Sunday, April 28, 2013

ആവിഷ്ക്കാരം



കടൽ കരയിലേക്ക്
വീശിയെറിഞ്ഞു പിൻവലിക്കുന്ന
വലയുടെ തുമ്പത്ത്
നുരമുത്തുകൾ ആവിഷ്ക്കരിക്കും പോലെ
നിന്റെ പീലിക്കണ്ണുകളിൽ ആരാണ്
കടമ്പിൻ ചോലകൾ ആവിഷ്ക്കരിച്ചത്
എന്നു ചോദിച്ചുകൊണ്ട്,
അവൻ അവളുടെ കവിളിൽ
ഒരു മുത്തം ആവിഷ്ക്കരിക്കുന്നു.

പതിവുപോലെ
അണ്ടിയാപ്പീസിൽ പോകാനാവാതെ
വീടിന്റെ മൂലയിൽ
ഞണുങ്ങിയ ചോറ്റുപാത്രമായി വീഴുകയും
വാഴച്ചോട്ടിൽ ഛർദ്ദിക്കുകയും ചെയ്തവളോട്
‘ഒരുമ്പെട്ടോളേ,
കുടുമ്മത്തിനു ചീത്തപ്പേരാവിഷ്ക്കരിച്ചല്ലോടീ’
എന്ന് പെറ്റതള്ള കലിതുള്ളുന്നു.


ഞാനാരുടെയും പെണ്ണല്ലെന്ന്
പംക്തിയിൽ പൊട്ടിത്തെറിച്ചവൾ
കുളിമുറിയിൽ തളർന്നു വീഴുമ്പോൾ
‘ദൈവമേ,ഇതെന്തൊരാവിഷ്ക്കാരം’
എന്നു വിസ്മയിക്കുന്നു.

എല്ലാ എടുപ്പുകളും കീറലുകളും
തുന്നിക്കെട്ടലുകളും
ഓരോതരം ആവിഷ്ക്കാരങ്ങളാണ്.

കുളം മീനിനെയും മീൻ കുളത്തെയും
ആവിഷ്ക്കരിക്കുന്നുണ്ട്.
എഴുത്തുകാരനും കൃതിയും
പരസ്പരം ആവിഷ്ക്കരിക്കുന്നു.
ലോകത്തോട് പരിഭവിച്ച്
കെറുവിച്ചുകിടക്കുന്ന കുളത്തിലേക്ക്
വല്ലപ്പോഴുംവന്നുപോകുന്ന ചൂണ്ടക്കാരനെപ്പോലെ
നിരൂപകനും കൃതിയിൽ
ചില ആവിഷ്ക്കാരങ്ങൾ നടത്തുന്നുണ്ട്.

എല്ലാവരും എന്തെങ്കിലുമൊക്കെ ആവിഷ്ക്കരിക്കുന്നുണ്ട്.
ചിലർ സ്വയം ആവിഷ്ക്കരിക്കുന്നു.
ചിലർ മറ്റുള്ളവർക്ക് ആവിഷ്ക്കരിച്ചു കൊടുക്കുന്നു.

ലോകം ആരുടെ ആവിഷ്ക്കാരമാണെന്ന ചോദ്യം
ആരുടെ ആവിഷ്ക്കാരമാണാവോ!