പട്ടാമ്പി
പാലത്തിൽനിന്ന്
താഴേക്ക് നോക്കിയാൽ
കാണാം
മലർന്നടിച്ചു
കിടക്കുന്ന നിളയെ.
ദൂരെ മണൽപ്പരപ്പിൽ
വെയിൽകായുന്ന
പുടവ.
ഒഴുക്കിൻ ഓർമ്മപ്പെരുക്കം
പോൽ
പിണഞ്ഞാർക്കും
ചികുരം.
കിളിച്ചാർത്തുകൾ
അലുക്കിട്ട
അരഞ്ഞാൺ വട്ടം.
ആകാശത്തേക്ക്
തുറന്നുവച്ച അഭിമാനം.
ഒരു കൂസലുമില്ലാത്ത
കിടപ്പ്.
പണ്ട് ഇത്തരം
കിടപ്പുകൾക്ക്
നാട്ടുമനസ്സിന്റെ
നേർമയും
കവിപ്പാട്ടിന്റെ
വർണകംബളവും
പുതപ്പാകുമായിരുന്നു;
നിറഞ്ഞു കവിയുമ്പോഴും
നുരഞ്ഞു പൊന്തുമ്പോഴും.
ചില നേരങ്ങളിൽ
ഓരപ്പൊന്തയിലെ
കിളിച്ചാർത്തുകൾ
കൂക്കിയുണർത്തുമായിരുന്നു.
വെയിൽ നുള്ളി
പൊന്നെടുക്കുമായിരുന്നു.
മഴ ഇക്കിളിപ്പെടുത്തുമായിരുന്നു.
ഇന്നതെല്ലാം
പോയി.
ഇരമ്പുന്ന
വാഹനങ്ങളിൽനിന്ന്
ഏന്തിവലിഞ്ഞ
നോട്ടങ്ങൾ.
കുരുത്തക്കേടിന്റെ
കുപ്പിച്ചില്ലേറുകൾ.
കവിച്ചാർത്തുകൾ ചത്തുതൂങ്ങുന്ന
വൈദ്യുതക്കമ്പികൾ.
കോരിക്കോരി
കുടിച്ചിട്ടും
തീരാത്ത ദാഹങ്ങൾ.
യന്ത്രമാനവന്മാരുടെ
നീണ്ടുനീണ്ടുവരുന്ന കൈകൾ
പ്രിയ നിളേ
നിന്നെ
കോരിയെടുത്തു
മറയുന്നു.
പകച്ച് നോക്കും
കാട്ടുപൊന്തകൾക്കങ്ങേപ്പുറം
ഉദ്ധൃതാവേശം
പൊന്തുന്നോട്ടുകമ്പനിക്കുഴൽ.
തോറ്റുപോകുന്നൂ
വാക്ക്,ജയിപ്പൂ കൊതിപ്പട.
ഒഴുക്കിന്നോർമ്മപ്പാടീ
മണലിൽ കുറിച്ചത്
വിധിയോ, ചതിപ്പാട്ടിന്നീണത്തിൻ
വെയിൽച്ചീളോ?
No comments:
Post a Comment