ഇന്നലെകളുടെ ധന്യതയിൽ നിന്നുകൊണ്ട് നോക്കുമ്പോഴാണ്
ഇന്നിന്റെ ജീവിതത്തിന് നിറവും ലക്ഷ്യബോധവും ഉണ്ടാകുന്നത്.ചരിത്രത്തിന്റെ പാഠങ്ങൾ ഉരുവിട്ടു
പഠിക്കുന്നവരാണ് പുതിയ ചരിത്രത്തിന് തുടക്കം കുറിക്കുന്നത്.സാഹിത്യത്തിന്റെ കാര്യത്തിലും
ഇത് വാസ്തവമാണ്.മലയാളസാഹിത്യം ഇന്നലെകളിൽ നടന്ന വഴിയും ആ വഴിത്താരയിൽ ദീപസ്തംഭം പോലെ
നിന്ന മനീഷികളും ഇന്നത്തെ സമൂഹത്തിന് വഴിയും വെളിച്ചവുമാണ്.ഈ വസ്തുത മനസ്സിലാക്കിക്കൊണ്ടാണ്
കേരള സാഹിത്യ അക്കാദമി ബൃഹത്തായ ഒരു ജീവചരിത്ര പരമ്പരയ്ക്ക് രൂപം നൽകിയിട്ടുള്ളത്.ഇന്നലെകളിൽ
ജീവിച്ചുകൊണ്ട് മലയാള സാഹിത്യത്തെയും കേരള സമൂഹത്തെയും മുന്നോട്ടുനയിച്ച പ്രതിഭാശാലികളെ
പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ഈ പ്രവർത്തനം കൊണ്ട് അക്കാദമി ലക്ഷ്യമാക്കുന്നത്.അപ്രകാരം
അക്കാദമി പ്രസിദ്ധീകരിച്ച ഒരു ജീവചരിത്ര പുസ്തകമാണ് ‘കുറ്റിപ്പുറത്ത് കേശവൻ നായർ’.അനേകം
സ്രോതസ്സുകളിൽ നിന്ന് വിവരം ശേഖരിച്ച് വായനക്കാർക്ക് രുചിക്കുന്ന ഘടനയിൽ ഒരു ജീവചരിത്രം
രചിക്കുക എന്നത് ശ്രമകരമായ പ്രക്രിയയാണ്.ഡോ.അനിൽ വള്ളത്തോൾ രചിച്ച ഈ ജീവചരിത്ര ഗ്രന്ഥം
അതിന്റെ രചനാലക്ഷ്യത്തെ നൂറുശതമാനവും സഫലമാക്കിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.പുതുതലമുറയ്ക്ക്
ഏതാണ്ട് അപരിചിതനായിക്കഴിഞ്ഞ കുറ്റിപ്പുറത്തിനെ അർഹിക്കുന്ന പ്രാധാന്യത്തോടെ ,സമഗ്രമായിത്തന്നെ
ഈ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു കൃതി വായനക്കാരുമായി പങ്കുവയ്ക്കാൻ
ശ്രമിക്കുന്ന ആശയതലമാണ് ആ കൃതിയെ സംബന്ധിച്ച അസ്തിത്വത്തെ നിർണ്ണയിക്കുന്ന മുഖ്യ ഘടകം.
സാഹിത്യകൃതികളെ പ്രത്യേക സാഹിത്യവിഭാഗത്തിൽ ഉൾപ്പെടുത്തി രചിക്കുന്ന രീതി പരമ്പരാഗതമായി
നിലനിൽക്കുന്നുണ്ട്.രചനയുടെയും വായനയുടെയും സൗകര്യത്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.എന്നാൽ
ആധുനികാനന്തര സാഹിത്യം ഈ ധാരണയെ നിഷേധിച്ചുകൊണ്ടാണ് മുന്നേറുന്നത്.ആത്മകഥകളും ജീവചരിത്രങ്ങളും
അതിന്റെ പരിമിതമായ ലക്ഷ്യങ്ങളെ ഉല്ലംഘിക്കുന്നതിന് സമകാലസാഹിത്യം തെളിവ് നൽകുന്നു.
ഡോ.അനിൽവള്ളത്തോൾ രചിച്ച കുറ്റിപ്പുറത്തു കേശവൻ നായരുടെ ജീവചരിത്രം ഈ അർത്ഥത്തിലും
പ്രാധാന്യം അർഹിക്കുന്നു. വള്ളത്തോൾ എന്ന മഹാവിഗ്രഹത്തിന്റെ
നിഴലിൽ മാത്രംപരിഗണിക്കപ്പെട്ടുപോന്ന കുറ്റിപ്പുറത്തു
കേശവൻ നായർ എന്ന ബഹുമുഖപ്രതിഭയെ സ്വതന്ത്രവും സമഗ്രവുമായി അനാവരണം ചെയ്യുവാൻ ഗ്രന്ഥകാരൻ
ശ്രമിച്ചിട്ടുണ്ട്. കേവലം ഒരു ജീവചരിത്രം മാത്രമായി
ഈ പുസ്തകത്തെപരിഗണിക്കാനാവില്ല. ഒരു കാലഘട്ടത്തിന്റെ സാഹിത്യസംസ്കാരത്തെ സൂക്ഷ്മാംശത്തിൽ
വിവരിക്കുന്ന സാഹിത്യചരിത്രത്തിന്റെ ധർമ്മം ഈ പുസ്തകം നിർവഹിക്കുന്നു.മാത്രമല്ല, ഒരു
സാഹിത്യനിരൂപണകൃതിയുടെ ഉതരവാദിത്വം സമർത്ഥമായി നിർവഹിക്കുന്ന ഗ്രന്ഥമായും ഈ കൃതി അനുഭവപ്പെടുന്നു.കുറ്റിപ്പുറത്തിന്റെ
കുടുംബാംഗമാണ് ഗ്രന്ഥകാരൻ എന്നതാണ് ഈ കൃതിക്കു കിട്ടിയ വലിയ അനുഗ്രഹങ്ങളിലൊന്ന്.’കുറ്റിപ്പുറത്തു
കേശവൻ നായർ’ എന്ന ഗ്രന്ഥത്തിന്റെ രചനയിലൂടെ മറവിയിലേക്ക് പൊയ്ക്കൊണ്ടിരുന്ന ഒരനുഗൃഹീത
കവിയെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന മഹത്തായ കർമ്മമാണ് ഗ്രന്ഥകാരൻ
നിർവഹിക്കുന്നത്.
നൂറ്റിമുപ്പത്തിനാലു പേജുകളിലായി ,പതിനാല്
അധ്യായങ്ങളിലൂടെയാണ് ഡോ.അനിൽ വള്ളത്തോൾ കുറ്റിപ്പുറത്തിന്റെ ജീവചരിത്രം അനാവരണം ചെയ്തിട്ടുള്ളത്.കവിയെന്ന
നിലയിൽ മാത്രം സാധാരണ വായനക്കാർ മനസ്സിലാക്കിയിട്ടുള്ള കുറ്റിപ്പുറത്തെ പതിനാല് അധ്യായങ്ങളിൽ
അവതരിപ്പിക്കുന്നതിന്റെ പ്രാധാന്യം ശ്രദ്ധിക്കേണ്ടതാണ്.സ്മര്യപുരുഷന്റെ വ്യക്തിത്വത്തെ
സൂക്ഷ്മാംശത്തിൽ മനസ്സിലാക്കുവാൻ ഗ്രന്ഥകാരൻ നടത്തിയ പരിശ്രമം ഈ അധ്യായവിഭജനം വ്യക്തമാക്കുന്നുണ്ട്.ഗവേഷണരംഗത്ത്
ദീർഘകാലമായി പ്രവർത്തിക്കുന്നതിന്റെയും അധ്യാപകനെന്ന നിലയിലുള്ള നീണ്ടകാലത്തെ അനുഭവത്തിന്റെയും
ഗുണപരമായ ഘടകങ്ങൾ ഇതിന് ഗ്രന്ഥകാരന് സഹായകമായിട്ടുണ്ട്.’ഗ്രാമീണകന്യക’എന്ന
കവിതയുടെ രചയിതാവായി മാത്രം പരക്കെ അറിയപ്പെടുന്ന കുറ്റിപ്പുറത്തിൽ കവിതയുടെ ഭിന്നധാരകൾ
ഊർജസ്വലവും സുരക്ഷിതമായിരുന്നു എന്ന് ഗ്രന്ഥകാരൻ സയുക്തികം സമർത്ഥിക്കുന്നു.അന്നത്തെ
നിലയിൽ കവിതയിലെ നൂതനധാരകളോട് തോൾ ചേർന്ന് നടന്ന കവിയെ ഈ വിവരണത്തിൽ കാണാം.ജീവിതത്തോട്
പ്രസാധാത്മക നിലപാട് പുലർത്തിയിരുന്ന കവിയായിരുന്നു കുറ്റിപ്പുറമെന്ന് ഏറേക്കുറേ പ്രസിദ്ധമാണ്.എന്നാൽ
ആ പ്രസാധാത്മകത്ത്വത്തിന്റെ കാരണങ്ങൾ അപഗ്രഥിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ കാവ്യനിരൂപണം
വേണ്ടത്ര നടത്തിയിട്ടില്ല എന്നതാണ് വാസ്തവം .കവിവ്യക്തിത്വത്തിലൂടെ കാവ്യത്തിലേക്ക്
കടക്കുന്ന വലിയ പരിശ്രമം അതിന് ആവശ്യമായിരുന്നു.ഇവിടെ ഡോ.അനിൽ വള്ളത്തോൾ ആ ദൗത്യം വളരെ
ഭംഗിയായി നിർവഹിച്ചിരിക്കുന്നു.കുറ്റിപ്പുറം കവിതകളിൽ പ്രകടമാകുന്ന പ്രാസം,താളം,ഭാഷയുടെ
ആർജ്ജവം,കല്പനകളുടെ ചാരുത തുടങ്ങി ഓരോ ഘടകവും ജീവചരിത്രകാരൻ പഠനവിധേയമാക്കിയിട്ടുണ്ട്.ജീവിതത്തോട്
എത്രമാത്രം ശുഭാപ്തിവിശ്വാസം പുലർത്തിയിരുന്ന കവിയാണ് കുറ്റിപ്പുറമെന്നറിയാൻ അദ്ദേഹത്തിന്റെ
ജീവചരിത്രം പശ്ചാത്തലമായി വേണമെന്ന് ഈ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഗ്രാമീണകന്യക എന്ന ഒറ്റക്കവിതമതി കുറ്റിപ്പുറത്തിന്റെ
കവിത്വസിദ്ധിക്ക് തെളിവിന്.’ഗ്രാമീണകന്യകയുടെ പിതാവ്’എന്ന അദ്ധ്യായത്തിലൂടെ ഈക്കാര്യം
ഗ്രന്ഥകർത്താവ് വ്യക്തമാക്കുന്നു.ജീവിതം ബലികഴിച്ചുകൊണ്ട് കവിതയെ സംരക്ഷിക്കാൻ കുറ്റിപ്പുറം
തയ്യാറല്ലായിരുന്നു.ജീവിതത്തിന്റെ ആഘോഷത്തിനിടയിൽ കവിത ചോർന്നുപോകുന്നത് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.കുറ്റിപ്പുറത്തിന്റെ
പ്രിയ ശിഷ്യനായ വൈലോപ്പിള്ളി ഭംഗ്യന്തരേണ ഇക്കാര്യം സൂചി പ്പിച്ചിട്ടുണ്ട്.ജീവചരിത്രകാരൻ
ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്.വൈലോപ്പിള്ളിയുടെ വാക്കുകൾ തന്നെ കുറിക്കാം:”എഴുതേണ്ടതായ
ഒരു കവിതയുടെ മർമ്മമാണ് ചിലപ്പോൾ ഒരു നർമ്മമായി അദ്ദേഹം അവതരിപ്പിച്ച് ധൂർത്തടിക്കാറ്.അങ്ങനെ
ഫലിതത്തിലും സുഹൃദ്സല്ലാപത്തിലും ചതുരംഗത്തിലും ചീട്ടുകളിയിലും കൂടി ആ കാവ്യസ്രോതസ്സ്
അധിക പങ്കും അവശേഷിക്കാതെ ഒഴുകിപ്പോയി.പക്ഷേ അദ്ദേഹത്തിന്റെ ദർശനം അങ്ങനെയായിരുന്നു.നല്ല
ജീവിതം വേണം.ആ ജീവിതത്തെ സുരഭിലമാക്കാനാണ് കവിത.ജീവിതത്തെ ഉഷ്ണിപ്പിച്ച് കവിത വാറ്റിയെടുക്കാൻ
പറ്റും.പക്ഷേ കവിയുടെ ജീവിതം അങ്ങനെ ചതഞ്ഞു വെന്തു നശിച്ചുപോകുന്നതിന്റെ നഷ്ടം ആർ നികത്തും?”കവിതയെയും
ജീവിതത്തെയും സംബന്ധിച്ചുള്ള കുറ്റിപ്പുറത്തിന്റെ ദർശനത്തിന്റെ കാതൽ ഇങ്ങനെ സൂക്ഷ്മനിരീക്ഷണത്തിലൂടെ
,ആവശ്യമായ തെളിവുകളുടെ സഹായത്തോടെ വിശകലനം ചെയ്ത് വെളിവാക്കുവാൻ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.സമകാലീനരായ
മറ്റുകവികൾക്ക് കിട്ടിയ അംഗീകാരവും പ്രസിദ്ധിയും കുറ്റിപ്പുറത്തിന് ലഭിക്കാതെ പോയതിന്റെ
ന്യായീകരണവും ഈ നിരീക്ഷണത്തിലുണ്ട്.ജീവിതത്തിന്റെ പ്രഹേളികയിലും ദുരന്തസ്വഭാവത്തിലും
മുഴുകി ജീവിച്ച കവികൾക്കിടയിൽ കുറ്റിപ്പുറത്തു കേശവൻ നായർ പുലർത്തിയ വ്യതിരികതമായ കാവ്യജീവിതമായിരുന്നു
ഗ്രമീണകന്യകയും മറ്റു കവിതകളും.അദ്ദേഹത്തിന്റെ കവിതകളിലെ പ്രസാധാത്മകതയുടെ രഹസ്യം അങ്ങനെ
വെളിവാകുന്നു.വിവർത്തങ്ങൾ.കൂട്ടുകവിതകൾ,മുക്തകങ്ങൾ,സ്വതന്ത്രകവിതകൾ എന്നിങ്ങനെ വ്യാപരിച്ച
കാവ്യമേഘലയിലെല്ലാം സ്വമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ കവിയാണ് കുറ്റിപ്പുറമെന്ന് സോദാഹരണം
സമർഥിക്കുവാൻ ജീവചരിത്രകാരന് കഴിഞ്ഞിട്ടുണ്ട്.കേവലം സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിക്കുന്ന
ജീവചരിത്രരചനാ സങ്കേതം സധൈര്യം ഉപേക്ഷിച്ചുകൊണ്ട് ഗവേഷകമനസ്സോടെയാണ് ഇക്കാര്യത്തിൽ
ഗ്രന്ഥകാരൻ പ്രവർത്തിച്ചിട്ടുള്ളത്.
കവിതയിലെന്നപോലെ
ഗദ്യസാഹിത്യത്തിലും കുറ്റിപ്പുറത്തിന്റെ സംഭാവനയുണ്ട് എന്ന് ഒരുപക്ഷേ ശരാശരി വായനക്കാരൻ
അറിഞ്ഞുകൊള്ളണമെന്നില്ല.നല്ല ഗദ്യകാരനെയും നിരൂപകനെയും വെളിവാക്കിത്തരുന്ന ചില സന്ദർഭങ്ങൾ
ആ കവിജീവിതത്തിനുണ്ടായിരുന്നു എന്ന് ഈ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു.സാഹിത്യപ്രസ്ഥാനങ്ങളെയും
ഗ്രന്ഥങ്ങളെയും നിരൂപണബുദ്ധിയോടെ വിലയിരുത്തുന്നതിൽ അദ്ദേഹം ശ്രദ്ധവച്ചിരുന്നു.വെണ്മണിപ്രസ്ഥാനത്തെക്കുറിച്ചുള്ള
കുറ്റിപ്പുറത്തിന്റെ ലേഖനം ആ പ്രസ്ഥാനത്തെക്കുറിച്ചുണ്ടായ ആധികാരിക പഠനങ്ങളിലൊന്നാണെന്ന്
ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു.മലയാള കവിതയിൽ വലിയ ദിശാമാറ്റത്തിന് തുടക്കം കുറിച്ചത്
വെണ്മണിക്കവികളാണെന്ന കുറ്റിപ്പുറത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.കുമാരനാശാന്റെ ‘പ്രരോദന’ത്തെ
വിലയിരുത്തിക്കൊണ്ട് ആത്മപോഷിണി മാസികയിൽ അദ്ദേഹം എഴുതിയ ലേഖനവും ഇവിടെ ഓർക്കാം .പ്രതിപക്ഷ
ബഹുമാനം നിലനിർത്തിക്കൊണ്ട് നിശിതവിമർശനത്തിന്റെ
വഴി സ്വീകരിക്കുന്ന രീതിയാണ് ഇവിടെ കാണാനാവുന്നത്.നല്ല ഗദ്യവും നല്ല പദ്യവും
പരിചയപ്പെടാൻ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന് അവസരമുണ്ടായത് കുറ്റിപ്പുറം പാഠപുസ്തക
കമ്മറ്റിയിൽ സേവനമനുഷ്ടിക്കുന്ന കാലത്തായിരുന്നു എന്നതും പരിഗണിക്കേണ്ട വിഷയമാണ്.കവി,വിവർത്തകൻ,അധ്യാപകൻ,സാംസ്കാരിക
പ്രവർത്തകൻ,സാഹിത്യപരിഷ്കർത്താവ്,വിമർശകൻ,കുടുംബനാഥൻ,എല്ലാത്തിലും ഉപരിയായി ഒരു തികഞ്ഞ
മനുഷ്യസ്നേഹി എന്നീ നിലയിലുള്ള കുറ്റിപ്പുറത്തിന്റെ വ്യക്തിമാഹാത്മ്യം സൂക്ഷ്മമായി
അവതരിപ്പിക്കുന്നതിൽ ഗ്രന്ഥകർത്താവ് വിജയിച്ചിട്ടുണ്ട് എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു..കിളിപ്പാട്ടു
രീതിയിൽ കുറ്റിപ്പുറം തയ്യാറാക്കിയ ഗീതാപരിഭാഷ ഇനിയും അച്ചടിക്കപ്പെട്ടിട്ടില്ല എന്ന്
ലേഖകൻ കുറിക്കുന്നുണ്ട്.മൂലകൃതിയെ അയത്നലളിതമായി എങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു
എന്നതിന് ഉദാഹരണങ്ങളും നൽകിയിട്ടുണ്ട്.അനുഗൃഹീതനായ ഒരു കവിയുടെ പരിഭാഷാപരിശ്രമം എന്ന
നിലയിൽ കുറ്റിപ്പുറത്തിന്റെ ഗീതാപരിഭാഷ പ്രാധാന്യമർഹിക്കുന്നു.അത് അച്ചടിയിൽ വരുവാൻ
ജീവചരിത്രകാരന്റെ വെളിപ്പെടുത്തൽ ഉപകരിക്കട്ടെ എന്ന് ആശംസിക്കാം.ഒരു ജീവചരിത്ര ഗ്രന്ഥത്തിന്റെ
രചനാലക്ഷ്യം സഫലമാകുന്നത് അതിൽ പരാമർശിക്കുന്ന വ്യക്തിയിലേക്ക് മടങ്ങിച്ചെല്ലാൻ വായനക്കാരനെ
പ്രേരിപ്പിക്കുമ്പോഴാണ്.ഈ പുസ്തകം നിറയെ അതിനുള്ള ഊർജ്ജം ഗ്രന്ഥകാരൻ സൻഭരിച്ചുവച്ചിട്ടുണ്ട്.അതുതന്നെയാന്
ഈ പുസ്തകത്തെ പ്രസ്ക്തമാക്കുന്ന ഏറ്റവും പ്രധാന ഘടകം.തെളിഞ്ഞ ഭാഷയും നിരീക്ഷണത്തിലെ
സൂക്ഷ്മതയും അതിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്.
No comments:
Post a Comment