തമാണ്.’കാവേഷു നാടകം രമ്യം’ എന്ന പ്രസ്താവനയിൽ നാടകത്തിന്റെ വ്യത്യസ്തതയും പ്രാധാന്യവും കുടികൊള്ളുന്നുണ്ട്.നാടകം കവിതയാണെങ്കിലും അതിന് വിശേഷ്പ്പെട്ട ആഖ്യാനരീതിയുണ്ടെന്നും ഇതര കാവ്യരൂപങ്ങളെക്കാൾ അത് ആസ്വാദ്യമാണെന്നും ആ ചൊല്ലിന് അർത്ഥമുണ്ട്.നാടകകാരനിൽ പരിപക്വനായ ഒരു കവി കുടിയിരിക്കുന്നുണ്ട്.എന്നാൽ എല്ലാ കവികളിലും നാടകകാരൻ ഉണ്ടായിക്കൊള്ളണമെന്നില്ല.കവിതയിലെ നാടകീയതയെക്കുറിച്ച് ഏതാണ്ട് വിസ്തരിച്ചുതന്നെ ജോസഫ് മുണ്ടശ്ശേരി എഴുതിയിട്ടുണ്ടല്ലോ.എന്നാൽ നാടകത്തിലെ കാവ്യാത്മകതയെക്കുറിച്ച് നമ്മൾ വേണ്ടത്ര ജാഗ്രതയുള്ളവരായില്ല.നാടകത്തെ കവിതയായിത്തന്നെ നമ്മൾ പരിഗണിച്ചെങ്കിലും മറ്റുകാവ്യങ്ങളിൽ നിന്ന് അത് എങ്ങനെ വേറിട്ടു നിന്നു എന്ന് മനസ്സിലാക്കിയില്ല.നമ്മുടെ നാടകത്തിന് വന്നുചേർന്നിട്ടുള്ള വലിയ അപകടങ്ങളിലൊന്ന് ഈ തിരിച്ചറിവില്ലായ്മയാണ് എന്ന കാര്യത്തിൽ സംശയമില്ല.ഭാരതീയ നാടകത്തിന്റെ മഹത്തായ പാരമ്പര്യം പിന്തുടർന്ന മലയാളനാടകം ഇടയ്ക്കുവച്ച് ഈ സത്യം മറന്നുപോയി.നാടകത്തിന്റെ ദൃശ്യപരതയ്ക്ക് പ്രാധാന്യമേറുകയും നാടകപാഠം ദൃശ്യപാഠത്തിനുള്ള കേവലമായ ഉല്പന്നമായി തീരുകയും ചെയ്തപ്പോൾ ഫലത്തിൽ നാടകത്തിന്റെ മർമ്മത്തിൽ നിന്ന് അകലുകയായിരുന്നു.നാടകത്തെക്കുറിച്ചുള്ള ഈ തലതിരിഞ്ഞ സങ്കൽപ്പമാണ് മികച്ച നാടകങ്ങൾ പോലും അവഗണനയ്ക്ക് വിധേയമായി നിരവധികാലം രംഗപ്രയോഗം നേടാതെ കിടന്നതിന് കാരണം.പുളിമാനയുടെ ‘സമത്വവാദി’യും സി.ജെ.തോമസിന്റെയും എൻ.കൃഷ്ണപിള്ളയുടെയും നാടകങ്ങളും രംഗപ്രയോഗം നേടാതിരുന്നതിനും വികലമായി രംഗത്ത് പ്രത്യക്ഷപ്പെട്ടതിനും കാരണം നമ്മുടെ ദരിദ്രമായ നാടകസങ്കൽപ്പമായിരുന്നു.നാടക്കളരി പ്രസ്ഥാനത്തോടെയാണ് മലയാള നാടകം തിരിച്ചറിവിന്റെ പാതയിലെത്തുന്നത്.ലോകസാഹിത്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നാടകപ്രവണതകൾ തിരിച്ചറിയാൻ കഴിഞ്ഞു എന്നതു മാത്രമല്ല,നമ്മുടെ നാടകത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് പുനരാലോചിക്കാനും നാടകക്കളരി സഹായിച്ചു.മലയാളത്തിലെ ആധുനിക നാടകങ്ങളുടെ പിറവി ഈ സാഹചര്യത്തിലാണെന്ന് ഓർക്കാവുന്നതാണ്.
നാടകം സ്ഥലത്തിൽ എഴുതുന്ന കവിതയാണെന്ന് (Poetry in Space) അന്റോയിൻ അർത്താഡ് രേഖപ്പെടുത്തുമ്പോൾ നാടകത്തിന്റെ മുൻപ് പറഞ്ഞ മർമ്മത്തെയാണ് അദ്ദേഹം സ്പർശിക്കുന്നത്.കവിതയെ അർത്ഥപൂർണ്ണമാക്കുന്നത് അതിൽ അന്തർഹിതമായിരിക്കുന്ന ധ്വനിയാണ്.ധ്വനനശക്തിയുള്ള വാക്കുകൾകൊണ്ട് കവി നിർമ്മിക്കുന്ന ശില്പനിർമ്മിതിയാണ് കവിത.അതുകൊണ്ടുതന്നെ കവിതയിലെ വാക്കുകൾ ബിംബസ്വഭാവമുള്ളതയി തീരുന്നു.ഉപരിപ്ലവമായ ആശയങ്ങൾ നിർജ്ജീവമായ വാക്കുകളുടെ കഴുത്തിൽ കെട്ടിത്തൂക്കുന്ന കവി(?) കവിതയ്ക്ക് എതിരെ പ്രവർത്തിക്കുന്ന ശക്തിയാണ്.ദൃശ്യത്തിനു വേണ്ടി എഴുതപ്പെടുന്ന കവിത കുറേക്കൂടി ജാഗ്രത ആവശ്യമായ പ്രവർത്തനമാണ്.ധ്വനിപ്രധാനമായ ഒരു പാഠത്തെ ഉചിതമായ രംഗശില്പത്തിൽ അവരോധിക്കുന്ന പ്രവർത്തനമാണ് നാടകകാരന് ചെയ്യാനുള്ളത്.നാടകപാഠത്തിൽ അന്തർഹിതമായിരിക്കുന്ന ധ്വനിതലത്തെ രംഗത്ത് അവതരിപ്പിക്കുന്ന സംവിധായകൻ തികഞ്ഞ സഹൃദയനായിരുന്നേ മതിയാവൂ.അതു മാത്രം പോരാ എന്നത് മറ്റൊരു കാര്യം.മലയാള നാടകത്തെ നമ്മുടെ തനത് പാരമ്പര്യത്തിലേക്കും നൂതനമായ പ്രവണതകളിലേക്കും നയിക്കുന്നതിൽ ശ്രദ്ധേയമായ സംഭാവന നൽകിയ നാടകകാരനായിരുന്നു ഡോ. വയലാ വാസുദേവൻ പിള്ള.അദ്ദേഹത്തിന്റെ ‘ഒരു പക്ഷിക്കുഞ്ഞിന്റെ മരണം’ എന്ന നാടകത്തിന്റെ ധ്വന്യർത്ഥത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളാണ് എനിക്കിവിടെ പറയാനുള്ളത്.
ഒരു പക്ഷിക്കുഞ്ഞിന്റെ മരണത്തെക്കുറിച്ചാണ് ഈ നാടകം പറയുന്നത്.ഒരു പക്ഷിശാസ്ത്രക്കാരൻ,കുറേ കിളികൾ,പാടത്തിനുടമ എന്നിവരാണ് നാടകത്തിലെ കഥാപാത്രങ്ങൾ.വഴിവക്കിലെ ഒരരയാൽ ചുവട്ടിലാണ് നാടകം അരങ്ങേറുന്നത്.അന്ധനായ പക്ഷിശാസ്ത്രക്കാരൻ പ്രവേശിക്കുമ്പോൾ കിളികൾ അദ്ദേഹത്തിന് ചുറ്റും കൂടുന്നു.എല്ലാവരും ദു:ഖിതരാണ്.അവരുടെ ദു:ഖത്തിന് രണ്ട് കാരണങ്ങളുണ്ട്.ഒന്ന്,അവരുടെ കൂട്ടത്തിൽ നിന്ന് ഒരുവൻ തെറ്റിപ്പിരിഞ്ഞ്പോ യിരിക്കുന്നു.അവൻ ഇതുവരെയും തിരിച്ച് വന്നിട്ടില്ല.രണ്ടാമത്തെ  കാരണം,അസഹ്യമായ വിശപ്പാണ്.കുന്നിൻപുറത്ത് വിളഞ്ഞുകിടക്കുന്ന കതിര് കൊത്തിത്തിന്ന് വിശപ്പടക്കാൻ പക്ഷിശാസ്ത്രക്കാരൻ കിളികളോട് പറയുന്നു.അതുകേട്ട് കിളികൾ പോകുന്നു.ഈ സമയത്ത് കിളികൾ കതിർ കൊത്തിത്തിന്നുന്ന പാടത്തിന്റെ ഉടമ വരുന്നു. പക്ഷിശാസ്ത്രക്കാരനാണ് തന്റെ കൃഷിയിടം നശിപ്പിക്കാൻ കിളികളെ പ്രേരിപ്പിച്ചതെന്ന കുറ്റത്തിന് പാടത്തിനുടമ പക്ഷിശാസ്ത്രക്കാരനെ അമ്പെയ്തു വീഴ്ത്തുന്നു.കിളികൾ മടങ്ങിവരുമ്പോൾ തങ്ങളുടെ രക്ഷകന്റെ ദയനീയാവസ്ഥ മനസ്സിലാക്കി ദു:ഖിക്കുന്നു.ഈ സമയത്ത് പാടത്തിനുടമ പശ്ചാത്താപത്തോടെ മടങ്ങിവരുന്നു.കൂട്ടംതെറ്റിപ്പോയ കിളിയാണ് പാടത്തിനുടമയായി മാറിയത് എന്ന് നാടകാന്ത്യത്തിൽ നമുക്ക് മനസ്സിലാകുന്നു.ചിറകുകൾ അറുത്തെറിഞ്ഞ് പോയ അവന് ഇപ്പോൾ ചിറകുകൾ തിരിച്ചുകിട്ടാൻ അതിയായ മോഹമുണ്ട്.കൂട്ടുകാരായപക്ഷികൾ അവന്റെ തിരിച്ചുവരവിൽ സന്തോഷിക്കുന്നുണ്ട്.അവന് ചിറകുകൾ തിരിച്ചു കിട്ടുമോ? ഈ സന്ദിഗ്ദ്ധതയിൽ നാടകം അവസാനിപ്പിക്കുകയാണ്.
ഭൂമിയും അതിലെ വിഭവങ്ങളും ആർക്ക് അവകാശപ്പെട്ടതാണ് എന്ന ഗൗരവതരമായ ചോദ്യത്തിനുള്ള ഉത്തരം തേടലാണ് ഈ നാടകം.ലോകത്തെവിടെയും മനുഷ്യ വികാസത്തിന്റെ ചരിത്രം അധ്വാനവുമായി ബന്ധപ്പെട്ടാണ് രൂപപ്പെട്ടത്.കാൾ മാർക്സ് അടിവരയിട്ടുറപ്പിക്കുന്ന വർഗ്ഗാധിഷ്ഠിത പ്രത്യയശാസ്ത്രത്തിന്റെ കാതൽ ഇതാണല്ലോ.അധ്വാനവർഗ്ഗം ചോര വിയർപ്പാക്കി ഭൂമിയിൽ വിളയിച്ചെടുത്ത വിഭവങ്ങൾ ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ ഒരു ന്യൂനപക്ഷം കൈപ്പിടിയിലൊതുക്കി.അടിമ –ഉടമ എന്ന ദ്വന്ദം അങ്ങനെ രൂപപ്പെട്ടു.അടിമയുടെ മോചനവും അവകാശത്തിനായുള്ള അവന്റെ പോരാട്ടവുമാണ് ലോകചരിത്രം.ചൂഷണത്തിന്റെയും കൊടുംവഞ്ചനയുടെയും ക്രൂരമായ അടിമത്തത്തിന്റെയും നുകത്തിൻ കീഴിലമർന്ന ജനതയ്ക്ക് ഒരേയൊരു മോചനമാർഗ്ഗം വിപ്ലവമാണ്.നിലനിൽക്കുന്ന വ്യവസ്ഥിതിയെ മാറ്റിമറിക്കാനുള്ള ഇച്ഛാശക്തി വിപ്ലവകാരിക്ക് മാത്രമാണുള്ളത്.അതേസമയം വിപ്ലവകാരിക്ക് ജീവിച്ച് തീർക്കാനുള്ളത് ബലിയാടിന്റെ ജീവിതമാണ്.ലോകത്തിന്റെ നന്മയ്ക്കായി അയാൾ തന്റെ ജീവിതം തന്നെ ബലിനൽകുന്നു.ചരിത്രം നമുക്ക് പറഞ്ഞുതരുന്ന വസ്തുതകളാണിവ.ഈ ആശയധാരയെ പിൻപറ്റുന്ന പ്രമേയഘടനയാണ് ‘ഒരു പക്ഷിക്കുഞ്ഞിന്റെ മരണം’ എന്ന നാടകത്തിനുള്ളത്.ഈ നാടകത്തിലെ പക്ഷിശാസ്ത്രകാരൻ വിപ്ലവകാരിയുടെ ജീവിതം തെരഞ്ഞെടുത്ത ആളാണ്.വിപ്ലവകാരിക്ക് ഒരു മുഖം മാത്രമല്ല ഉള്ളത്.ഗുരുവും പുരോഹിതനും സമുദായ പ്രവർത്തകനും ഏറ്റെടുക്കുന്ന ധർമ്മം വിപ്ലവകാരിയുടേത് തന്നെ.തിന്മയ്ക്കെതിരെ നടക്കുന്ന പോരാട്ടമാണ് അത്.നാടകാരംഭത്തിലെ രംഗസൂചന മുതൽ  ഈ ആശയം സൂചിപ്പിക്കപ്പെടുന്നു.
നന്മയും തിന്മയും തമ്മിൽ നടക്കുന്ന സംഘർഷം,ലോകചരിത്രത്തിൽ ഇന്നോളം നടന്നുകൊണ്ടിരിക്കുന്ന പോരാട്ടം-അതാണ് ഈ നാടകത്തിന്റെ സംഘർഷാത്മകതയെ നിർണ്ണയിക്കുന്നത്.നാടകാരംഭത്തിലെ രംഗസൂചന ഇതിന്റെ ആദ്യത്തെ സൂചകമാണ്.’വലിയ കറുത്തത് ചെറിയ വെളുത്തതിനെ കൊത്തിക്കീറുന്നതുപോലുള്ള മേഘപാളികൾ അകലെ കാണാം’ എന്ന രംഗസൂചനയോടുകൂടിയാണ് നാടകം ആരംഭിക്കുന്നത്.ഈ രംഗസൂചന നാടകത്തിന്റെ ആശയതലത്തെ ആകെ ചൂഴ്ന്നുനിൽക്കുന്ന ഒന്നാണ്.തിന്മയുടെ ഭീമാകാരവും നന്മയുടെ ദുർബലതയും  അതിലുണ്ട്.അതേസമയം നന്മ പൂർണ്ണമായും അസ്തമിച്ചു എന്ന നിരാശയ്ക്കും ഇടയില്ല.പശ്ചാത്തലത്തിലെ വെട്ടിത്തെളിക്കപ്പെട്ട വനവും മിക്കവാറും കൊമ്പുകൾ വെട്ടിവീഴ്ത്തപ്പെട്ട അരയാൽ വൃക്ഷവും ഈ ആശയത്തോട് ചേർന്നുനിൽക്കുന്നു.അവിടെനിന്ന് അതിനെ വികസിപ്പിച്ച് പരിസ്ഥിതി ദർശനത്തിലേക്ക് നാടകത്തിന്റെ ആശയതലം വികസിപ്പിക്കാനും കഴിയുന്നു.മരക്കൊമ്പിലെ വെളുത്ത പക്ഷികൾ നന്മയുടെ അവശേഷിപ്പുകളാണ്.അവർ നിഷ്കളങ്കരായ ജനതയെയാണ് പ്രതിനിധാനം ചെയ്യുന്നത്. പക്ഷിശാസ്ത്രക്കാരൻ അവർക്ക് ഗുരുവാണ്.അനുഭവങ്ങൾ പഠിപ്പിച്ച പാഠമാണ് പക്ഷിശാസ്ത്രക്കാരനെ ഗുരുസ്ഥാനത്തേക്ക് ഉയർത്തുന്നത്.ലോകത്ത് തിന്മകൾ പെരുകുംതോറും ഗുരുവിന്റെ ഉത്തരവാദിത്വവും വർദ്ധിക്കുന്നു.തിന്മയുടെ കൂരിരുൾ പരന്ന ലോകത്ത് അയാൾ അന്ധനാണ്.’അന്ധത ഏറിവരും തോറും അകത്ത് പ്രകാശം’ എന്ന പക്ഷിശാസ്ത്രക്കാരന്റെ വാക്കുകൾ ധ്വന്യാത്മകമാണ്.പലതരം ഇരുട്ടുകൾ നമ്മെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.നാടകത്തിന് രംഗപാഠം തയ്യാറാക്കുന്ന സംവിധായകന് ഈ വാക്യത്തിൽനിന്ന് പലതും നിർദ്ധാരണം ചെയ്തെടുക്കാനുണ്ട്.ഉള്ളിൽ കാടുകയറി ഇരുണ്ടുപോയ മനസ്സുകളാണ് കാടിനെയും പരിസ്ഥിതിയെയും ഇല്ലാതാക്കുന്നത്.അതേ ഇരുട്ടുതന്നെയാണ് മനുഷ്യനെ അടിമയാക്കുന്നതും സഹജീവികൾക്ക് നരകം സമ്മാനിക്കുന്നതും.ഈ നാടകത്തിലെ പാടത്തിനുടമ എന്ന കഥാപാത്രം ആ തിന്മയുടെ പ്രതീകമാണ്.വെളുത്ത പക്ഷികളിൽ ഒരുവനായിരുന്നു അവൻ.എന്നാൽ പിന്നീടവൻ കൂട്ടം തെറ്റിപ്പോയി.അവൻ തന്റെ ചിറകുകൾ അറുത്തുകളഞ്ഞു.അവൻ പാടത്തിനുടമയായി.പക്ഷികളുടെ ചിറകുകൾക്ക് സവിശേഷമായൊരർത്ഥം അങ്ങനെ നാടകത്തിൽ വന്നുചേരുന്നു.ചിറകുകൾ പ്രാധമികാർത്ഥത്തിൽ സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്നുണ്ട്.എന്നാൽ ഇവിടെ അതിന് അർത്ഥവ്യാപ്തി കൂടുന്നു.ആ ചിറകുകൾ അറിവിന്റെ ചിറകുകൾ കൂടിയാണ്.അത് ഒരു സംസ്കാരത്തെ പ്രത്യക്ഷീകരിക്കുന്നു.സ്വാതന്ത്ര്യം എന്ന വാക്കിനകത്തുതന്നെ ഇതെല്ലാമുണ്ട്.തന്റെയും മറ്റുള്ളവരുടെതുമാണ് സ്വാതന്ത്ര്യം എന്ന ബോധം അത് തരുന്നുണ്ട്.പ്രകൃതിസ്നേഹവും സഹജീവിസ്നേഹവും ഉൾപ്പെടെ മാനവികതയുടെ മുഴുവൻ പ്രതിനിധാനമായി ചിറകുകൾ മാറുന്നിടത്താണ് ഈ നാടകത്തിന്റെ ധ്വനിപാഠം കുടികൊള്ളുന്നത്.
മനുഷ്യന്റെ അടിസ്ഥാന വികാരം /സ്ഥായിയായ ചോദന വിശപ്പാണ്.വിശപ്പിന് പരിഹാരം തേടിയാണ് അവൻ കൃഷി ഉൾപ്പെടെയുള്ള അദ്ധ്വാനത്തിൽ ഏർപ്പെടുന്നത്..മനുഷ്യവികാസത്തിന്റെ ചരിത്രം അതാണ് വ്യക്തമാക്കുന്നത്. എന്നാൽ ഈ ചരിത്രസന്ധിയിൽ ഒരുവിഭാഗം അധീശശക്തികളായി മാറുകയും അവർ മറ്റുള്ളവരെ അടിമകളാക്കുകയും ചെയ്തു.മണ്ണിൽ പണിയെടുത്ത അവർ വാരിക്കൂട്ടാൻ മറന്നു.ഒടുവിൽ അവർക്ക് വിതയ്ക്കാൻ മണ്ണില്ലാതെയുമായി.പക്ഷിശാസ്ത്രക്കാരൻ പക്ഷികൾക്ക് ഇക്കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നുണ്ട്.ചരിത്രത്തെ വ്യാഖ്യാനിച്ചു കൊടുക്കേണ്ടത് ശാസ്ത്രകാരന്റെ ദൗത്യമാണല്ലോ?ആ ദുഷ്ടശക്തികൾ ഇന്നും ശകതരാണ്.അവരുടെ അത്താഴത്തിന് രുചി കൂട്ടുവാൻ,വിരുന്നിന് വിഭവം കൂട്ടി സൽക്കീർത്തി നേടുവാൻ അവർ ഇന്നും പരിശ്രമിക്കുന്നു. പാവങ്ങളെത്തന്നെ ലക്ഷ്യംവയ്ക്കുന്നു.പക്ഷികൾക്ക് ഭാവിയുടെ ഫലം പറഞ്ഞുകൊടുത്ത് അവരെ പ്രചോദിപ്പിക്കുന്ന പക്ഷിശാസ്ത്രക്കാരൻ യഥാർത്ഥ വിപ്ലവകാരിതന്നെ.അത് തിരിച്ചറിയുന്നതുകൊണ്ടാണ് പാടത്തിനുടമ അദ്ദേഹത്തെ അമ്പെയ്ത് വീഴ്ത്തുന്നത്.കാട്ടിടയന്റെ അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്ന ഉടമയെ പക്ഷിശാസ്ത്രക്കാരൻ വിചാരണചെയ്യുന്ന സന്ദർഭം നാടകത്തിലുണ്ട്.ഈ വിയർപ്പ് ആരുടേതാണ്?ആ കാനനസൂനങ്ങൾ ആരുടേതാണ്?ആ പാട്ടിന്നുറവിടം ആരുടേതാണ്? എന്നീ ചോദ്യങ്ങൾ പ്രകടമായൊരു വർഗ്ഗപ്രത്യയശാസ്ത്രത്തിൽ നിന്നും ഉയിരെടുത്ത് വരുന്നതാണ്.അടിമത്തത്തിൽ നിന്ന് മോചനം നേടിയ പോരാളിയാണ് താനെന്ന് പക്ഷിശാസ്ത്രക്കാരൻ വെളിപ്പെടുത്തുമ്പോൾ ഉടമ ഒന്നു പതറുന്നുണ്ട്.
“കാറ്റിനോട് ഞങ്ങൾ സംസാരിച്ചു.കാറ്റിനെ കെട്ടിപ്പുണർന്നു.തിളങ്ങുന്ന ധ്രുവനക്ഷത്രത്തെ തഴുകിവന്ന കൊടുങ്കാറ്റ്.ഞാനതിന്റെ തോളിൽ കയ്യിട്ട് മുന്നോട്ട് കുതിച്ചു.തടവറകളുടെ ഭിത്തികൾ തകർന്നു....ഞാൻ പറന്നുയർന്നു”
പക്ഷിശാസ്ത്രക്കാരന്റെ ഈ വാക്കുകൾ ചരിത്രം മാറുന്നതിന്റെ പശ്ചാത്തലം വ്യക്തമാക്കുന്നു. അതുകൊണ്ടാണ് പ്രലോഭനങ്ങൾ വച്ചുനീട്ടി വീണ്ടും അദ്ദേഹത്തെ തടവറയിലെത്തിക്കാൻ ഉടമ ശ്രമിക്കുന്നത്.അധികാരശക്തിയുടെ പുതിയ തന്ത്രമാണത്.അതിനും വഴങ്ങാതെ വരുമ്പോൾ അയാൾ ആയുധം പ്രയോഗിക്കുന്നു.പക്ഷിശാസ്ത്രക്കാരന്റെ മരണം ചരിത്രത്തിൽ ആവർത്തിക്കുന്ന രക്തസാക്ഷിത്വമായി മാറുന്നു.
“ഇവിടെ ഒറ്റക്കക്ഷിയല്ലേയുള്ളൂ.കൗരവർ....മറ്റുള്ളവർ എന്നും വനത്തിൽത്തന്നെയല്ലേ” എന്ന കിളികളുടെ ചോദ്യം തിന്മയുടെ ആധിപത്യം ഉറപ്പിക്കുന്നു.നമ്മുടെ ശത്രു നമുക്കിടയിൽത്തന്നെ എന്ന സന്ദേശമാണ് ഉടമയിലൂടെ നാടകകൃത്ത് നൽകുന്നത്.ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദുരന്തവും അതാണല്ലോ!നാടകാന്ത്യത്തിൽ പൂക്കളും പക്ഷിത്തൂവലുകളും ചുവക്കുന്നത് ചിത്രീകരിച്ചുകൊണ്ട് നാം എത്തിച്ചേർന്ന വലിയ ദുരന്തത്തിന്റെ ചിത്രമാണ് നാടകകൃത്ത് കാട്ടിത്തരുന്നത്.ഗുരുവിനെ കുരുതികൊടുക്കുന്ന ശിഷ്യൻ എന്ന പരമ്പരാഗത മിത്തിലൂടെ (തന്നെത്തന്നെ മരണത്തിന് വിട്ടുകൊടുക്കുന്ന പക്ഷിക്കുഞ്ഞിലൂടെ) ദുരന്തങ്ങൾ സ്വയംവരിക്കുന്ന തലമുറയെ കാട്ടിത്തരുന്നു.കൃസ്തുവും കൃഷ്ണനും ഭീഷ്മരും ധ്രുവനക്ഷത്രവും കതിർ വിളഞ്ഞപാടവും കാടും തടവറയും പ്രതീകങ്ങളാക്കി ഇതിവൃത്തശില്പം മെനഞ്ഞെടുത്തിട്ടുള്ള ഈ നാടകം നമ്മുടെ പാരമ്പര്യത്തെ ആദരിക്കുന്ന സൃഷ്ടിയാണ്.അങ്ങനെ സ്ഥലത്തിൽ എഴുതപ്പെട്ട മനോഹരകാവ്യശിലപമായി ഈ നാടകം നമുക്ക് അനുഭവവേദ്യമാകുന്നു.മാനവികത നഷ്ടമാകുന്ന സമൂഹത്തിൽ മനുഷ്യനെപ്പോലെ മുറിവേറ്റുകിടക്കുന്ന പ്രകൃതിയെയും നമുക്ക് കാണാം.ആ അർത്ഥത്തി ‘ഒരു പക്ഷിക്കുഞ്ഞിന്റെ മരണം’മഹത്തായൊരു പരിസ്ഥിതി ദർശനം മുന്നോട്ടുവയ്ക്കുന്ന നാടകമാണെന്നും പറയാം.

ഉഭയം

നാടകം


(ഉള്ളിൽ ഒരു ഗർഭപാത്രവുമായി ജീവിക്കുന്ന,പകുതിയും സ്ത്രീയായി മാറിക്കഴിഞ്ഞ രാജു എന്ന ആദിവാസി യുവാവിന്റെ ജീവിതത്തിൽ നിന്നാണ് ഈ നാടകത്തിന്റെ ആശയതന്തു രൂപപ്പെടുത്തിയിട്ടുള്ളത്.രാജുവിന്റെ ജീവിതകഥ ആദ്യന്തം പിന്തുടരുക ഈ നാടകത്തിന്റെ ലക്ഷ്യമല്ല.രാജുവിന്റെ ജീവിതം/സ്വത്ത്വം ആന്തരികമായി നേരിടുന്ന സംഘർഷമാണ് നാടകത്തിനാധാരം.നാടകത്തിന്റെ ഘടനയും അവതരണരീതിയും അതിനനുസൃതമായിരിക്കണം എന്നു മാത്രം സൂചിപ്പിക്കട്ടെ.വിമതലൈഗികതയെ അംഗീകരിക്കാൻ മടിക്കുന്ന നാട്ടിൽ രാജുവിന്റെ മനുഷ്യജന്മത്തിന് നാം എന്തു വിലയിടും?)
രംഗം-1
രംഗം തെളിയുമ്പോൾ  തെരുവ്.തെരുവിൽ ജീവിക്കുന്ന ഒരു സംഘം. ചെറു കലാപരിപാടികളും കായികവിനോദങ്ങളും പ്രകടിപ്പിച്ച് ജീവിതം പോറ്റുന്നവർ.
പഴയ തുണികളും മറ്റും കൊണ്ട് നിർമ്മിച്ച ചെറു കൂടാരങ്ങൾ.വേദിയുടെ മുന്നിൽ ഉയർന്ന ഒരു തലം.
ഒരു കലാപ്രകടനത്തിനുള്ള ഒരുക്കങ്ങൾ.കോമാളിയെപ്പോലെ ഒരു കഥാപാത്രം രംഗവേദിയിലേക്ക് വരുന്നു.അയാളുടെ അംഗചലനങ്ങളിൽ കൃത്ത്രിമത്ത്വം.അയാൾ സദസ്സിനെ അഭിമുഖീകരിച്ച്:)

കോമാളി: പ്രിയപ്പെട്ട നാട്ടുകാരേ,കലാസ്നേഹികളേ,മഹത്തും മഹനീയവും മാനനീയവുമായ ഈ സദസ്സിനു മുൻപാകെ ഒരു കലാപ്രകടനം നടത്താൻ ഞങ്ങൾക്ക് അവസരമൊരുക്കിത്തന്ന ഈ നാട്ടിലെ നല്ലവരായ ഏവരെയും ഞങ്ങൾ സർവാത്മനാ നമസ്കരിക്കുന്നു.
ഒരാൾ: ങാ,സുഖിപ്പിച്ചത് മതി.ഇനി പണി തൊടങ്ങ്. അല്ലെങ്കി തന്നെഞങ്ങള് കരിക്കും.
(കോമാളി ചമ്മുന്നു.)
കോമാളി: ധൃതിപിടിക്കരുത്.പയ്യെത്തിന്നാൽ ...ചില്ലിച്ചിക്കനും തിന്നാം എന്നല്ലേ പുതുമൊഴി
മറ്റൊരാൾ: ഇയ്യാള് തൊഴി വാങ്ങിച്ചേ അടങ്ങൂ എന്നാ തോന്നുന്നെ.
കോമാളി:ചേട്ടന്മാരേ,അനിയന്മാരേ,അവിവേകം അരുത്!(സ്വകാര്യമായി)ഇവന്മാരുടെ സോക്കേടെന്താന്ന് എനിക്കറിയാം
(അകത്തേക്ക് നോക്കി) എടീ ജൂലിയേ,നീ ഒന്നിങ്ങോട്ടെറങ്ങിയേ.
(ഒരു യുവതി കടന്നു വരുന്നു..മുടി അഴിഞ്ഞുലഞ്ഞ മട്ടിലാണ് .അത് ചീകിക്കെട്ടിക്കൊണ്ടാണ് വരവ്.)
യുവതി: അണ്ണാ എന്റെ ബണ്ണ് കണ്ടോ?
കോമാളി: അത് ഞാനെന്നും കാണുന്നതല്ലിയോടീ.ഇപ്പം എന്താ ഇത്ര പുതുമ.
യുവതി: (നാണത്തോടെ) പോ അണ്ണ പുളുപറയാതെ.
കോമാളി:എടീ പെണ്ണേ ,ഈ ഇരിക്കുന്ന മാന്യന്മാരൊക്കെ എന്തിനാ വന്നതെന്നാ നിന്റെ വിചാരം?
യുവതി: കലാസ്വാദകരല്ലേ അവർ?അവർ കല കണ്ട് ആസ്വദിക്കാൻ വന്നതല്ലിയോ?
കോമാളി: കലയോ, അതോ നിന്റെ ...ങാ ഞാനൊന്നും പറയുന്നില്ല.കളിതൊടങ്ങുന്നെങ്കി തൊടങ്ങ്.ഇവര് സ്വൈര്യം തരുന്നില്ലെന്നേ!
യുവതി: ചേട്ടന്മാരേ,ഇപ്പത്തൊടങ്ങും.ഞാൻ ദാ വരുന്നു.(അകത്തേക്ക് പോകുന്നു)
കോമാളി: അവള് ഒരുങ്ങാൻ പോയതാ, (യാചനാ ഭാവത്തിൽ )ഇപ്പം തൊടങ്ങും.
ഒരാൾ: ഇവിടെന്താ കർട്ടനൊന്നുമില്ലേ?
കോമാളി:  ( ആ ചോദ്യം തീരെ രസിക്കാതെ ) എന്തോ...?തുണിപൊക്കിക്കാണിച്ചാലേ കൊച്ചാട്ടന് തൃപ്തി വരത്തോള്ളോ?
വേറൊരാൾ: പണ്ടാരം എങ്ങനെങ്കിലും തൊടങ്ങ്.
കോമാളി: അപ്പറഞ്ഞത് ഞായം.ഇത് പാവങ്ങടെ കളിയാ.കർട്ടനും കെട്ടിക്കേറ്റും കാണത്തില്ല.പരിണാമഗുസ്ത്തീം ഒണ്ടാവത്തില്ല.
ഒരാൾ:ഇയ്യാളെ ആരെങ്കിലും ഒന്നു പിടിച്ച് പൊറത്ത് കളയുവോ.
കോമാളി: അയ്യന്റമ്മാ വേണ്ടാ...ഞാനിതാ പോകുന്നു
(സൂത്രധാരനെപ്പോലെ സദസ്സിനെ തൊഴുത് പിൻ വാങ്ങുന്നു)

(ലൈറ്റുകൾ തെളിയുന്നു.ഒരു റിക്കാർഡ് ഡാൻസിനുള്ള ഒരുക്കം.ഒരു യുവാവും യുവതിയും രംഗത്തുവരുന്നു.”എന്റെ മനസ്സിലൊരു നാണം’ എന്നു തുടങ്ങുന്ന  ഗാനം കേൾക്കാകുന്നു.ഗാനത്തിനൊത്ത് അവർ ആടുന്നു.ഗാനത്തിനൊടുവിൽ യുവാവ് കുഴഞ്ഞു വീഴുന്നു.ലൈറ്റ് ഓഫ്.
(ഇരുട്ടിൽ ചില ശബ്ദങ്ങൾ)
അയ്യോ എന്തുപറ്റി...ഒന്നും കഴിച്ച് കാണത്തില്ല....കൊറച്ച് വെള്ളം കൊടുക്ക്.....നിങ്ങളങ്ങോട്ട് മാറി നില്ലെന്ന്...പുതിയ ആളല്ലിയോ ശരിയാകും
(ലൈറ്റ് തെളിയുന്നു .രംഗത്ത് ആരുമില്ല .കോമാളി കടന്നു വരുന്നു)
കോമാളി: പ്രിയ കലാസ്നേഹികളേ,ഉണ്ടായ അസൗകര്യം പൊറുക്കണം.പുതിയ പയ്യനാ.എല്ലാം പടിച്ചു വരുന്നതേയൊള്ളു.അതുകൊണ്ടാ.അതിന്റെടേല് കറന്റും പോയി  (സദസ്സിലേക്ക് നോക്കി )ങേ....എല്ലാരും പോയോ?കഷ്ടം! (ഇന്ന് പട്ടിണിയാണെന്ന് സൂചിപ്പിക്കും വിധം വയർ തിരുമ്മിക്കൊണ്ട് പോകുന്നു. കർട്ടൻ

രംഗം-2
തിരശ്ശീല ഉയരുമ്പോൾ വേദി ഇരുളിൽ.ചില സംഭാഷണങ്ങളും നിഴലനക്കങ്ങളും മാത്രം.
ഒരു സ്ത്രീ: പണ്ടാരം കൊതുക്.ഹ! എന്താ കടിയാപ്പാ ഇത്.നാശ്ശം പിടിക്കാനെക്കൊണ്ട് (കൊതുകിനെ അടിക്കുന്ന ഒച്ച.ഒരു കുട്ടിയുടെ കരച്ചിൽ).അയ്യോ! ന്റെ പൊന്നിന് നൊന്തോ?പോട്ടെ.
പുരുഷൻ: ഇച്ചരക്കൂടെ ഒഴിക്കപ്പീ...നല്ല തലവലി.
മറ്റൊരാൾ: ഓ!പിന്നേ തലവലിക്ക് ഇതാ മരുന്ന്.
വേറൊരാൾ:നീയെന്താണ്ടടാ മുണ്ടാണ്ടിരിക്കുന്നേ?നെനക്ക് മേണോ?
യുവതി:വേണ്ടാത്ത പിരാന്തൊന്നും ആ ചെക്കനെ പടിപ്പിക്കണ്ടാ.
മറ്റൊരാൾ: നീ പോടീ
(ഒരു വൃദ്ധന്റെ നീണ്ട ഏമ്പക്കം.പട്ടിയുടെ കുര.വെളിച്ചം)
നേരത്തേ കണ്ട കളിസ്ഥലം.
ഒരിലക്ട്രിക് പോസ്റ്റിൽ വിളക്കുതെളിയുന്നു.അത് തെളിയിക്കാൻ വന്ന ലൈന്മാനെ കാണാം.അയാൾ വിളക്കുതെളിയിക്കാൻ താമസ്സിച്ചതിലുള്ള നീരസം രംഗവാസ്സികളിലുണ്ട്.പരസ്പരമുള്ള നോട്ടത്തിലും ഭാവത്തിലും അത് പ്രകടം.ഒരു കുട്ടി നടന്നുവന്ന് പോസ്റ്റിന്റെ ഒരുവശത്തായി നിന്ന് മൂത്രമൊഴിക്കുന്നു.
ലൈന്മാൻ: ടാ...കുരുപ്പേ,കൊറച്ച് മാറിനിക്കടാ.
(കുട്ടി അതൊന്നും കാര്യമാക്കുന്നില്ല)
ലൈൻ മാൻ: എവിടുന്നെറങ്ങി വരുന്നെടാ ഇതൊക്കെ!

രണ്ടു മൂന്നു പേർ വട്ടമിരുന്ന് റാക്ക് മോന്തുന്നു.ഒരരുകിലായി ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു.ബാലു എന്നാണവന്റെ പേര്. ആൾക്കൂട്ടത്തിനിടയ്ക്കും എന്തോ മനപ്രയാസം അവൻ അനുഭവിക്കുന്നു എന്ന് അവന്റെ ഇരിപ്പുകണ്ടാൽ മനസ്സിലാകും.തല കുമ്പിട്ടാണ് ഇരിക്കുന്നത്.ഇടയ്ക്ക് തല ഉയർത്തി ചുറ്റും നോക്കുന്നു>കൂടാരങ്ങളിലൊന്നിലേക്ക് ഒരാണും പെണ്ണും നുഴഞ്ഞു കയറുന്നു.യുവതിയായ ഒരുവൾ മറ്റൊരിടത്തിരുന്ന് ഇത്തിരി വെട്ടത്തിൽ കാലിലെ നഖം വെട്ടുന്നു. കുടം ചരിച്ച് ഒരു കപ്പ് വെള്ളവുമായി ഒരു വൃദ്ധൻ വേദിയുടെ പിന്നിലേക്ക് പോകുന്നു.ശൗചകർമ്മം നിറവേറ്റി അയാൾ തിരികെ വന്ന് ചടഞ്ഞിരിക്കുന്നു.
റാക്കു മോന്തുന്നവർക്ക് ചുറ്റും ലൈൻ മാൻ വട്ടമിട്ടു നടക്കുന്നു.അയാളെ ക്ഷണിക്കുമെന്ന് കരുതി ചൊറിഞ്ഞും പറിഞ്ഞും നിൽക്കുന്നു.ആരും മൈന്റ് ചെയ്യുന്നില്ലെന്നു കാണുമ്പോൾ ദേഷ്യം വരുന്നു.
ലൈൻ മാൻ: കള്ള കൂട്ടങ്ങള്(ആത്മഗതം)ചോയിക്കാനും പറയാനും ആരും ഇല്ലല്ലോ!കണ്ടടത്ത് കോലു കുത്തി തുണിയും മണിയും കെട്ടി താമസിക്കുക.തിന്നുന്നതും തൂറുന്നതും എല്ലാം ഒരിടത്തു തന്നെ.
(ചുറ്റും നോക്കുന്നു.യുവതിയെ കാണുന്നു.അയാളുടെ താല്പര്യം ഇപ്പോൾ അവളിലായി. അവൾ നഖം വെട്ടുന്ന ശ്രദ്ധയിൽ തന്നെ.അയാൾ പലഹാരത്തിലേക്ക് കൊതിയോടെ നോക്കുന്ന കുട്ടിയെപ്പോലെ യുവതിയെ നോക്കുന്നു.   ഒരു പട്ടി മുറുമുറുക്കുന്ന ഒച്ച)
മധ്യവയസ്കയായ ഒരു സ്ത്രീ : ആരാണ്ടാ അവിടെ ചുറ്റിക്കറങ്ങണത്?
(ചോദ്യം കേട്ട് ലൈൻ മാൻ പരിഭ്രമിക്കുന്നു.പതുക്കെ സ്ഥലം വിടുന്നു)
ഒരു പട്ടി അവിടവിടെയായി ചുറ്റിനടക്കുന്നു.
മധ്യവയസ്കയായ സ്ത്രീ കൊടും കൈയും കുത്തിയിരുന്ന് ആരെയോ പ്രാകുന്നു.സ്ത്രീയുടെ വായിൽ നിരയെ മുറുക്കാനുണ്ട്.നീട്ടി ഒന്നു തുപ്പുമ്പോൾ ചെറുപ്പക്കാരിയുടെ ദേഹത്ത് അല്പം വീഴുന്നു.
ചെറുപ്പക്കാരി: ഹ!തള്ളേ,നോക്കീങ്കണ്ടും തുപ്പാൻ മേലേ?
മധ്യവയസ്ക: ഹമ്പടി കുളുസ്സേ!(കാർക്കിച്ച് ഒന്നമർത്തി തുപ്പുന്നു)
ചെറു:ങ്ങക്കെന്തിന്റെ കേടാ തള്ളേ?
(വൃദ്ധ ഒന്നും മിണ്ടുന്നില്ല.ചെറുപ്പക്കാരി ഒരു ചെറു കണ്ണാടിയെടുത്ത് മുഖത്തെ ചന്തം നോക്കുന്നു.ഇടയ്ക്ക് ചെറുപ്പക്കാരനെ നോക്കുന്നുമുണ്ട്)
മധ്യ: ഓ,പുളുത്തി.ചന്തക്കാരികളെറങ്ങിയേക്ക്ന്ന്.
(ചെറുപ്പക്കാരൻ മുഖമുയർത്തി നോക്കുന്നു.പെണ്ണിന്റെ മുഖത്ത് ലജ്ജ)
അകത്തുനിന്ന് വാദ്യോപകരണങ്ങളുമായി ഒരു സംഘം വരുന്നു.റാക്കു കഴിച്ചിരിക്കുന്നവർക്ക് അതു രസിക്കുന്നു.വാദ്യങ്ങൾ മുഴങ്ങുന്നു.
ചെറുപ്പക്കാരി: എന്തരണ്ണാ  ചെണ്ടേം കോലുമായി?ഇന്ന് കളിയില്ലെന്നറിയില്ലേ?
സംഘത്തിലൊരാൾ:അത് നാട്ടുകാർക്കൊള്ള കളി.ഇന്നത്തെ കളി നമ്മക്കൊള്ളത്.
റാക്കു കഴിക്കുന്നവരിൽ ഒരാൾ: അത് കലക്കി.
മധ്യ: കള്ളും കുടിച്ച് കൂത്താടാൻ,അല്ലണ്ട് പിന്നെന്നാ?
ഒരാൾ: അക്കച്ചി ഒന്നടങ്ങ്,വേണേ ഒരു പൊടിക്ക് അടിച്ചോ
മധ്യ: പിന്നേ,അക്കച്ചിയെ അടക്കാൻ നോക്കല്ലേ ,അതിന് നീയൊന്നും ആയില്ലപ്പാ.
സംഘത്തിൽ ഡോലക്ക് ധരിച്ച രണ്ടുപേർ അത് കൊട്ടിക്കൊണ്ട് വേദിയിൽ വട്ടം ചുറ്റുന്നു.റാക്കടിച്ചിരുന്നവരെ അത് ഉത്തേജിപ്പിക്കുന്നു.അവർ എഴുന്നേറ്റ് നൃത്തം ചെയ്തു തുടങ്ങുന്നു.ക്രമേണ അതൊരു നൃത്തസംഘമായി രൂപാന്തരപ്പെടുന്നു.
സംഘം യുവതിയോട് നൃത്തം ചെയ്യാൻ ആവശ്യപ്പെടുന്നു.അവൾ അതൊരവസരമായി കാണുന്നു.ശൃഗാരചേഷ്ടകളോടെ അവൾ ചുവടുകൾ വയ്ക്കുന്നു.യുവതി യുവാവിനെ നിർബന്ധിച്ച് അതിൽ പങ്കെടുപ്പിക്കുന്നു.തുടർന്ന് അതൊരു ചടുലമായ നൃത്തമാകുന്നു.പൗരുഷത്തിന്റെ കടഞ്ഞെടുത്ത ആൾരൂപമായി യുവാവ് മാറുന്നു.യുവതിയുമായി അയാൾ ഉയർന്ന പീഠത്തിലേക്ക് കയറുന്നു.  പാട്ടും നൃത്തവും കൊണ്ട് വേദി സജീവമാകുന്നു.
(പശ്ചാത്തലത്തിൽ ഒരു പട്ടിയുടെ കുര.യുവാവ് പെട്ടെന്ന് നിശ്ചലനാകുന്നു. പാട്ടും നൃത്തവും നിലയ്ക്കുന്നു.വെളിച്ചം യുവാവിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നു.അയാൾ ചുറ്റും നിരീക്ഷിക്കുന്നു.സിഗററ്റിന്റെ മണം വരുന്നതായി അയാൾക്ക് തോന്നുന്നു.മുഖത്ത് ഭീതി പരക്കുന്നു.ക്രമേണ യുവാവിലെ പൗരുഷം ചോർന്ന് പോകുന്നു.അയാളിൽ സ്ത്രീസഹജമായ ലക്ഷണങ്ങൾ പ്രകടമാകുന്നു.ആണിൽ നിന്ന് പെണ്ണിലേക്കുള്ള  നടന്റെ മാറ്റം സൂക്ഷ്മതലത്തിൽ ആവിഷ്ക്കരിക്കേണ്ടതുണ്ട്.പട്ടിയുടെ കുര തുടരുന്നു ലൈറ്റ്  ഓഫ്)

രംഗം-3
യുവാവിന്റെ കുടിൽ.വയർ തപ്പിപ്പിടിച്ച് പുളയുന്ന ബാലു.അടുത്ത് പായ പൊല്ലിക്കൊണ്ടിരിക്കുന്ന അമ്മ.
അമ്മ: നീയെന്താണ്ടെടാ കെടന്ന് ഞെളിയുന്നേ(വായിലെ മുറുക്കാൻ തുപ്പുന്നു)
ബാലു: വയ്റ്റിലൊരു കടച്ചിലമ്മാ.(വയർ തടവിക്കൊണ്ട് കുത്തിയിരിക്കുന്നു)
അമ്മ; പുഴുക്കും പഴങ്കഞ്ഞീം നെറേ കേറ്റിയോ?നീയാ തഴപ്പൊലി ഇങ്ങാ എടുക്ക്.
ബാലു: ( ബാലു കഷ്ടപ്പെട്ട് തഴപ്പൊലി എടുത്തു കൊടുക്കുന്നു )ഞാ ഒന്നും കയിച്ചില്ലമ്മാ.
അമ്മ: പിന്നെന്നാടാ ഏനക്കേട്?
ബാലു: എനക്കറിയാമ്മേലാ!
അമ്മ: കൊറച്ച് ഇഞ്ചി മാന്തി തിന്നാള
(ബാലു വിമ്മിട്ടപ്പെട്ട് എഴുന്നേറ്റ് പോകുന്നു)
അമ്മ:(അകത്തേക്ക് വിളിച്ച് )എടീ ചീനുവേ!
(അകത്തുനിന്ന് ഒരു പെൺകുട്ടിയുടെ “ഓ”എന്ന ഒച്ച.)
അമ്മ:ആ ആടിന് ഇത്തിരി തോല് കൊടുക്ക് പെണ്ണേ.
(പുറത്തുനിന്ന് ഒരാൾ വരുന്നു.കയ്യിൽ ഫയലും പേനയും.വീടും പരിസരവും ചുറ്റിനടന്ന് നോക്കുന്നു.ഒരു പട്ടി പ്രതിഷേധ ശബ്ദത്തിൽ കുരയ്ക്കുന്നു.ബാലുവിന്റെ അമ്മ കാര്യമെന്തെന്നറിയാതെ നോക്കി നിൽക്കുന്നു.)
വന്നയാൾ: (ബാലുവിന്റെ അമ്മയെ ചൂണ്ടി) കാളിക്കുട്ടി?
അമ്മ: ഓ,തന്നെ.
വന്നയാൾ:വയസ്സ്?
അമ്മ:ആർക്കറിയാം സാറേ,
വന്നയാൾ: മക്കളെത്ര?
അമ്മ:(ആലോചിച്ച്) ഏയ്.നാലെണ്ണം ചത്തുപോയി
വന്നയാൾ:ഭർത്താവ്?
അമ്മ: അങ്ങാര്  നേരത്തേ പോയി സാറേ
വന്നയാൾ:ആണ്മക്കളെത്ര?
അമ്മ: ഒന്ന്.എന്തിനാ സാറേ ഇതൊക്കെ ചോയിക്കുന്നേ?
(പട്ടിയുടെ കുര തുടരുന്നു.)
വന്നയാൾ: ഏതാ ഈ പട്ടി?
അമ്മ: ഇബടത്തെ പട്ടിയാ,കൊരയ്ക്കത്തേ ഒള്ള് ,കടിക്കില്ല സാറേ
വന്നയാൾ: നിങ്ങള് വളർത്തുന്നതാണോ?
അമ്മ: ആര് വളത്ത്ന്ന്?അങ്ങ് ബളരുവല്ലിയോ സാറേ,ഞാങ്ങടെ പുള്ളാരെപ്പോലെ.
(അമ്മ അകത്തേക്ക് തിരിഞ്ഞ്)
അമ്മ: എടീ,ചീനുവേ ആ നായിക്ക് എന്തെങ്കിലും തിന്നാങ്കൊടുക്കെടീ.
വന്നയാൾ: മോളായിരിക്കും,അല്ലിയോ?
അമ്മ:ഏത്? (കാര്യം മനസ്സിലായി) ഓ,തന്നെ.
വന്നയാൾ:എത്ര വയസ്സായി?
അമ്മ: (അകത്തേക്ക് നോക്കി)എടിയേ ,നീ ഒന്നിങ്ങോട്ട് വന്നേ
(ചീനു വരുന്നു.പതിനഞ്ചു വയസ്സുള്ള ഒരു പെൺകുട്ടി.മുഷിഞ്ഞ വേഷമെങ്കിലും കാണാൻ നല്ല  ചന്തമുണ്ട്.വന്നയാൾ അവളെ അടിമുടി നോക്കുന്നു.ചീനു പരുങ്ങുന്നു)
അമ്മ: ഈ സാറിന് നിന്നോടെ എന്തോ ചോയിക്കണമെന്ന്
(അവൾ കൂടുതൽ പരുങ്ങുന്നു)
വന്നയാൾ: കൊച്ച് പഠിക്കുന്നോ?
ചീനു: (ഇല്ലെന്ന് തലയാട്ടുന്നു)
അമ്മ: ഇവള് അഞ്ച് വരെ പടിച്ചതാ സാറേ.അപ്പഴാ ഇവക്കടെ മൂത്തത് പെറ്റത്.അവള് പെറ്റെണീറ്റ് ജോലിക്ക് പോവാൻ തൊടങ്ങിയപ്പം ഇവള് വീട്ടിലിരിപ്പായി.കൊച്ചിനെ നോക്കാൻ ആള് വേണ്ടായോ!
വന്നയാൾ: ഈ വീടുനിക്കുന്നിടം എത്ര സെന്റാ?
അമ്മ: അഞ്ച് സെന്റാ സാറേ
വന്നയാൾ:ഇതാര് തന്നതാ?
അമ്മ: സർക്കാറ്,അല്ലാതാരാ സാറേ ഈ പാവങ്ങൾക്ക് തരാനും മറ്റും?
വന്നയാൾ: അതൊറപ്പാന്നേ?സർക്കാരാന്നേ തന്നത്?ആ സർക്കാരിന് ഇപ്പം ഒരാവശ്യം.ഈ ഭൂമി നിങ്ങള് സർക്കാരിന് കൊടുക്കണം.
അമ്മ: അയ്യോ സാറേ! ഞങ്ങളു പിന്നെ എങ്ങാ പോകും?
വന്നയാൾ:നിങ്ങക്ക് സർക്കാറ്  വേറേ സ്ഥലം തരും .
അമ്മ:(വികാരാധീനയായി)ഞാനെങ്ങും പോകൂലാ,എന്റെ അപ്പനേം അമ്മേം കുയിച്ചിട്ട മണ്ണാ.ഇവ്ട്ന്ന് ഞാൻ പോകുകേല.
വന്നയാൾ: എല്ലവരും പോകാൻ സമ്മതിച്ചു.കാളിയമ്മയും പോണം.നാട്ടിൽ വികസനം വരുന്ന കാര്യമാ.
അമ്മ:ഞങ്ങാള് ഓടിയോടിയാ സാറേ ഇവിടംവരെ എത്തിയത്.ഇനി വയ്യ ഓടാൻ.
വന്നയാൾ:(ഒരു പ്രസംഗം പോലെ)ജനാധിപത്യവും സോഷ്യലിസവും നടപ്പിലാക്കുന്ന ഒരു ഭരണകൂടത്തിന്റെ........
(പ്രസംഗം തുടരാനനുവദിക്കാതെ ഒരു പട്ടി കുരച്ചു തുടങ്ങുന്നു.ഒപ്പം പശ്ചാത്തലത്തിൽ തീവണ്ടി കടന്നുപോകുന്ന ഒച്ച.ഒച്ചയൊടുങ്ങുമ്പോൾ ഒരു അനൗൺസ്മെന്റ് കേൾക്കുന്നു)
നാടിന്റെ വികസനസ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്ന ഈ സുന്ദരമുഹൂർത്തത്തിൽ നമ്മുടെ പ്രിയ നേതാവ് നിങ്ങളോട് രണ്ടു വാക്ക് സംസാരിക്കുന്നതായിരിക്കും.....
നേതാവും അനുയായികളും പ്രവേശിക്കുന്നു.അനുയായികളുടെ മുദ്രാവാക്യം വിളികൾ.നേതാവ് അനുയായികളോട് നിശ്ശബ്ദരാകാൻ ആംഗ്യം കാണിക്കുന്നു.അനുയായികൾ അടങ്ങുന്നു.
നേതാവ്: ഇലക്ട്രിസിറ്റി,സ്മാർട്ട് സിറ്റി,വാഴ്സിറ്റി എന്നിവ മറികടന്ന് നമ്മുടെ വികസനം ഇന്ന് സൈബർ സിറ്റിയിലെത്തി നിൽക്കുന്നു.വികസനം പറ്റിവാതിലിൽ വന്ന് മുട്ടിവിളിക്കുമ്പോൾ നാം കണ്ണടച്ച് ഇരുട്ടാക്കരുത്.നാട്ടിൻ പുറം നന്മകളാൽ സമാധാനപൂർണ്ണമാകാൻ യത്നിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.
(തന്റെ പ്രസംഗം കലക്കുന്നില്ലേ എന്ന ഭാവത്തിൽ നേതാവ് അനുയായികളെ നോക്കുന്നു.അനുയായികൾ കയ്യടിക്കുന്നു.)
നേതാവ് കാളിയമ്മയെ സമീപിക്കുന്നു.
നേതാവ്:ഇത് മഹത്തായ ത്യാഗമാണ് കാളിയമ്മേ
അമ്മ: ആരുക്ക് വേണ്ടീ?
നേതാവ്: ഈ സമൂഹത്തിനു വേണ്ടി.നിങ്ങൾക്ക് സർക്കാർ വേറേ വീടുവച്ചു തരും.കാളിയമ്മയ്ക്കോ മോനോ  മകൾക്കോ ഒരു ജോലി.
അമ്മ: തൂപ്പും തോട്ടിപ്പണീം, അതല്ലിയോ സർക്കര് തരുന്ന പണി.ഞാങ്ങള് ഇപ്പം എടുക്കണ പണി അതന്നാ സാറമ്മാരേ
(പശ്ചാത്തലത്തിൽ അനൗൺസ്മെന്റ്.നേതാവും അനുയായികളും പോകുന്നു.ബാലു വേച്ചുവേച്ച് വരുന്നു)
ബാലു: ന്റമ്മോ,ഞാനിപ്പം ചാവുവേ,എനിക്ക് വയ്യായെ(വയർതപ്പിപ്പിടിച്ച് കരയുന്നു)
അമ്മ: (എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നു)ന്റെ കുഞ്ഞിന് എന്തു പറ്റിയെന്റെ തെയ്വങ്ങളേ!!
(ബാലു അമ്മയുടെ ചുമലിലേക്ക് വീഴുന്നു)
രംഗം-4
(ഒരു സർക്കാർ ആശുപത്രി.സ്ത്രീകളായ രോഗികൾ നിരയായി നിൽക്കുന്നു.ഡോക്ടർമാർ,നഴ്സുമാർ,അറ്റന്റർ,തുടങ്ങിയവർ രംഗത്ത്. രോഗികൾ വരുന്നു.ഒരു ലേഡീ ഡോക്ടർ ചടങ്ങ് പരിശോധന നടത്തുന്നു.അമിതമായി ജോലി ചെയ്യേണ്ടി വരുന്നതിന്റെ ദേഷ്യവും അമർഷവും മുഖത്ത്.വരിയുടെ ഇങ്ങേ തലയ്ക്കൽ ബാലു)
ഗർഭിണിയായ ഒരു യുവതി ഏണിൽ കയ്യും കൊടുത്തുകൊണ്ട് വരുന്നു.വേദന സഹിക്കുന്നതിന്റെ വൈഷമ്യം മുഖത്ത്
യുവതി: ഡോക്ടറേ,വേദന സഹിക്കാൻ മേലേ!
(ഡോക്ടർ ഒന്നു നോക്കിയിട്ട് കുനിഞ്ഞിരുന്ന് എന്തോ കുറിക്കുന്നു)
യുവതി:അയ്യോ!ഞാനിപ്പം ചവുവേ,ഡോക്ടറേ എന്തെങ്കിലും ചെയ്യണേ!
നഴ്സ്: (ഡോക്ടറെ നോക്കി) ആദ്യത്തെ കേസാ,അതുകൊണ്ടാ.
(യുവതി നിലവിളി തുടരുന്നു)
ഡോക്ടർ: ഇതൊന്നും നേരത്തേ അറിയത്തില്ലാരുന്നോ?
(യുവതിയുടെ മുഖം വാടുന്നു)
ഡോക്ടർ:ങാ..ഈ പെൺകൊച്ചിനെ പിടിച്ച് ആ വാർഡിലെങ്ങാനം കൊണ്ട് കിടത്ത്.
(ഒരു അറ്റന്റർ വന്ന് യുവതിയെ കൂട്ടിക്കൊണ്ടു പോകുന്നു)
മദ്ധ്യവയസ്കയായ ഒരു സ്ത്രീ വരുന്നു.നല്ല ആരോഗ്യം.ചുണയുള്ള വർത്തമാനം.
ഡോക്ടർ:അമ്മച്ചീ!പ്രായം കൊറേ ആയില്ലേ,ഇനി ഈ ഓട്ടമൊന്ന് നിർത്തിക്കൂടെ?
സ്ത്രീ: എന്നാത്തിനാ ഡാക്കിട്ടറേ,ഞാൻ ഇപ്പഴും ഫിറ്റാ!
(അതവിടെ ഒരു കൂട്ടച്ചിരി സൃഷ്ടിക്കുന്നു.)
തൊട്ടു പിന്നാലെ മുഖം മറച്ച് ബാലു നിൽക്കുന്നു.മുകം വ്യക്തമാകുമ്പോൾ ഡോക്ടർ ദേഷ്യത്തോടെ ചോദിക്കുന്നു
ഡോക്ടർ:താനെന്താ ഇവിടെ?
ബാലു: ഡാക്കിട്ടറെ കാണാൻ വന്നതാ.
(ഡോക്ടർ ബാലുവിനെ സൂക്ഷിച്ചു നോക്കുന്നു.ബാലു പരുങ്ങുന്നു.)
ഡോക്ടർ: തനിക്കെന്താ ഗർഭമുണ്ടോ?
(ചോദ്യം സ്ത്രീകളിൽ കൂട്ടച്ചിരി ഉണ്ടാക്കുന്നു)
ബാലു: (തകർന്നവനെപ്പോലെ നിൽക്കുന്നു)ഞാൻ ....ഞാൻ...
ഡോക്ടർ: എടോ,ഇത് സ്ത്രീകൾക്കുള്ള ആശുപത്രിയാ!താൻ വേറേ ആശുപത്രിയിൽ പോ.
ബാലു: എനിക്ക് ഡോക്ടറെയാ കാണണ്ടത്
ഡോക്ടർ: ശ്ശെടാ!ഇതു നല്ല കൂത്താണല്ലോ!
(അവർ ചുറ്റും നോക്കുന്നു.അകത്തേക്ക് നോക്കി ചില ആംഗ്യങ്ങൾ കാണിക്കുന്നു.ഒരു പുരുഷ ഡോക്ടർ വരുന്നു.)
പു. ഡോക്ടർ: തന്റെ പേര്?
ബാലു: ബാലു
പു. ഡോക്ടർ:വയസ്സ്?
ബാലു: ഇരുവത്.
പു. ഡോക്ടർ: സെക്സ്?
(ബാലു കാര്യം മനസ്സിലാകാതെ നിൽക്കുന്നു.പുരുഷ ഡോക്ടർ ചുറ്റും നിൽക്കുന്നവരെ നോക്കുന്നു.ഞാനൊരു മിടുക്കനല്ലേരെന്ന ഭാവം.ചുറ്റും നിൽക്കുന്നവർ അത് ശരിവയ്ക്കുമ്പോലെ)
പു. ഡോക്ടർ: ചോദിച്ചത് കേട്ടില്ലേ?താൻ ആണാണോ പെണ്ണാണോ എന്ന്?
(ബാലു വിമ്മിട്ടപ്പെടുന്നു.മറുപടിയില്ല)
പു. ഡോക്ടർ: നിനക്ക് മലയാളം അറിയാമോ?
(ബാലു അറിയാം എന്ന് തലയാട്ടുന്നു)
പു. ഡോക്ടർ: എന്നാ പറ.നീ ആണോ അതോ പെണ്ണോ?
ബാലു:നിക്കറീല്ല!
(ഡോക്ടർ അതിശയത്തോടെ അവനെ നോക്കുന്നു.)
നഴ്സ്:അമ്പട കേമാ,നീ ആള് കൊള്ളാമല്ലോടാ?ഇതങ്ങനെ വിട്ടാ പറ്റത്തില്ല സാറേ,പോലീസിനെ വിളിക്ക്.
സ്ത്രീ ഡോക്ടർ: നിന്റെ കൂടെ ആരാ വന്നിട്ടുള്ളത്?
ബാലു:ആരൂല്ല.ഞാൻ തനിച്ച് വന്നത്.
പുരുഷ ഡോക്ടർ: (നിശ്ചയദാർഡ്യത്തോടെ) ശരി .ഇവൻ ആണാണോ പെണ്ണാണോ എന്നു നോക്കിയിട്ടുതന്നെ കാര്യം.ഇവനെ അകത്തേക്ക് കൊണ്ടുപോ.
(രണ്ട് അറ്റ്ന്റർമാർ വന്ന് ബാലുവിനെ കൂട്ടി അകത്തേക്ക് പോകുന്നു)
ലൈറ്റ് ഓഫ്
രംഗം-5
ആശുപത്രി.ഡോക്ടർമാർ ഗഹനമായ ആലോചനയിൽ.ഒരു സ്കാനിംഗിന്റെ ഫിലിം അവർ കൈമാറി തിരിച്ചും മറിച്ചും നോക്കുന്നു.സംഗതി ശരിയാണെന്ന മട്ടിൽ തലകുലുക്കുന്നു.ബാലു ഒരു കസേരയിൽ ജീവച്ഛവം പോലെ ഇരിക്കുന്നു
ഒരു ഡോക്ടർ: ഇവൻ വൈദ്യശാസ്ത്രത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമാണ്.
മറ്റൊരു ഡോക്ടർ: അതേ,പക്ഷേ ആ ചോദ്യത്തിന് ഒരുത്തരം നാം കണ്ടെത്തണം
മറ്റൊരു ഡോക്ടർ: അതുതന്നെ.അതാണ് നമുക്ക് മുന്നുലുള്ള വെല്ലുവിളി
ലേഡി ഡോക്ടർ: എന്താണ് വഴി
ഒരു ഡോക്ടർ: അവന്റെ പേരിലെ ആ ചുനിപ്പ് എടുത്തുകളയണം
മറ്റൊരു ഡോക്ടർ: എന്നുവച്ചാൽ?
ഒരു ഡോക്ടർ: അതെ,അവന് ഇനിയുള്ള കാലം ബാലയായി തുടരാം
ലേഡി ഡോക്ടർ: യൂ മീൻ?
ഒരു ഡോക്ടർ: അതേ,ഇനി ബാലു ഇല്ല.ബാല ..ബാലമാത്രം.
(വെളിച്ചം പതുക്കെ ഇരുളുന്നു.വിഷാദഭരിതമായ അന്തരീക്ഷത്തെ സൂചിപ്പിക്കുന്ന സംഗീതം.ലറ്റ് ഓഫ്)
രംഗം-6
ബാലുവിന്റെ വീട്.ഒരാചാരത്തിന്റെ ചുറ്റുവട്ടങ്ങൾ.ഒരു പീഠത്തിൽ ബാലു ഇരിക്കുന്നു.ചുറ്റും കുറേ ആൾക്കാർ.ദേവതയെ പ്രീതിപ്പെടുത്തുന്ന ഗാനം പശ്ചാത്തലത്തിൽ.ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന ഭക്തർ.വെളിച്ചപ്പാടിനെപ്പോലെ ഒരാൾ ബാലുവിന്റെ കഴുത്തിൽ ഒരു ചുവന്ന മാല അണിയിക്കുന്നു.തുടർന്ന് വെളിച്ചപ്പാട് ഉറയുന്നു.വാദ്യം മുഴങ്ങുന്നു.വെളിച്ചപ്പാടിന്റെ ഉറഞ്ഞുതുള്ളൽ ശക്തമാകുന്നു.ആ ഉരയൽ ബാലുവിലേക്കും പകരുന്നു.
രണ്ടുപേർ കടന്നുവന്ന് ബാലുവിനെ പിടിച്ചുവയ്ക്കുന്നു.അവൻ കുതറിമാറാൻ ശ്രമിക്കുന്നു.പക്ഷേ അവർ വിടുന്നില്ല.പുരോഹിതനെപ്പോലെ ഒരാൾ കയ്യിൽ ഒരു കൂർത്ത മുള്ളുമായി വരുന്നു.ബാലുവിന്റെ കാതു കുത്തുകയാണ് ലക്ഷ്യം.ബാലു പ്രതിഷേധിക്കുന്നെങ്കിലും ഫലമില്ല.കാതുകുത്തു കഴിയുമ്പോൾ അവന്റെ മുകളിൽ പൂക്കൾ വർഷിക്കുന്നു.കുരവ,വാദ്യം ,തുള്ളൽ എല്ലാം ശക്തമാകുന്നു.ബാലു ബോധശൂന്യനായി വീഴുന്നു.ലൈറ്റ് ഓഫ്.
രംഗം-7
രംഗം വീണ്ടും തെളിയുമ്പോൾ  യുവാവിന്റെ കുടിൽ.അർദ്ധരാത്രി.നേരിയ വെളിച്ചം മാത്രം .കുടിലിനു പുറത്ത് വിടന്മാരായ ചിലർ .ടോർച്ചുതെളിയിച്ചും മൊബൈലിന്റെ വെളിച്ചത്തിലും വരുന്നവർ.അവരിൽ ചെരുപ്പക്കാരും മദ്ധ്യവയസ്ക്കരും വൃദ്ധന്മാരുമുണ്ട്.കുടിലിനകത്ത് തന്റെ പട്ടിയെ വായ മൂടിപ്പിടിച്ച് ബാലു  ഭീതിയോടെ കിടക്കുന്നു.
ഒരു മദ്ധ്യവയസ്കൻ കടന്നുവരുന്നു.ഒരു വിടന്റെ എല്ലാ ഭാവചേഷ്ടകളും അയാളിൽ പ്രകടം.)
മദ്ധ്യവയസ്കൻ:(കുടിലിന്റെ കതകിന് മുട്ടിക്കൊണ്ട്)ശ്...ശ്..ബാലൂ....ബലൂ....കതക് തൊറ
(പ്രതികരണമൊന്നും ഇല്ലെന്നറിഞ്ഞ് നിരാശനാകുന്നു.ഒരു പട്ടിയുടെ കുര .അയാൾ മടിയിൽ നിന്ന് ഒരു പൊതിയെടുത്ത് പട്ടിക്ക് മുൻപിലേക്ക് ഇട്ടുകൊടുക്കുന്നു.സ്നേഹപ്രകടനത്തിന്റെ ശബ്ദങ്ങൾ പട്ടിയിൽ നിന്ന് കേൾക്കന്നു.മദ്ധ്യവയസ്കന് ആശ്വാസം.അയാൾ വീണ്ടും കതകിൽ മുട്ടുന്നു.ഇത്തവണ അയാൾക്ക് കുറേശ്ശേ ദേഷ്യവും വരുന്നുണ്ട്.)
മദ്ധ്യവയസ്കൻ:(കുടിലിന്റെ കതകിന് മുട്ടിക്കൊണ്ട്)ശ്...ശ്..ബാലൂ....ബലൂ...എടാ നായേ  ....കതക് തൊറക്കെടാ.
(അയാൾ അവിടെല്ലാം ചുരമാന്തി നടക്കുന്നു.പിന്നെ നിരാശനായി പോകുന്നു.പോകുന്നവഴി “ആ പട്ടി ചത്തെന്നാ തോന്നുന്നെ” എന്നിങ്ങനെ പിറുപിറുക്കുന്നുണ്ട്)
(പിന്നാലെ മറ്റു ചിലർ വരുന്നു.എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ.ടോർച്ചിന്റെയും മൊബൈലിന്റെയും വെട്ടത്തിൽ വരുന്നവർ ,പരസ്പരം ഒഴിഞ്ഞും ഒളിച്ചും കുടിലിനെ പൊതിയുന്നു.ഇതൊരു ഒളിച്ചുകളിയെന്നപോലെ അവതരിപ്പിക്കാം.ക്രൗര്യവും കോമാളിത്തവും ഇടകലരുന്ന മനുഷ്യപ്രകൃതത്തെ ഈ ആവിഷ്കരണത്തിലൂടെ ചിത്രീകരിക്കണം.
മറുവശ്ത്ത് ബാലുവിന്റെ ദൈന്യത.ലൈറ്റ് ഓഫ്.)
രംഗം-8
ആകാശത്ത് നേരിയ ചന്ദ്രക്കല.ഒരിടത്ത് ഏകാന്തനായി നിൽക്കുന്ന ബാലു.പ്രകൃതിയിലെ ശബ്ദങ്ങൾ മാത്രം.ബാലിവിൽ പ്രകടമായ വേഷ്പ്പകർച്ച ദൃശ്യമാകുന്നു.ഏതോ ചരിത്രപുരുഷന്റെ വേഷം അഭിനയിക്കുന്ന നടനാണപ്പോൾ അയാൾ
ബാലു: ഉരുക്കുപോലെയുള്ള ഈ കൈകളിൽ ന്നീ സുരക്ഷിതയായിരിക്കും.കൂടം കൊണ്ടടിച്ചാലും തകരാത്ത ഈ നെഞ്ചിൽ നിനക്ക് തലചായ്ക്കം.ഏഴു സമുദ്രങ്ങൾ ഇളകിപ്പാഞ്ഞു വന്നാലും എന്റെ കാലുകൾ ചലിക്കില്ല.
(രണ്ടു ചാൽ നടക്കുന്നു.)
ഹേ! പ്രപഞ്ചമേ,പുരുഷന്റെ ഹൃദയം പാറക്കെട്ടുകൾക്ക് സമാനം.അതിളകില്ല,പതറില്ല.
(വീണ്ടും അയാൾ പഴയ ബാലുവാകുന്നു.നിരാശനായി നിൽക്കുന്നു.അടുത്ത നിമിഷം അയാളിൽ ഒരു സ്ത്രീയുടെ ഭാവങ്ങൾ രൂപപ്പെടുന്നു.)
ബാലു: ദേ,എന്നെ ഇങ്ങനെ നോക്കല്ലേ,എനിക്ക് നാണമാകുന്നു.(നോട്ടം നിലത്തേക്കകുന്നു.)ഈ ചേട്ടന് ഒരു നാണോം ഇല്ല.
(മറ്റൊരു ഭാവത്തിൽ.ഒരു കുഞ്ഞിനെ താലോലിക്കുന്ന രംഗം)
അയ്യാ,എന്റെ പൊന്ന് ഒറങ്ങീല്ലേ?അമ്മ കുഞ്ഞിനൊരു പാട്ടുപാടിത്തരട്ടേ?
(ഒരു താരാട്ടിന്റെ ഈരടികൾ.അതവസാനിക്കുമ്പോൾ അയാൾ വീണ്ടും പഴയ ബാലുവാകുന്നു.നിരാശനായി)
ബാലു: എന്റെ തെയിവങ്ങളേ,എന്നെ എന്തിനിങ്ങനെ ആക്കി.ഏനെന്ത് കുറ്റം ചെയ്ത്?എന്റെ ചങ്കിലെ വേദന നിങ്ങള് കാണണില്ലേ?ആണും പെണ്ണും കെട്ട ഈ ജീവിതം ഇനി എനിക്കെന്തിന്?മൂപ്പാകണേന് മുമ്പ് മരം കടപൊട്ടി വീഴുന്നില്ലേ?പുലിയടെ വായി മാങ്കുട്ടി വീണ് ചാവുന്നില്ലേ?പാമ്പ് കൊത്തി എത്തറയോ മനിശമ്മാര് ചാവണ്!എന്നെ നിങ്ങക്ക് വേണ്ടായോ?
(ബാലുവിന്റെ ഉള്ളിൽ ഒരു സംഘർഷം നടക്കുന്നു.ജീവനൊടുകുന്നതിനെക്കുറിച്ച് അവൻ ആലോചിക്കുന്നു.പെട്ടെന്ന് അവൻ ഞെട്ടിത്തിരിഞ്ഞു നോക്കുന്നു.ആരോ വരുന്ന കാലൊച്ച കേൾക്കുന്നു.യുവതി പ്രവേശിക്കുന്നു.)
യുവതി: (അവന്റെ നിൽപ്പ് അത്ര പന്തിയല്ലെന്ന് കണ്ടിട്ട്)എന്താ ബാലു ഇവിടെ നിൽക്കുന്നത്?ഞാൻ എവിടെയെല്ലാം തിരക്കി.
(അവന് ഒരു മറുപടിയും പറയാൻ കഴിയുന്നില്ല)
യുവതി: കൂടാരത്തിൽ എല്ലാവരും ഉറങ്ങി.ബാലു കിടക്കുന്നിടം ഒഴിഞ്ഞു കിടക്കുന്നതു കണ്ടു.അതാ ഞാൻ തെരക്കി വന്നത്.
ബാലു: ക്ക് നല്ല സുഖോല്ല.
യുവതി: എന്തേ നിനക്ക് പറ്റീത്?
ബാലു:നിക്കറീല്ല.
യുവതി: ബാലൂ! എന്റെ കണ്ണിലേക്ക് നോക്ക്.സത്യം പറ.നിനക്കെന്തോ പറ്റീട്ടുണ്ട്.
ബാലു: (അവളുട മുഖത്ത് നോക്കുന്നില്ല)
യുവതി: എന്നോടെങ്കിലും നീ സത്യം പറയുമെന്ന് ഞാൻ കരുതി..നീ..(അവൾ കരയാൻ തുടങ്ങുന്നു)
ബാലു: നശിച്ച ജന്മാ ഞാൻ.ആരുക്കും എന്നെ വേണ്ടാ.കുടീന്ന് ഞാൻ ഓടിപ്പോന്നതാ...അമ്മേന്റെ മൊകത്ത് നോക്കാൻ മേലാഞ്ഞിട്ട്.
യുവതി: നീ എന്തു ചെയ്ത്?
ബാലു: ഞാനൊന്നും ചെയ്തില്ല.ഞാൻ..ഞാൻ...
(അവൻ ഒരു പൊട്ടിക്കരച്ചിലിന്റെ വക്കിലെത്തുന്നു.അവൾ അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.അവൻ ഒരു കൊച്ചു കുട്ടിയെപ്പോലെ നിയന്ത്രണം വിട്ട്  കരയുന്നു.അവൾ അവനെ ആശ്വസിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നു.അവൻ അവളുടെ നെഞ്ചിലേക്ക് ശിരസ്സ് ചായ്ക്കുന്നു.)
ലൈറ്റ് ഓഫ്
രംഗം-9
പഴയ കളിസ്ഥലം തന്നെ രംഗം.പക്ഷേ കൂടാരങ്ങളൊ കളിക്കാരോ ഇല്ല.ഒരു പൊതുയോഗ സ്ഥലമായി അത് രൂപാന്തരം പ്രാപിച്ചിരിക്കുന്നു.നാലഞ്ച് കസേരകൾ.അതിലൊന്നിൽ ബാലു ഇരിക്കുന്നു.അവന്റെ കഴുത്തിൽ ഒരു മാലയിട്ടിട്ടുണ്ട്.കാതിൽ കമ്മൽ .രണ്ടു മൂന്ന് പ്രഭാഷകരെയും കാണാം.അവർ ഊഴം കാത്ത് കസേരകളിൽ ഇരുപ്പുറപ്പിച്ചിരിക്കുന്നു.അദ്ധ്യക്ഷന്റെ പ്രഭാഷണത്തോടെയാണ് രംഗം ആരംഭിക്കുന്നത്.)
പ്രഭാഷകൻ: ശാസ്ത്രത്തിന്റെ വളർച്ച അത്ഭുതകരം തന്നെ?പ്രകൃതിയെ മനുഷ്യൻ ഉള്ളം കയ്യിലിട്ട് അമ്മാനമാടുകയാണ്.അതിന്റെ ഏറ്റവും നല്ല തെളിവാണ് നമ്മുടെ മുന്നിലിരിക്കുന്ന ഈ ബാലു.(ഒന്നു നിർത്തിയിട്ട് )അല്ല ഇന്നലെവരെ ബാലുവായിരുന്ന ഈ ബാല.ഒരു ശസ്ത്രക്രിയയിലൂടെ പകുതി സ്ത്രീയായിക്കഴിഞ്ഞ ബാലുവിനെ അഭിനന്ദിക്കാൻ വിളിച്ചുചേർത്ത ഈ യോഗത്തിൽ സംബന്ധിച്ച ഏവർക്കും ഞാൻ സ്വാഗതം ആശംസിക്കുന്നു.
(കോമാളി കടന്നുവരുന്നു.അസ്ഥാനത്തുള്ള ഈ കടന്നുകയറ്റം രംഗവാസികളെ ആശങ്കയിലാക്കുന്നു.പ്രഭാഷകൻ സംസാരം നിർത്തുന്നു.കോമാളിയോട്)
പ്രഭാഷകൻ: ങാ...താനാരാ?തനിക്കെന്താ ഇവിടെ കാര്യം?
കോമാളി: അയ്യോ..അടിയനോടെ ഷമിക്കണേ!അടിയൻ മാത്രമല്ലേ (പുറത്തേക്ക് നോക്കി)ബാ..കേറിപ്പോരെ എല്ലാം നമ്മടെ ആൾക്കാരാ.
(പുറത്തുനിന്ന് യുവതി ,വൃദ്ധൻ,മദ്ധ്യവയസ്ക,കുട്ടി,തുടങ്ങിയവർ വരുന്നു.സംഘാടകർ അസ്വസ്ഥരാകുന്നു)
കോമാളി: സാറന്മാരേ,നിങ്ങളൊക്കെ ബല്യ ആൾക്കാരാ.വല്യ പഠിപ്പുള്ളവർ.പക്ഷേങ്കി മനുഷ്യേന്റെ മനസ്സു കാണാൻ നിങ്ങക്കാവില്ല.
(ബാലുവിനെ ചൂണ്ടി) ഇവനെ നിങ്ങൾ പെണ്ണാക്കാൻ നോക്കുന്നു.പക്ഷെ അവന് പെണ്ണാകാൻ കഴിയുമോ?
യുവതി: എന്റെ ബാലൂനെ പെണ്ണാക്കരുത്,ഏമാന്മാരേ
സംഘാടകരിൽ ഒരാൾ: ആണാകണോ പെണ്ണാകണോ എന്ന് തീരുമാനിക്കുന്നത് ബാലുവാണ്.അതിന് നിങ്ങളുടെ ഒത്താശ വേണ്ടാ.
മധ്യവയസ്ക: അതന്നെ കാര്യം.മോനേ,ബാലൂ...നീതന്നെ പറ.
(ബാലു എഴുന്നേറ്റ് വേദിക്ക് മുന്നിലേക്ക് വരുന്നു.അവന്റെ ഭാവം മാറിയിട്ടുണ്ട്.ഒരുതരം വെറുപ്പും ദേഷ്യവും)
ബാലു: ഞാൻ...ഞാൻ..(എന്തോ പറയാൻ വന്നത് പകുതിയിൽ നിർത്തുന്നു.പിന്നെ ഒരു ധ്യാനത്തിലെന്നപോലെ നിൽക്കുന്നു.ഇപ്പോൾ ബാലു പൂർണ്ണമായും മറ്റൊരാളായി മാറുന്നു.ഉറച്ച ശബ്ദം.പരിഷ്കൃതമായ ഭാഷ.ഒരു നാടകത്തിലെ കഥാപാത്രത്തെപ്പോലെ അയാൾ സംസാരിച്ചു തുടങ്ങുന്നു)
(രംഗം ഇപ്പോൾ ഒരു സോദ്ദേശ നാടകവേദിയിലേതു പോലെ രൂപാന്തരപ്പെടുന്നു.സ്പോട്ട് ചെയ്യുന്ന പ്രകാശത്തിനു കീഴിലാണ് ബാലു.)
ബാലു: ഹേ,പരിഷ്കൃത സമൂഹമേ,എന്താണ് പെണ്ണ്?അതൊരു ശരീരം മാത്രമോ?
(ചുറ്റി നടക്കുന്നു)
ആണിനെയും പെണ്ണിനെയും ശരീരം മാത്രമായി കാണുന്ന നീച സദാചാരമേ,ഞാൻ ലജ്ജിക്കുന്നു.ശരീരത്തിന്റെ ഓരോ അണുവിലും രതിയുടെ മാദകത്ത്വം തിരയുന്ന കപട ലോകത്താണ് നാം.
(അല്പം നിശ്ശബ്ദത)
ആണിന്റെ ഇച്ഛയാണോ പെണ്ണ്?കൊത്തിപ്പറിക്കുന്ന കഴുകൻ കണ്ണുകൾക്ക് നടുവിൽ പിടഞ്ഞൊടുങ്ങുന്ന ജന്മമാണോ സ്ത്രീ?
(വീണ്ടും നിശ്ശബ്ദത.രണ്ടു ചാൽ നടന്നിട്ട്)
സ്ത്രീയുടെ ആനന്ദത്തിന് സമൂഹം നൽകുന്ന പേരോ പുരുഷൻ?
(ഈ രംഗം നടക്കുമ്പോൾ തന്നെ കോറസ്സിന്റെ സഹായത്തോടെ സ്ത്രീ-പുരുഷ സങ്കല്പത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ പൊതുധാരണയെ പ്രതിഭലിപ്പിക്കുന്ന ദൃശ്യങ്ങൾ അവതൽപ്പിക്കണം.ക്രൗര്യം നിറഞ്ഞ രതിയുടെയും പ്രണയനാട്യങ്ങളുടെയും ചടുലചലനങ്ങൾ പ്രതീകാത്മകമായി ചിത്രീകരിക്കണം)
രംഗം മാറുന്നു.പഴയ രംഗവും കഥാപാത്രങ്ങളും.ബാലു തകർന്നവനെപ്പോലെ:
ബാലു: എനിക്ക് പെണ്ണാവണ്ടാ,ആണുമാവ്വണ്ട.എനിക്കൊരു മനുഷേനായാ മതി.
(സംഘാടകർ വിഷമത്തിലാകുന്നു)
ബാലു: എന്നെ തെയിവം ഇങ്ങനാ പടച്ചത്.ആണും പെണ്ണുമല്ലാത്ത ദേഹം,ആണിന്റെ കൊരല്.എനിക്കും ജീവിക്കണം.ഒരു മനുഷേനായി.(മുഖം പൊത്തി പൊട്ടിക്കരയുന്നു)എന്നെ വെറുതേ വിടണം ഏമാന്മാരേ....
(യുവതിയും കളി സംഘത്തിലെ അംഗങ്ങളും അവനെ സമീപിക്കുന്നു.യുവതി അവനെ ആശ്വസിപ്പിക്കുന്നു.സംഘാടകർ ഇനിയെന്ത് എന്ന മട്ടിൽ പരസ്പരം നോക്കുന്നു.പിന്നെ പിരിഞ്ഞു പോകുന്നു. ബാലുവിനെ  താങ്ങിപ്പിടിച്ചുകൊണ്ട് മറ്റുകഥാപാത്രങ്ങളും പോകുന്നു.ലൈറ്റ് ഓഫ്)
രംഗം-10
ഒന്നാം രംഗത്തിൽ കണ്ട കളിസ്ഥലം.പക്ഷേ അത് പ്രകൃതി ഒരുക്കിയ കളിസ്ഥലം പോലെ .മരങ്ങളും വള്ളികളും ഇലപ്പടർപ്പുകളും മൃഗപക്ഷിജാതികളും ഇടകലരുന്ന കളിസ്ഥലമായി രൂപാന്തരപ്പെട്ടിരിക്കുന്നു.പ്രാചീനമായ വാദ്യോപകരണങ്ങൾ കൊണ്ട് പെരുമാറുന്ന മനുഷ്യർ.
അവർക്കിടയിലേക്ക് നൃത്തം ചെയ്തുകൊണ്ട് ബാലുവും യുവതിയും പ്രവേശിക്കുന്നു.ബാലുവിന്റെ പുരുഷത്ത്വത്തെയും യുവതിയുടെ സ്ത്രീത്ത്വത്തെയും ഭംഗിയായി  പ്രകടിപ്പിക്കുന്ന നൃത്തസംവിധാനം വേണം.താളം മുറുകുന്നു.ഗാനം ചടുലമാകുന്നു.യുവതിയും ബാലനും ആനന്ദനിർവൃതിയിൽ.
കോമാളി ഒരു വെളിച്ചപ്പാടിനെപ്പോലെ പ്രത്യക്ഷപ്പെടുന്നു.വാളുകൊണ്ട് അയാൾ ശിരസ്സിൽ ആഞ്ഞാഞ്ഞ്  വെട്ടുന്നു.ശിരസ്സിൽ നിന്ന് രക്തം ഒഴുകുന്നു.അയാൾ കുഴഞ്ഞു വീഴുന്നു.
അപ്പോഴും ബാലുവും യുവതിയും നൃത്തത്തിന്റെ ലഹരിയിൽ.
കർട്ടൻ
.............ശുഭം..........


Wednesday, November 13, 2013

ചരിത്രം എഴുത്തിന്റെ ഫലശ്രുതികൾ



ഇന്നലെകളുടെ ധന്യതയിൽ നിന്നുകൊണ്ട് നോക്കുമ്പോഴാണ് ഇന്നിന്റെ ജീവിതത്തിന് നിറവും ലക്ഷ്യബോധവും ഉണ്ടാകുന്നത്.ചരിത്രത്തിന്റെ പാഠങ്ങൾ ഉരുവിട്ടു പഠിക്കുന്നവരാണ് പുതിയ ചരിത്രത്തിന് തുടക്കം കുറിക്കുന്നത്.സാഹിത്യത്തിന്റെ കാര്യത്തിലും ഇത് വാസ്തവമാണ്.മലയാളസാഹിത്യം ഇന്നലെകളിൽ നടന്ന വഴിയും ആ വഴിത്താരയിൽ ദീപസ്തംഭം പോലെ നിന്ന മനീഷികളും ഇന്നത്തെ സമൂഹത്തിന് വഴിയും വെളിച്ചവുമാണ്.ഈ വസ്തുത മനസ്സിലാക്കിക്കൊണ്ടാണ് കേരള സാഹിത്യ അക്കാദമി ബൃഹത്തായ ഒരു ജീവചരിത്ര പരമ്പരയ്ക്ക് രൂപം നൽകിയിട്ടുള്ളത്.ഇന്നലെകളിൽ ജീവിച്ചുകൊണ്ട് മലയാള സാഹിത്യത്തെയും കേരള സമൂഹത്തെയും മുന്നോട്ടുനയിച്ച പ്രതിഭാശാലികളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ഈ പ്രവർത്തനം കൊണ്ട് അക്കാദമി ലക്ഷ്യമാക്കുന്നത്.അപ്രകാരം അക്കാദമി പ്രസിദ്ധീകരിച്ച ഒരു ജീവചരിത്ര പുസ്തകമാണ് ‘കുറ്റിപ്പുറത്ത് കേശവൻ നായർ’.അനേകം സ്രോതസ്സുകളിൽ നിന്ന് വിവരം ശേഖരിച്ച് വായനക്കാർക്ക് രുചിക്കുന്ന ഘടനയിൽ ഒരു ജീവചരിത്രം രചിക്കുക എന്നത് ശ്രമകരമായ പ്രക്രിയയാണ്.ഡോ.അനിൽ വള്ളത്തോൾ രചിച്ച ഈ ജീവചരിത്ര ഗ്രന്ഥം അതിന്റെ രചനാലക്ഷ്യത്തെ നൂറുശതമാനവും സഫലമാക്കിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.പുതുതലമുറയ്ക്ക് ഏതാണ്ട് അപരിചിതനായിക്കഴിഞ്ഞ കുറ്റിപ്പുറത്തിനെ അർഹിക്കുന്ന പ്രാധാന്യത്തോടെ ,സമഗ്രമായിത്തന്നെ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു കൃതി വായനക്കാരുമായി പങ്കുവയ്ക്കാൻ ശ്രമിക്കുന്ന ആശയതലമാണ് ആ കൃതിയെ സംബന്ധിച്ച അസ്തിത്വത്തെ നിർണ്ണയിക്കുന്ന മുഖ്യ ഘടകം. സാഹിത്യകൃതികളെ പ്രത്യേക സാഹിത്യവിഭാഗത്തിൽ ഉൾപ്പെടുത്തി രചിക്കുന്ന രീതി പരമ്പരാഗതമായി നിലനിൽക്കുന്നുണ്ട്.രചനയുടെയും വായനയുടെയും സൗകര്യത്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.എന്നാൽ ആധുനികാനന്തര സാഹിത്യം ഈ ധാരണയെ നിഷേധിച്ചുകൊണ്ടാണ് മുന്നേറുന്നത്.ആത്മകഥകളും ജീവചരിത്രങ്ങളും അതിന്റെ പരിമിതമായ ലക്ഷ്യങ്ങളെ ഉല്ലംഘിക്കുന്നതിന് സമകാലസാഹിത്യം തെളിവ് നൽകുന്നു. ഡോ.അനിൽവള്ളത്തോൾ രചിച്ച കുറ്റിപ്പുറത്തു കേശവൻ നായരുടെ ജീവചരിത്രം ഈ അർത്ഥത്തിലും പ്രാധാന്യം അർഹിക്കുന്നു. വള്ളത്തോൾ എന്ന  മഹാവിഗ്രഹത്തിന്റെ നിഴലിൽ മാത്രംപരിഗണിക്കപ്പെട്ടുപോന്ന  കുറ്റിപ്പുറത്തു കേശവൻ നായർ എന്ന ബഹുമുഖപ്രതിഭയെ സ്വതന്ത്രവും സമഗ്രവുമായി അനാവരണം ചെയ്യുവാൻ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. കേവലം ഒരു ജീവചരിത്രം  മാത്രമായി ഈ പുസ്തകത്തെപരിഗണിക്കാനാവില്ല. ഒരു കാലഘട്ടത്തിന്റെ സാഹിത്യസംസ്കാരത്തെ സൂക്ഷ്മാംശത്തിൽ വിവരിക്കുന്ന സാഹിത്യചരിത്രത്തിന്റെ ധർമ്മം ഈ പുസ്തകം നിർവഹിക്കുന്നു.മാത്രമല്ല, ഒരു സാഹിത്യനിരൂപണകൃതിയുടെ ഉതരവാദിത്വം സമർത്ഥമായി നിർവഹിക്കുന്ന ഗ്രന്ഥമായും ഈ കൃതി അനുഭവപ്പെടുന്നു.കുറ്റിപ്പുറത്തിന്റെ കുടുംബാംഗമാണ് ഗ്രന്ഥകാരൻ എന്നതാണ് ഈ കൃതിക്കു കിട്ടിയ വലിയ അനുഗ്രഹങ്ങളിലൊന്ന്.’കുറ്റിപ്പുറത്തു കേശവൻ നായർ’ എന്ന ഗ്രന്ഥത്തിന്റെ രചനയിലൂടെ മറവിയിലേക്ക് പൊയ്ക്കൊണ്ടിരുന്ന ഒരനുഗൃഹീത കവിയെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന മഹത്തായ കർമ്മമാണ് ഗ്രന്ഥകാരൻ നിർവഹിക്കുന്നത്.
നൂറ്റിമുപ്പത്തിനാലു പേജുകളിലായി ,പതിനാല് അധ്യായങ്ങളിലൂടെയാണ് ഡോ.അനിൽ വള്ളത്തോൾ കുറ്റിപ്പുറത്തിന്റെ ജീവചരിത്രം അനാവരണം ചെയ്തിട്ടുള്ളത്.കവിയെന്ന നിലയിൽ മാത്രം സാധാരണ വായനക്കാർ മനസ്സിലാക്കിയിട്ടുള്ള കുറ്റിപ്പുറത്തെ പതിനാല് അധ്യായങ്ങളിൽ അവതരിപ്പിക്കുന്നതിന്റെ പ്രാധാന്യം ശ്രദ്ധിക്കേണ്ടതാണ്.സ്മര്യപുരുഷന്റെ വ്യക്തിത്വത്തെ സൂക്ഷ്മാംശത്തിൽ മനസ്സിലാക്കുവാൻ ഗ്രന്ഥകാരൻ നടത്തിയ പരിശ്രമം ഈ അധ്യായവിഭജനം വ്യക്തമാക്കുന്നുണ്ട്.ഗവേഷണരംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്നതിന്റെയും അധ്യാപകനെന്ന നിലയിലുള്ള നീണ്ടകാലത്തെ അനുഭവത്തിന്റെയും ഗുണപരമായ ഘടകങ്ങൾ  ഇതിന് ഗ്രന്ഥകാരന് സഹായകമായിട്ടുണ്ട്.’ഗ്രാമീണകന്യക’എന്ന കവിതയുടെ രചയിതാവായി മാത്രം പരക്കെ അറിയപ്പെടുന്ന കുറ്റിപ്പുറത്തിൽ കവിതയുടെ ഭിന്നധാരകൾ ഊർജസ്വലവും സുരക്ഷിതമായിരുന്നു എന്ന് ഗ്രന്ഥകാരൻ സയുക്തികം സമർത്ഥിക്കുന്നു.അന്നത്തെ നിലയിൽ കവിതയിലെ നൂതനധാരകളോട് തോൾ ചേർന്ന് നടന്ന കവിയെ ഈ വിവരണത്തിൽ കാണാം.ജീവിതത്തോട് പ്രസാധാത്മക നിലപാട് പുലർത്തിയിരുന്ന കവിയായിരുന്നു കുറ്റിപ്പുറമെന്ന് ഏറേക്കുറേ പ്രസിദ്ധമാണ്.എന്നാൽ ആ പ്രസാധാത്മകത്ത്വത്തിന്റെ കാരണങ്ങൾ അപഗ്രഥിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ കാവ്യനിരൂപണം വേണ്ടത്ര നടത്തിയിട്ടില്ല എന്നതാണ് വാസ്തവം .കവിവ്യക്തിത്വത്തിലൂടെ കാവ്യത്തിലേക്ക് കടക്കുന്ന വലിയ പരിശ്രമം അതിന് ആവശ്യമായിരുന്നു.ഇവിടെ ഡോ.അനിൽ വള്ളത്തോൾ ആ ദൗത്യം വളരെ ഭംഗിയായി നിർവഹിച്ചിരിക്കുന്നു.കുറ്റിപ്പുറം കവിതകളിൽ പ്രകടമാകുന്ന പ്രാസം,താളം,ഭാഷയുടെ ആർജ്ജവം,കല്പനകളുടെ ചാരുത തുടങ്ങി ഓരോ ഘടകവും ജീവചരിത്രകാരൻ പഠനവിധേയമാക്കിയിട്ടുണ്ട്.ജീവിതത്തോട് എത്രമാത്രം ശുഭാപ്തിവിശ്വാസം പുലർത്തിയിരുന്ന കവിയാണ് കുറ്റിപ്പുറമെന്നറിയാൻ അദ്ദേഹത്തിന്റെ ജീവചരിത്രം പശ്ചാത്തലമായി വേണമെന്ന് ഈ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഗ്രാമീണകന്യക എന്ന ഒറ്റക്കവിതമതി കുറ്റിപ്പുറത്തിന്റെ കവിത്വസിദ്ധിക്ക് തെളിവിന്.’ഗ്രാമീണകന്യകയുടെ പിതാവ്’എന്ന അദ്ധ്യായത്തിലൂടെ ഈക്കാര്യം ഗ്രന്ഥകർത്താവ് വ്യക്തമാക്കുന്നു.ജീവിതം ബലികഴിച്ചുകൊണ്ട് കവിതയെ സംരക്ഷിക്കാൻ കുറ്റിപ്പുറം തയ്യാറല്ലായിരുന്നു.ജീവിതത്തിന്റെ ആഘോഷത്തിനിടയിൽ കവിത ചോർന്നുപോകുന്നത് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.കുറ്റിപ്പുറത്തിന്റെ പ്രിയ ശിഷ്യനായ വൈലോപ്പിള്ളി ഭംഗ്യന്തരേണ ഇക്കാര്യം സൂചി പ്പിച്ചിട്ടുണ്ട്.ജീവചരിത്രകാരൻ ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്.വൈലോപ്പിള്ളിയുടെ വാക്കുകൾ തന്നെ കുറിക്കാം:”എഴുതേണ്ടതായ ഒരു കവിതയുടെ മർമ്മമാണ് ചിലപ്പോൾ ഒരു നർമ്മമായി അദ്ദേഹം അവതരിപ്പിച്ച് ധൂർത്തടിക്കാറ്.അങ്ങനെ ഫലിതത്തിലും സുഹൃദ്സല്ലാപത്തിലും ചതുരംഗത്തിലും ചീട്ടുകളിയിലും കൂടി ആ കാവ്യസ്രോതസ്സ് അധിക പങ്കും അവശേഷിക്കാതെ ഒഴുകിപ്പോയി.പക്ഷേ അദ്ദേഹത്തിന്റെ ദർശനം അങ്ങനെയായിരുന്നു.നല്ല ജീവിതം വേണം.ആ ജീവിതത്തെ സുരഭിലമാക്കാനാണ് കവിത.ജീവിതത്തെ ഉഷ്ണിപ്പിച്ച് കവിത വാറ്റിയെടുക്കാൻ പറ്റും.പക്ഷേ കവിയുടെ ജീവിതം അങ്ങനെ ചതഞ്ഞു വെന്തു നശിച്ചുപോകുന്നതിന്റെ നഷ്ടം ആർ നികത്തും?”കവിതയെയും ജീവിതത്തെയും സംബന്ധിച്ചുള്ള കുറ്റിപ്പുറത്തിന്റെ ദർശനത്തിന്റെ കാതൽ ഇങ്ങനെ സൂക്ഷ്മനിരീക്ഷണത്തിലൂടെ ,ആവശ്യമായ തെളിവുകളുടെ സഹായത്തോടെ വിശകലനം ചെയ്ത് വെളിവാക്കുവാൻ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.സമകാലീനരായ മറ്റുകവികൾക്ക് കിട്ടിയ അംഗീകാരവും പ്രസിദ്ധിയും കുറ്റിപ്പുറത്തിന് ലഭിക്കാതെ പോയതിന്റെ ന്യായീകരണവും ഈ നിരീക്ഷണത്തിലുണ്ട്.ജീവിതത്തിന്റെ പ്രഹേളികയിലും ദുരന്തസ്വഭാവത്തിലും മുഴുകി ജീവിച്ച കവികൾക്കിടയിൽ കുറ്റിപ്പുറത്തു കേശവൻ നായർ പുലർത്തിയ വ്യതിരികതമായ കാവ്യജീവിതമായിരുന്നു ഗ്രമീണകന്യകയും മറ്റു കവിതകളും.അദ്ദേഹത്തിന്റെ കവിതകളിലെ പ്രസാധാത്മകതയുടെ രഹസ്യം അങ്ങനെ വെളിവാകുന്നു.വിവർത്തങ്ങൾ.കൂട്ടുകവിതകൾ,മുക്തകങ്ങൾ,സ്വതന്ത്രകവിതകൾ എന്നിങ്ങനെ വ്യാപരിച്ച കാവ്യമേഘലയിലെല്ലാം സ്വമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ കവിയാണ് കുറ്റിപ്പുറമെന്ന് സോദാഹരണം സമർഥിക്കുവാൻ ജീവചരിത്രകാരന് കഴിഞ്ഞിട്ടുണ്ട്.കേവലം സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിക്കുന്ന ജീവചരിത്രരചനാ സങ്കേതം സധൈര്യം ഉപേക്ഷിച്ചുകൊണ്ട് ഗവേഷകമനസ്സോടെയാണ് ഇക്കാര്യത്തിൽ ഗ്രന്ഥകാരൻ പ്രവർത്തിച്ചിട്ടുള്ളത്.
കവിതയിലെന്നപോലെ ഗദ്യസാഹിത്യത്തിലും കുറ്റിപ്പുറത്തിന്റെ സംഭാവനയുണ്ട് എന്ന് ഒരുപക്ഷേ ശരാശരി വായനക്കാരൻ അറിഞ്ഞുകൊള്ളണമെന്നില്ല.നല്ല ഗദ്യകാരനെയും നിരൂപകനെയും വെളിവാക്കിത്തരുന്ന ചില സന്ദർഭങ്ങൾ ആ കവിജീവിതത്തിനുണ്ടായിരുന്നു എന്ന് ഈ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു.സാഹിത്യപ്രസ്ഥാനങ്ങളെയും ഗ്രന്ഥങ്ങളെയും നിരൂപണബുദ്ധിയോടെ വിലയിരുത്തുന്നതിൽ അദ്ദേഹം ശ്രദ്ധവച്ചിരുന്നു.വെണ്മണിപ്രസ്ഥാനത്തെക്കുറിച്ചുള്ള കുറ്റിപ്പുറത്തിന്റെ ലേഖനം ആ പ്രസ്ഥാനത്തെക്കുറിച്ചുണ്ടായ ആധികാരിക പഠനങ്ങളിലൊന്നാണെന്ന് ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു.മലയാള കവിതയിൽ വലിയ ദിശാമാറ്റത്തിന് തുടക്കം കുറിച്ചത് വെണ്മണിക്കവികളാണെന്ന കുറ്റിപ്പുറത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.കുമാരനാശാന്റെ ‘പ്രരോദന’ത്തെ വിലയിരുത്തിക്കൊണ്ട് ആത്മപോഷിണി മാസികയിൽ അദ്ദേഹം എഴുതിയ ലേഖനവും ഇവിടെ ഓർക്കാം .പ്രതിപക്ഷ ബഹുമാനം നിലനിർത്തിക്കൊണ്ട് നിശിതവിമർശനത്തിന്റെ  വഴി സ്വീകരിക്കുന്ന രീതിയാണ് ഇവിടെ കാണാനാവുന്നത്.നല്ല ഗദ്യവും നല്ല പദ്യവും പരിചയപ്പെടാൻ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന് അവസരമുണ്ടായത് കുറ്റിപ്പുറം പാഠപുസ്തക കമ്മറ്റിയിൽ സേവനമനുഷ്ടിക്കുന്ന കാലത്തായിരുന്നു എന്നതും പരിഗണിക്കേണ്ട വിഷയമാണ്.കവി,വിവർത്തകൻ,അധ്യാപകൻ,സാംസ്കാരിക പ്രവർത്തകൻ,സാഹിത്യപരിഷ്കർത്താവ്,വിമർശകൻ,കുടുംബനാഥൻ,എല്ലാത്തിലും ഉപരിയായി ഒരു തികഞ്ഞ മനുഷ്യസ്നേഹി എന്നീ നിലയിലുള്ള കുറ്റിപ്പുറത്തിന്റെ വ്യക്തിമാഹാത്മ്യം സൂക്ഷ്മമായി അവതരിപ്പിക്കുന്നതിൽ ഗ്രന്ഥകർത്താവ് വിജയിച്ചിട്ടുണ്ട് എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു..കിളിപ്പാട്ടു രീതിയിൽ കുറ്റിപ്പുറം തയ്യാറാക്കിയ ഗീതാപരിഭാഷ ഇനിയും അച്ചടിക്കപ്പെട്ടിട്ടില്ല എന്ന് ലേഖകൻ കുറിക്കുന്നുണ്ട്.മൂലകൃതിയെ അയത്നലളിതമായി എങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നതിന് ഉദാഹരണങ്ങളും നൽകിയിട്ടുണ്ട്.അനുഗൃഹീതനായ ഒരു കവിയുടെ പരിഭാഷാപരിശ്രമം എന്ന നിലയിൽ കുറ്റിപ്പുറത്തിന്റെ ഗീതാപരിഭാഷ പ്രാധാന്യമർഹിക്കുന്നു.അത് അച്ചടിയിൽ വരുവാൻ ജീവചരിത്രകാരന്റെ വെളിപ്പെടുത്തൽ ഉപകരിക്കട്ടെ എന്ന് ആശംസിക്കാം.ഒരു ജീവചരിത്ര ഗ്രന്ഥത്തിന്റെ രചനാലക്ഷ്യം സഫലമാകുന്നത് അതിൽ പരാമർശിക്കുന്ന വ്യക്തിയിലേക്ക് മടങ്ങിച്ചെല്ലാൻ വായനക്കാരനെ പ്രേരിപ്പിക്കുമ്പോഴാണ്.ഈ പുസ്തകം നിറയെ അതിനുള്ള ഊർജ്ജം ഗ്രന്ഥകാരൻ സൻഭരിച്ചുവച്ചിട്ടുണ്ട്.അതുതന്നെയാന് ഈ പുസ്തകത്തെ പ്രസ്ക്തമാക്കുന്ന ഏറ്റവും പ്രധാന ഘടകം.തെളിഞ്ഞ ഭാഷയും നിരീക്ഷണത്തിലെ സൂക്ഷ്മതയും അതിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്.







വീണ്ടുവിചാരം



മലയാളിയുടെ ഭാഷാസ്നേഹം വിചിത്രമാണ്. നമ്മുടെ പൊതുബോധത്തിൽ അടിഞ്ഞുകിടക്കുന്ന എല്ലാത്തരം മാലിന്യങ്ങളും ഭാഷാസ്നേഹത്തിലും കാണാൻ വിഷമമില്ല.ദേശീയതയ്ക്കകത്ത് ഉപദേശീയതയുടെ സ്വത്വം തിരഞ്ഞുചെന്ന നാം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെപ്പോലെ മാതൃഭാഷയുടെ കരുത്തിൽ പ്രതീക്ഷവച്ചു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ദേശസ്നേഹവും ഭാഷാസ്നേഹവും ഒരേ അനുഭവത്തിന്റെ ദ്വന്ദപ്രത്യക്ഷമായി നമ്മൾ പരിഗണിച്ചിരുന്നു.വിവിധ മതങ്ങളും ജാതിയും ജാതിക്കുള്ളിൽ ജാതിയുമായി ഭിന്നിച്ചുനിന്ന ജനതയെ ഒന്നിപ്പിക്കുവാൻ ഭാഷയെന്ന പിടിവള്ളി ഉദകി.മലയാളിയെ ഒന്നിച്ചുനിർത്താൻ അന്നും ഇന്നും നമുക്ക് മറ്റുപാധികൾ ഇല്ലല്ലോ!പുറംശക്തികളിൽനിന്ന് ഭീഷണിയുണ്ടാകുമ്പോൾ മാത്രം രൂപപ്പെടുന്ന ദേശീയതയ്ക്ക് ഇത്തരം വികാരത്തെ രൂപപ്പെടുത്തി ജനതയെ ഏകശക്തിയായി നിർത്താൻ കഴിയുമായിരുന്നില്ല;പ്രത്യേകിച്ച് സ്വാതന്ത്ര്യാനന്തര ഘട്ടത്തിൽ.മാർക്സിയൻ പ്രത്യയശാസ്ത്രത്തിന്റെ വർഗ്ഗവീക്ഷണം ഏകീകരണശക്തിക്ക് തടസ്സവുമായിരുന്നു.ഈ പശ്ചാതലത്തിലാണ് ഭാഷ പ്രധാനമാകുന്നത്.മലയാള ഭാഷയേയും കേരളസംസ്കാരത്തേയും പൊതുവികാരമായി അവതരിപ്പിക്കുന്ന കവിതകൾ എഴുതപ്പെടുന്നതിന്റെ സവിശേഷസന്ദർഭം ഇതാണ്. ഇതിന്റെ ശ്രദ്ധേയമായ ആദ്യമാതൃക വള്ളത്തോൾ കവിതകളിൽ കാണാം.വള്ളത്തോളിന്റെ’എന്റെ ഭാഷ’എന്ന കവിത അതിന്റെ രചനാധർമ്മം ഭംഗിയായി നിറവേറ്റുകയും ചെയ്തു..ആ കവിതയ്ക്ക് മലയാളത്തിൽ പിന്നെയും തുടർച്ചകളുണ്ടായി.ദേശസംസ്കൃതിക്കുമേൽ അധീശസംസ്കാരം ചിറകുനീർത്തി നിന്നപ്പോൾ ഒഴിയാനിടമില്ലാതെ ചൂളിപ്പോയ ജനത ഭാഷയെന്ന ആയുധം സമർത്ഥമയി പ്രയോഗിക്കുകയും ഭാഷകൊണ്ട് ഒരു സമൂഹത്തെ കൂട്ടിക്കെട്ടുകയും ചെയ്ത് പ്രധിരോധം തീർത്തു.സ്വാതന്ത്ര്യാനന്തരം കഥ മാറി.മറ്റെല്ലാം ചടങ്ങായതുപോലെ നമ്മുടെ ഭാഷാസ്നേഹവും ചടങ്ങ് പരിപാടിയായി അധപ്പതിച്ചു.
 മലയാളിയുടെ ഭാഷാസ്നേഹത്തിൽ യുക്തിയുടെ വെളിച്ചം തീരെയില്ലാത്തതാണ് അതിന്റെഏറ്റവും വലിയ ദുരന്തം.ബ്രിട്ടീഷ് അധിനിവേശത്തെ ചെറുത്തു തോൽപ്പിക്കാൻ കോപ്പുകൂട്ടിയ നമുക്ക് അവന്റെ ഭാഷയോടു തോന്നിയ വെറുപ്പ് സ്വാഭാവികമായിരുന്നു.എന്നാലിത് മലയാളിയുടെ എഴുത്തിൽ തെറ്റായ ശീലത്തിനു തുടക്കം കുറിച്ചു.മലയാളി ഇംഗ്ലീഷ് ഭാഷയുടെ ശത്രുവാണെന്ന ബോധം ഇത് വളർത്തിക്കൊണ്ടുവന്നു.ചരിത്രം മറ്റൊരുവഴിക്ക് വികസിച്ചുകൊണ്ടിരുന്നപ്പോഴും എഴുത്തിന്റെ ശീലം മാറിയില്ല.മലയാളിയുടെ സ്വത്വത്തെ തിരിച്ചറിയാനും കേരളത്തിന്റെ വികാസചരിത്രം പരിഗണിക്കാനും നാം ബോധപൂർവം മറന്നു.നൂറ്റാണ്ടുകളുടെ അധിനിവേശത്തിന്റെയും സ്വാംശീകരണത്തിന്റെയും ചരിത്രമുള്ള കേരളത്തെ ഇന്ത്യയിലെ ഇതര ഉപദേശീയതകളുമായി താരതമ്യം ചെയ്യുന്നതിലെ യുക്തിരാഹിത്യം തിരിച്ചറിയാതെപോയി.രക്തത്തിലും അസ്ഥിയിലും മാംസത്തിലും കൂട്ടുമുന്നണിയായിരിക്കുന്ന ഒരു ജനസമൂഹത്തിന് മാതൃഭാഷയുടെ ബലത്തിൽ പുലർന്നുപോകാൻ കഴിയും എന്നുവിചാരിക്കുന്നത് ബുദ്ധിയല്ല.ഭാഷ നമ്മുടെ വികാരമാണ്;ആയിരിക്കുകയും വേണം.പക്ഷേ വൈകാരികമായതിനെല്ലാമുള്ള പരിമിതി ഭഷയ്ക്കും ബാധകമാണ്.ഇത് തിരിച്ചറിയാത്തത് വലിയ പരിമിതിയാണ്. നമ്മുടെ ഭാഷാബോധം ഇടുങ്ങിയതാണ്.അതിന് തുറസ്സുകളില്ല.കെട്ടിക്കിടപ്പാണ് അതിന്റെ യാഥാർത്ഥ്യം.അത് ചരിത്രത്തിൽനിന്ന് പിന്നോട്ടുനടക്കാൻ ആഹ്വാനം ചെയ്യുന്നു
മലയാളിയുടെ ഭാഷാസ്നേഹം എഴുത്തിലെങ്ങനെ പ്രതിഫലിച്ചു എന്ന അന്വേഷണം അർത്ഥവത്താണ്. സ്വാതന്ത്ര്യസമരഘട്ടത്തിലും സ്വാതന്ത്ര്യാനന്തരഘട്ടത്തിലും ഭാഷയുടെ മാഹാത്മ്യം പാടിയ കവിതകൾ ഉണ്ടായിട്ടുണ്ട്. പിന്നീട് പ്രസ്ഥാനങ്ങൾ മാറിവന്നപ്പോഴും കവികളുടെ മുഖ്യവിഷയങ്ങളിലൊന്നായി ഭാഷ നിലനിന്നു പോന്നു.തനതു സംസ്കാരത്തിനുവേണ്ടി പൊരുതുന്ന കവിതയുടെ ധർമ്മം അതിനകത്തു പ്രവർത്തിച്ചിരുന്നു എന്നത് വാസ്തവമായിരുന്നു.അമേരിക്കയിലുംഫിലാദൽഫിയയിലും പോയി ഒച്ച ഉറപ്പിച്ചുവന്ന മലയാളിക്ക്(കെ.ജി.എസിന്റെ കവിത)നാട്ടിൽ കിട്ടിയ സ്വീകരണം വിമർശിക്കപ്പെട്ടു.ഇംഗ്ലീഷിനെ പ്രതിസ്ഥാനത്തു നിർത്തി നാം നടത്തിയ ഭാഷാവിചാരങ്ങൾ വഴിതെറ്റിയ സഞ്ചാരങ്ങളായിരുന്നു.ഒരു പ്രതിയോഗിയെ മുന്നിൽ കണ്ടുകൊണ്ടല്ലാതെ ഭാഷയെക്കുറിച്ച് സംസാരിക്കാൻ മലയാളിക്ക് അറിയില്ലെന്ന അവസ്ഥ സംജാതമായിരിക്കുന്നു.കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിൽ ഒരു ബലിയാടിന്റെ പരിവേഷമാണ് മലയാള ഭാഷയ്ക്കുള്ളത്.നൂറ്റൊന്നാവർത്തിച്ച് ചെടിച്ചുപോയ ഈ ഭാഷാവിചാരത്തിൽനിന്ന് മലയാളി വളരേണ്ടിയിരിക്കുന്നു.
.1958-ൽ പി.കുഞ്ഞിരാമൻ നായരെഴുതിയ ‘മെക്കാളെയുടെ മകൾ’ എന്ന കവിത ഇന്നു വായിക്കുന്നത് കൗതുകകരമാണ്.കേരളസമൂഹം അരനൂറ്റാണ്ടിനകം ഒരു മലയാള കവിതയെ തിരസ്കരിച്ചുകൊണ്ട് മുന്നോട്ടുപോയതിന്റെ ചരിത്രം അതിലുണ്ട്.ഭാഷ അതായിമാത്രം നിലനിൽക്കുന്നില്ലെന്നും ഒരു സംസ്കാരത്തെ വിനിമയംചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും കഞ്ഞിരാമൻ നായർക്ക് നല്ല ബോധ്യമുണ്ടായിരുന്നു.ഇംഗ്ലീഷ് ഭാഷയോടും പാശ്ചാത്യ സംസ്കാരത്തോടും കടുത്ത വൈരമുണ്ടായിരുന്ന പി.കുഞ്ഞിരാമൻ നായർക്ക് അനായാസം എഴുതാൻ കഴിയുന്ന കവിതയായിരുന്നു’മെക്കാളെയുടെ മകൾ’. ഇംഗ്ലീഷ് ഭാഷയുടെയും  പാശ്ചാത്യ സംസ്കാരത്തിന്റെയും പ്രേരണകൾക്ക് വിധേയനായ ഒരു മലയാളി ഗൃഹനാഥന്റെ ആത്മാലാപമെന്ന നിലയിലാണ് ഈ കവിത രചിക്കപ്പെട്ടിരിക്കുന്നത്.
“പെറ്റമണ്ണിനെപ്പാടെ മറക്കാൻ ഗതികെട്ടൊ-
രുറ്റഭാഷയെത്താനേ വെറുക്കാൻ”
പരിശീലിക്കുന്ന മലയാളിയാണ് അയാൾ.അയാളിൽ കവികാണുന്ന കുഴപ്പങ്ങൾ എന്തെല്ലാമാണ്?തന്റെ നാടിന്റെ ഉദയം പടിഞ്ഞാറുനിന്നാണ് എന്നയാൾ കരുതുന്നു.
“പാഴ്മരങ്ങളാൽത്താടി വളർത്തും പഴഞ്ചനീ
വീടുവിറ്റൊരു പുത്തൻ ബംഗ്ലാവു”
തീർക്കാം എന്നയാൾ വിചാരിക്കുന്നു.അമ്പലം പൊളിച്ച് കമ്പനി പണിയാൻ അയാൾക്ക് പ്ലാനുണ്ട്.താമരക്കുളം തൂർത്തുകളയാനും മുറ്റത്തെ തുളസിത്തറയെ പട്ടിണിക്കിടാനും അയാൾ ആഗ്രഹിക്കുന്നു.മുള്ളുവേലികൾ പൊളിച്ചുകളഞ്ഞ് കൂറ്റൻ കന്മതിൽ പണിയാനാണ് അയാൾക്ക് താല്പര്യം.ഒട്ടുമാവുകൾ മാത്രം നിലനിർത്തിക്കൊണ്ട് മറ്റു മാവികളും പ്ലാവുകളും അയാൾ വെട്ടിക്കളയും.
“കയ്ക്കുന്നു പഴഞ്ചനിസ്സംസ്കാര,മെൻ കണ്മുന്നിൽ
നിൽക്കരുതിളിക്കുന്ന നാട്ടുപൂച്ചെടി വർഗ്ഗം”
ഇതാണ് അയാളുടെ മനോഭാവം.ശീമച്ചെടികളുടെ മാതൃകോദ്യാനം തീർക്കുന്ന തിരക്കിലാണയാൾ.നാട്ടുപശുക്കളെ പോറ്റാൻ അയാൾക്ക് താല്പര്യമില്ല.യന്ത്രപ്പശുവിന്റെ പൊടിപ്പാലാണ്` അയാൾക്ക് പഥ്യം.അന്തിക്ക് തെണ്ടിത്തിരിഞ്ഞുവരുന്ന നക്ഷത്രങ്ങളെ വിദ്യുത് ദീപങ്ങൾകൊണ്ട് അയാൾ പ്രധിരോധിക്കുന്നു.അന്തിക്കാറ്റിനെ പങ്കായം കൊണ്ട് പുറത്താക്കുന്നവനാണ് അവൻ.തരിശ്ശായിക്കിടക്കുന്ന ആകാശത്ത് എന്തെല്ലാമോ പദ്ധതികൾ അവൻ ആസൂത്രണം ചെയ്യുന്നുണ്ട്.റേഡിയോ സഖാവിന്റെ പാട്ടിന് കാതോർക്കുന്നവനാണ് അവൻ.കുയിൽപ്പാട്ട് നിലയ്ക്കും.പൂംകോഴിയുടെ കവിതാലാപനവും അസ്തമിക്കാൻ പോകുന്നു.
മെക്കാളെയെ നാടുകടത്തിയെങ്കിലും അയാളുടെ മകളെ നാം ഉപേക്ഷിച്ചില്ല.കവിയുടെ രോഷത്തിനു കാരണം ഇതാണ്.ഈ കവിതയിലെ ദേശീയവികാരത്തെ മാത്രം പുറത്തെടുത്താൽ ഏതൊരു മലയാളിക്കും അഭിമാനപുളകിതനാകാൻ വേണ്ട വകകൾ അതിലുണ്ട്.അതിലപ്പുറം യുക്തിരഹിതമായ കല്പനകൾകൊണ്ട് കെട്ടിപ്പൊക്കിയ യാഥാസ്ഥിതിക നിർമ്മിതിയാണ് ആ കവിത.മച്ചിലെ കെടാദീപം കെട്ടുപോകുമെന്നുള്ള ഉൽക്കണ്ഠ ആ കവിതയുടെ വിധിതന്നെ നിർണയിക്കുന്നു.സംസ്കാരത്തിന്റെ അടഞ്ഞ ഘടനയ്ക്കത്തു നിന്നുകൊണ്ട് എഴുതിയ ഈ കവിതയ്ക്ക് ചരിത്രം വലിയ തിരിച്ചടിയാണ് നൽകിയത്.ആധുനികവൽകരണവും വ്യവസായവൽകരണവും കേരളത്തിന്റെ മുഖഛായതന്നെ മാറ്റിക്കളഞ്ഞു.അമ്പലം പൊളിച്ച് കമ്പനി പണിയുന്നത് കൊടും പാതകമായി അന്നു കരുതിയിരുന്നു.ഇന്ന് അമ്പലങ്ങൾക്കുള്ളത്ര പ്രാധാന്യം ഫാക്ടറികൾക്കും ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാകുന്നു.വൈദ്യുതിയും പങ്കയും നിത്യജീവിതയാഥാർഥ്യമായിരിക്കുന്നു.തരിശ്ശായ ആകാശത്ത് ആധുനികസാങ്കേതികവിദ്യ പുതിയ സ്വപ്നങ്ങൾ വിതച്ച് ഫലം കൊയ്തുകൂട്ടുന്നു.കാർഷികരംഗത്ത് നിരന്തരം നടത്തിയ ഗവേഷണങ്ങൾ സസ്യജാതികളെ അത്യുല്പാദനശേഷിയുള്ളതാക്കി മാറ്റി.ഒട്ടുമാവുകൾ മാത്രമല്ല ഒട്ടുമിക്ക വൃക്ഷങ്ങളും ഒട്ടുവിദ്യയിലൂടെ രൂപപ്പെടുത്തിയെടുത്തു.മാധ്യമരംഗം റേഡിയോയെയും കടന്ന് ടി.വി.യിലും നവമാധ്യമങ്ങളിലും എത്തിനിൽക്കുന്നു.പൂങ്കോഴിയുടെ കളകൂജനം കേട്ട് ഉറക്കമുണരുന്ന മലയാളി ഇന്നില്ല.
“പോറ്റുകില്ലിനിമേലിലീ നാട്ടുപശുക്കളെ;-
ത്തൃപ്തനാണു ഞാൻ യന്ത്രപ്പശുവിൻ പൊടിപ്പാലാൽ”

എന്നു മലയാളി തലകുലുക്കി സമ്മതിച്ചുകഴിഞ്ഞു..ശീമമദ്യം നമ്മുടെ വരുമാനസ്രോതസ്സിന്റെ മുഖ്യ ഇനമാകുന്ന കാഴ്ച്ചയാണ് കണ്മുന്നിലുള്ളത്.ആംഗ്ലേയഭരണം അവസാനിച്ചെങ്കിലും നമ്മുടെ ഭരണഘടനയുടെയും നീതിന്യായവ്യവസ്ഥയുടെയും പാർലമെന്ററി ജനാധിപത്യത്തിന്റെയും ആണിക്കല്ല് പടിഞ്ഞാറൻ തന്നെ.ഈ യാഥാർത്ഥ്യങ്ങളെ മുഴുവൻ കുഴിച്ചുമൂടിയിട്ട് തറവാട്ടുമഹിമ പുലമ്പാൻ പ്രേരിപ്പിക്കുന്ന സാഹിത്യം യാഥാർത്ഥ്യബോധമില്ലാത്തതാണ്.സാഹിത്യത്തിന് അങ്ങനെയൊരു കുഴപ്പമുണ്ട്.അതുകൊണ്ടാവാം തന്റെ ആദർശ സാമ്രാജ്യത്തിൽനിന്ന് പ്ലേറ്റോ കലാകാരന്മാരെ പുറത്താക്കിയത്.ചിലപ്പോഴെങ്കിലും നമുക്ക് പ്ലേറ്റോയിലേക്ക് മടങ്ങേണ്ടിവരും.

പുതിയ കൊല്ലന്റെ പണിത്തരങ്ങൾ



കഴിഞ്ഞ പതിനഞ്ചു കൊല്ലമായി മലയാളകവിതയിൽ നിശ്ശബ്ദമായൊരു പുതുക്കിപ്പണിയൽ നടക്കുകയാണ്.കവിതയെക്കുറിച്ചുള്ള പരമ്പരാഗത  ധാരണകളിൽ നിന്ന്  ബോധപൂർവ്വം അകന്നുനിന്നും അരുകുകളിൽ നിന്ന് കയറി വന്നും പതുക്കെ കാവ്യഭാവുകത്വത്തിന്റെ  നടുത്തളത്തിൽ എത്തി നിൽക്കുന്ന ഒരു നിശ്ശബ്ദ മുന്നണിയാണ് ഈ പുതുക്കിപ്പണിയലിന് നേതൃത്വം കൊടുക്കുന്നത്.ആരുടെയും ആഹ്വാനമില്ലാതെ നടക്കുന്ന ഈ നിശബ്ദ വിപ്ലവമുനണിയിലേക്ക് പലഭാഗത്തുനിന്നും ആളുകൾ വന്നുചേരുന്നതാണ് പോയ പതിറ്റാണ്ടുകാലത്തെ മലയാള കാവ്യാനുഭവം.മുറുമുറുപ്പുകളെയും അവമതിക്കലുകളെയും കാര്യമാക്കതെ മുന്നേറിയ ഈ പുതു ഭാവുകത്വം കവിതയിലെ ജൈവനീതിയാണെന്ന് തിരിച്ചറിവിലേക്ക് നാം പതുക്കെ നടന്നടുക്കുകയാണ്.മലയാള കവിതയിൽ സംഭവിച്ച ഈ ഭാവികത്വപരിണാമത്തിന് മുന്നിൽ നിന്ന് അടയാളം കാണിച്ച കവിയാണ് എസ്.ജോസഫ്.കേരള സാഹിത്യ അക്കാദമി മികച്ച കാവ്യസമാഹാരത്തിനുള്ള പുരസ്കാരം നൽകി ജോസഫിന്റെ കൃതിയെ ( ഉപ്പന്റെ കൂവൽ വരയ്ക്കുന്നു ) ആദരിക്കുമ്പോൾ അത് മലയാളത്തിലെ പുതു കവിതയ്ക്കുള്ള അംഗീകാരം കൂടിയായി മാറുന്നു.
ബൃഹദാഖ്യാനങ്ങളുടെയും വക്രോക്തി ശാഠ്യങ്ങളുടെയും നെടുമ്പുരയ്ക്കുള്ളിൽ നിന്ന് കവിതയെ സാധാരണക്കാരന്റെ കൂരയിലേക്ക് ഇറക്കിക്കൊണ്ടുവരുവാനാണ് ജോസഫ് എന്ന കവി ആദ്യം മുതലേ പരിശ്രമിച്ചത്.കവിതയ്ക്ക് പല ജീവിതങ്ങളുണ്ടെന്നതിന്റെ സാക്ഷ്യമായിരുന്നു ആ കവിതകൾ.നമ്മുടെ കാവ്യബോധത്തെയും കാവ്യാനുശീലനത്തെയും കഠിനമായി ശിക്ഷിച്ചുകൊണ്ട് കടന്നുവന്ന ജോസഫിന്റെ കവിതകൾ ഇന്ന് മലയാലകവിതയുടെ സജീവ യാഥാർത്ഥ്യമാണ്.കറുത്തകല്ല്,മീൻകാരൻ,ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു,ചന്ദ്രനോടൊപ്പം ( അച്ചടിയിൽ ) എന്നീ അഞ്ചു കാവ്യസമാഹാരങ്ങളിലായി ആ കവിതകൾ നമുക്ക് മുന്നിലുണ്ട്.
അറം പറ്റിപ്പോയ ഭാവുകത്വത്തിന്റെ കുടുക്കുകളിൽ നിന്ന് കവിതയെ അഴിച്ചെടുത്ത് വയ്ക്കാനും ഇത്തിരി വെട്ടത്തിലും ഇരുട്ടിലും കാട്ടിത്തന്ന് അതിന്റെ അപരജീവിതം സാക്ഷ്യപ്പെടുത്തുവാനും ഈ കവി ശ്രമിക്കുന്നു.പെയ്തു നിറയലും ഒഴുകിപ്പരക്കലും മാത്രമല്ല കെട്ടിക്കിടപ്പും കവിതയാണെന്ന യുക്തി അത് വെളിപ്പെടുത്തുന്നു.
“ഇരുട്ട് കൂടിയിരിക്കുന്ന ഒരിടത്താണെന്റെയും
വീടിരുന്നതെന്നെപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്” (ചില ഇരുണ്ടയിടങ്ങൾ ) എന്ന കവിയുടെ സന്ദേഹം  കവിതയെസംബന്ധിച്ച  ബോധ്യത്തിലേക്കുള്ള നടന്നുകയറ്റമായും വായിക്കാം. ഇരുണ്ടയിടങ്ങളിൽ വെളിച്ചം കത്തിച്ചു വയ്ക്കുന്ന കൂവലുകൾ കവിതയാകുന്നതിന്റെ കാരണവും അങ്ങനെ വ്യക്തമാകുന്നു.ഇരുട്ടിൽ പതുങ്ങുകയും വല്ലപ്പോഴും മാത്രം ഉണ്മയുടെ ഒരു വെട്ടിത്തിരിയലായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ജീവിതങ്ങളെ കവിതയുടെ ഏത് കണക്കിൽ പെടുത്തും എന്ന സന്ദേഹമുള്ളവർക്ക് പഥ്യമാകാത്തതാണ് ആ കാവ്യബോധം എന്ന് കൂടി പറയേണ്ടതുണ്ട്. കവിയുടെ യോഗ്യതയെക്കുറിച്ചും സംശയമുള്ളവർക്ക് മറുപടിയുണ്ട് ഈ കവിയുടെ കയ്യിൽ.
‘‘മുനപോയ ഉളികൊണ്ടു പണിയുന്ന
ആശാരിയാണ് കവി.
ആലയില്ലാത്ത കൊല്ലൻ,
ചുറ്റികയും കരണ്ടിയുമില്ലാത്ത കൽപ്പണിക്കാരൻ
പണി നടന്നേ പറ്റൂ” ഈ തിരിച്ചറിവ് ജോസഫ് എന്ന കവിക്ക് നൽകുന്ന ശക്തി ചെറുതല്ല.
“ജനാലയിലിരുന്ന് ഒരു പെൺകുട്ടി മുടി ചീകുന്നു
ഈ ഒരു വാക്യം മതി ഒരു കവിതയാകുവൻ”(തൂവാല )എന്ന തിരിച്ചറിവ് ജോസഫിനുണ്ട്.മുൻപ് നമുക്ക് പരിചിതമല്ലാത്ത നിരീക്ഷണമാണത്.നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് മേൽ നടത്തുന്ന കടന്നുകയറ്റം കൂടിയാണത്.എന്നാൽ ഇന്നത് ഒറ്റപ്പെട്ട ശബ്ദമായല്ല നാം കേൾക്കുന്നത്.താഴ്വരയിലെ മനുഷ്യൻ പാടുന്ന ,മലകളെ ചുറ്റിപ്പോകുന്ന പാട്ടിന്റെ അർത്ഥം തിരയയുന്നതിന്റെ അർത്ഥശൂന്യതയെ ഓർമ്മിപ്പിക്കുന്ന കവിയോട് ന്യായവാദങ്ങൾ അരുത്. മീങ്കാരന്റെയും കല്പണിക്കാരന്റെയും കുഴിവെട്ടുകാരന്റെയും ജീവിതത്തിന് കാവ്യാത്മകതയില്ലെന്ന ധാരണയെ ചോദ്യം ചെയ്യുന്നവനാണ് ഈ കവിയെന്നുകൂടി അറിയണം.
“വേശ്യപ്പണിക്കു പോയവൾക്ക്
തകരപ്പാത്രം കവിതയാകുമോ?
ആകും.മറ്റൊരു ജീവിതം കണ്ടെത്തുകയാൽ.
പിച്ചക്കാരുടെ കവിതയാകട്ടെ
തങ്ങളെത്തന്നെ വിരലുകളില്ലാതെ
ചൂണ്ടിക്കാണിക്കേണ്ടിവരുന്നത്.
കുഴിവെട്ടുകാരന് കവിതയില്ലെന്ന് തോന്നാം
എല്ലാപ്രതീക്ഷയും വീണടിയുന്നു
പള്ളിപ്പറമ്പിലെയാറടി മണ്ണിൽ
എന്നവൻ പാടുന്നുണ്ട്” (പല കവിതകൾ ) കവിതയ്ക്ക് പാകമായ ജീവിതവും ഇടവുമുണ്ടെന്ന് കരുതുന്ന കവികളിൽനിന്ന് ജോസഫ് വേറിട്ടു നിൽക്കുന്നു.ഓരോ മനുഷ്യനും ഓരോ ജീവിതമുണ്ട്.ജീവിതത്തെ കവിതയിൽ വരയ്ക്കുന്നവന് സ്വന്തം ചായക്കൂട്ടുകളും വരയൽ രീതികളും ഉണ്ട്.തന്നെത്തന്നെ കവിതയിൽ എടുത്തുവയ്ക്കാനും ചുറ്റുവട്ടത്തിലൂടെ തന്നെ കാണാനും പ്രത്യേക താല്പര്യമുള്ള കവിയാണ് ജോസഫ്.പച്ചയിൽ വീണലിഞ്ഞും വെള്ളത്തിൽ ഒഴുകിമാഞ്ഞും വെളിപ്പെടുന്ന സ്വത്വമാണ് കവിക്കും കവിതയ്ക്കും അവകാശപ്പെടാനുള്ളത്.അവിടെ കവിതയ്ക്ക് അന്യമായതൊന്നുമില്ല.
“ചൂളയ്ക്കുവച്ച കട്ടകൾ
പുകകൊണ്ടൊരു മരം വരയ്ക്കുന്നു.
അതു കണ്ട് കരിമ്പുകളും ബ്രഷ്
വെളുപ്പിൽ മുക്കി വരയ്ക്കുന്നു.
കാട്ടുകോഴികളും പെൻസിൽ
കാലുകൊണ്ട് വര്യ്ക്കുന്നു.
ഒട്ടൽകൂട്ടം കക്കറ്റിൽ പെട്ട്
ഉപ്പന്റെ കൂവൽ വര്യ്ക്കുന്നു” ( തൂവാല ) എന്നെഴുതാൻ ജോസഫിന് കഴിയുന്നത് ഈ കാഴ്ച്ചപ്പാട് ദൃഢപ്പെട്ടതുകൊണ്ടാണ്.
ഇരുട്ടിലേക്ക് താണുപോയ ,നിഴലിൽ മരഞ്ഞിരിക്കുന്ന ജീവിതത്തെയും അതിന്റെ  ഭാഷയെയും വീണ്ടെടുക്കാനുള്ള ശ്രമം ജോസഫിന്റെ കവിതയിൽ എമ്പാടും കാണാം. അടഞ്ഞ ഘടനയിൽ കെട്ടിക്കിടക്കുന്ന കവിതയെ പുറം ലോകത്തേക്ക് കൊണ്ടുവരാൻ അദ്ദേഹം പ്രത്യേക താല്പര്യമെടുക്കുന്നു. ഭാഷയുടെ ഔപചരികത കുടഞ്ഞെറിഞ്ഞ് പുതുകവിത അതിന്റെ രാഷ്ട്രീയം വെളിവാക്കുന്നത് ‘മലയാളകവിതയ്ക്ക് ഒരു കത്ത്’ എന്ന കവിതയിൽ കാണാം.
“നിന്റെ ആളുകളെ എനിക്കറിയാം
വലിയ കെട്ടിടങ്ങൾപോലെയുള്ളവർ
അവർ നിന്നെ ചതുരങ്ങളിലും വൃത്തങ്ങളിലും
പൂട്ടിയിട്ടു
ഒരു തുളയിലൂടെ നീ പുറംലോകം കണ്ടു.
വീട്ടുപകരണങ്ങളിൽ തട്ടി വീണു
തുണികളും ചിരികളുമെടുത്തണിഞ്ഞ്
അമ്പലത്തിലേക്ക് പോകുംവഴി
നീ കാറിലിരുന്നു എന്നെ നോക്കിയത് മറക്കത്തില്ല.
എല്ലാം മടുത്തു അല്ലേ?

കാടുകാണാനും ഓലപ്പുരയിലുറങ്ങാനും
ചെളിവെള്ളത്തിൽ നടക്കാനും
പെണ്ണിന് കൊതി തോന്നാം
വെയിലത്ത് അവൾ പൊള്ളും
മഴനനഞ്ഞ് പനിപിടിക്കും.

നിനക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ?
ഇവിടെ അതേയുള്ളൂ
ഇഷ്ടമുള്ളത് പറയാം ,ചെയ്യാം
തോട്ടിൽപ്പോയി കുളിക്കാം
പറമ്പിലെത്തുന്ന കരിയിലാം പിടകളോടൊപ്പം
ചിലയ്ക്കാം
തിണ്ണയിൽ തഴപ്പായിട്ടിരിക്കാം” ജോസഫ് എന്ന കവി വിഭാവനചെയ്യുന്ന കവിതയുടെ തുറസ്സ് ഇങ്ങനെ അടയാളപ്പെടുന്നു.ജീവിതത്തിനുള്ളത്ര ധ്വനിതലം കവിതയ്ക്ക് വേണ്ടെന്ന നിലപാടും ഈ കവി പങ്കുവയ്ക്കുന്നുണ്ട്.ദുരിതങ്ങൾ ഒഴിഞ്ഞുപോകുന്നതോടെ ജീവിതത്തിന് മൗനത്തിന്റെ മുഴക്കവും ധ്വനിതലവും കൂടിവരുന്നത് ‘ധ്വനി’ എന്ന കവിതയിൽ സൂചിപ്പിക്കപ്പെടുന്നു.
“പോക്കെടമില്ല അല്ലേ?എന്ന ചോദ്യമാണ്
ഞാൻ പ്രയോഗിച്ചിട്ടുള്ള ഏറ്റവും വലിയ ധ്വനി
എന്ന് തോന്നുന്നു”-ഇത് നിഷ്കളങ്കമായ ഏറ്റുപറച്ചിൽ മാത്രം.എന്നാൽ വെള്ളത്തിൽ മുങ്ങിച്ചെന്ന് കല്ലുവച്ചു ബണ്ടുകെട്ടുന്ന പ്രവൃത്തി പോലെ ‘കാണാൻ വയ്യാത്ത ആഴത്തിലാണ് കവിതയിലും കല്ലുവയ്ക്കുന്നത്’ എന്ന തിരിച്ചറിവും ഈ കവിക്കുണ്ട്.സിദ്ധാന്തങ്ങളിലും പാഠപുസ്തകങ്ങളിലും കണ്ടു പരിചയിക്കാത്ത ആഴമാണ് അതെന്ന വ്യത്യാസം മാത്രം.
ജോസഫിന്റെ കവിത വിനിമയം ചെയ്യുന്ന പ്രകൃതിബോധവും ശ്രദ്ധേയമാണ്.മുൻ കാല കവികളുടെ കല്പനിക പ്രകൃതിബോധത്തെ അത് നിരാകരിക്കുന്നു.കവിതയ്ക്കകത്ത് സ്വാഭാവികമായി  രൂപംകൊള്ളുന്ന പ്രകൃതിയാണത്.ഉയർന്ന മാനവികബോധത്തിന്റെ മുദ്രയായി അത് കവിതയാകെ ചൂഴ്ന്നു നിൽക്കുന്നു.  ചുറ്റുമുള്ള പ്രകൃതിയും ജന്തുജാലവും  മനുഷ്യരും ഈ അനുഭവത്തെ സജീവമാക്കി നിർത്തുന്നു.മലയാളകവിത ഇന്ന് എത്തിനിൽക്കുന്ന വളർച്ചയുടെ പടവാണത്.
കട അടച്ചു കഴിഞ്ഞിട്ടും വഴിവിളക്കിന്റെ വെട്ടത്തിൽ കടത്തിണ്ണയിൽ നിൽക്കുന്നവനെപ്പോലെ പിന്നെയും സ്വന്തം കവിതയിൽ താനുണ്ടാകുമെന്ന് ജോസഫ് വിശ്വസിക്കുന്നു.ഈ പ്രതീക്ഷതന്നെയാണ് ആ കവിതകളുടെ സാദ്ധ്യതയും.
..................................