Wednesday, November 13, 2013

പുതിയ കൊല്ലന്റെ പണിത്തരങ്ങൾ



കഴിഞ്ഞ പതിനഞ്ചു കൊല്ലമായി മലയാളകവിതയിൽ നിശ്ശബ്ദമായൊരു പുതുക്കിപ്പണിയൽ നടക്കുകയാണ്.കവിതയെക്കുറിച്ചുള്ള പരമ്പരാഗത  ധാരണകളിൽ നിന്ന്  ബോധപൂർവ്വം അകന്നുനിന്നും അരുകുകളിൽ നിന്ന് കയറി വന്നും പതുക്കെ കാവ്യഭാവുകത്വത്തിന്റെ  നടുത്തളത്തിൽ എത്തി നിൽക്കുന്ന ഒരു നിശ്ശബ്ദ മുന്നണിയാണ് ഈ പുതുക്കിപ്പണിയലിന് നേതൃത്വം കൊടുക്കുന്നത്.ആരുടെയും ആഹ്വാനമില്ലാതെ നടക്കുന്ന ഈ നിശബ്ദ വിപ്ലവമുനണിയിലേക്ക് പലഭാഗത്തുനിന്നും ആളുകൾ വന്നുചേരുന്നതാണ് പോയ പതിറ്റാണ്ടുകാലത്തെ മലയാള കാവ്യാനുഭവം.മുറുമുറുപ്പുകളെയും അവമതിക്കലുകളെയും കാര്യമാക്കതെ മുന്നേറിയ ഈ പുതു ഭാവുകത്വം കവിതയിലെ ജൈവനീതിയാണെന്ന് തിരിച്ചറിവിലേക്ക് നാം പതുക്കെ നടന്നടുക്കുകയാണ്.മലയാള കവിതയിൽ സംഭവിച്ച ഈ ഭാവികത്വപരിണാമത്തിന് മുന്നിൽ നിന്ന് അടയാളം കാണിച്ച കവിയാണ് എസ്.ജോസഫ്.കേരള സാഹിത്യ അക്കാദമി മികച്ച കാവ്യസമാഹാരത്തിനുള്ള പുരസ്കാരം നൽകി ജോസഫിന്റെ കൃതിയെ ( ഉപ്പന്റെ കൂവൽ വരയ്ക്കുന്നു ) ആദരിക്കുമ്പോൾ അത് മലയാളത്തിലെ പുതു കവിതയ്ക്കുള്ള അംഗീകാരം കൂടിയായി മാറുന്നു.
ബൃഹദാഖ്യാനങ്ങളുടെയും വക്രോക്തി ശാഠ്യങ്ങളുടെയും നെടുമ്പുരയ്ക്കുള്ളിൽ നിന്ന് കവിതയെ സാധാരണക്കാരന്റെ കൂരയിലേക്ക് ഇറക്കിക്കൊണ്ടുവരുവാനാണ് ജോസഫ് എന്ന കവി ആദ്യം മുതലേ പരിശ്രമിച്ചത്.കവിതയ്ക്ക് പല ജീവിതങ്ങളുണ്ടെന്നതിന്റെ സാക്ഷ്യമായിരുന്നു ആ കവിതകൾ.നമ്മുടെ കാവ്യബോധത്തെയും കാവ്യാനുശീലനത്തെയും കഠിനമായി ശിക്ഷിച്ചുകൊണ്ട് കടന്നുവന്ന ജോസഫിന്റെ കവിതകൾ ഇന്ന് മലയാലകവിതയുടെ സജീവ യാഥാർത്ഥ്യമാണ്.കറുത്തകല്ല്,മീൻകാരൻ,ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു,ചന്ദ്രനോടൊപ്പം ( അച്ചടിയിൽ ) എന്നീ അഞ്ചു കാവ്യസമാഹാരങ്ങളിലായി ആ കവിതകൾ നമുക്ക് മുന്നിലുണ്ട്.
അറം പറ്റിപ്പോയ ഭാവുകത്വത്തിന്റെ കുടുക്കുകളിൽ നിന്ന് കവിതയെ അഴിച്ചെടുത്ത് വയ്ക്കാനും ഇത്തിരി വെട്ടത്തിലും ഇരുട്ടിലും കാട്ടിത്തന്ന് അതിന്റെ അപരജീവിതം സാക്ഷ്യപ്പെടുത്തുവാനും ഈ കവി ശ്രമിക്കുന്നു.പെയ്തു നിറയലും ഒഴുകിപ്പരക്കലും മാത്രമല്ല കെട്ടിക്കിടപ്പും കവിതയാണെന്ന യുക്തി അത് വെളിപ്പെടുത്തുന്നു.
“ഇരുട്ട് കൂടിയിരിക്കുന്ന ഒരിടത്താണെന്റെയും
വീടിരുന്നതെന്നെപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്” (ചില ഇരുണ്ടയിടങ്ങൾ ) എന്ന കവിയുടെ സന്ദേഹം  കവിതയെസംബന്ധിച്ച  ബോധ്യത്തിലേക്കുള്ള നടന്നുകയറ്റമായും വായിക്കാം. ഇരുണ്ടയിടങ്ങളിൽ വെളിച്ചം കത്തിച്ചു വയ്ക്കുന്ന കൂവലുകൾ കവിതയാകുന്നതിന്റെ കാരണവും അങ്ങനെ വ്യക്തമാകുന്നു.ഇരുട്ടിൽ പതുങ്ങുകയും വല്ലപ്പോഴും മാത്രം ഉണ്മയുടെ ഒരു വെട്ടിത്തിരിയലായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ജീവിതങ്ങളെ കവിതയുടെ ഏത് കണക്കിൽ പെടുത്തും എന്ന സന്ദേഹമുള്ളവർക്ക് പഥ്യമാകാത്തതാണ് ആ കാവ്യബോധം എന്ന് കൂടി പറയേണ്ടതുണ്ട്. കവിയുടെ യോഗ്യതയെക്കുറിച്ചും സംശയമുള്ളവർക്ക് മറുപടിയുണ്ട് ഈ കവിയുടെ കയ്യിൽ.
‘‘മുനപോയ ഉളികൊണ്ടു പണിയുന്ന
ആശാരിയാണ് കവി.
ആലയില്ലാത്ത കൊല്ലൻ,
ചുറ്റികയും കരണ്ടിയുമില്ലാത്ത കൽപ്പണിക്കാരൻ
പണി നടന്നേ പറ്റൂ” ഈ തിരിച്ചറിവ് ജോസഫ് എന്ന കവിക്ക് നൽകുന്ന ശക്തി ചെറുതല്ല.
“ജനാലയിലിരുന്ന് ഒരു പെൺകുട്ടി മുടി ചീകുന്നു
ഈ ഒരു വാക്യം മതി ഒരു കവിതയാകുവൻ”(തൂവാല )എന്ന തിരിച്ചറിവ് ജോസഫിനുണ്ട്.മുൻപ് നമുക്ക് പരിചിതമല്ലാത്ത നിരീക്ഷണമാണത്.നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് മേൽ നടത്തുന്ന കടന്നുകയറ്റം കൂടിയാണത്.എന്നാൽ ഇന്നത് ഒറ്റപ്പെട്ട ശബ്ദമായല്ല നാം കേൾക്കുന്നത്.താഴ്വരയിലെ മനുഷ്യൻ പാടുന്ന ,മലകളെ ചുറ്റിപ്പോകുന്ന പാട്ടിന്റെ അർത്ഥം തിരയയുന്നതിന്റെ അർത്ഥശൂന്യതയെ ഓർമ്മിപ്പിക്കുന്ന കവിയോട് ന്യായവാദങ്ങൾ അരുത്. മീങ്കാരന്റെയും കല്പണിക്കാരന്റെയും കുഴിവെട്ടുകാരന്റെയും ജീവിതത്തിന് കാവ്യാത്മകതയില്ലെന്ന ധാരണയെ ചോദ്യം ചെയ്യുന്നവനാണ് ഈ കവിയെന്നുകൂടി അറിയണം.
“വേശ്യപ്പണിക്കു പോയവൾക്ക്
തകരപ്പാത്രം കവിതയാകുമോ?
ആകും.മറ്റൊരു ജീവിതം കണ്ടെത്തുകയാൽ.
പിച്ചക്കാരുടെ കവിതയാകട്ടെ
തങ്ങളെത്തന്നെ വിരലുകളില്ലാതെ
ചൂണ്ടിക്കാണിക്കേണ്ടിവരുന്നത്.
കുഴിവെട്ടുകാരന് കവിതയില്ലെന്ന് തോന്നാം
എല്ലാപ്രതീക്ഷയും വീണടിയുന്നു
പള്ളിപ്പറമ്പിലെയാറടി മണ്ണിൽ
എന്നവൻ പാടുന്നുണ്ട്” (പല കവിതകൾ ) കവിതയ്ക്ക് പാകമായ ജീവിതവും ഇടവുമുണ്ടെന്ന് കരുതുന്ന കവികളിൽനിന്ന് ജോസഫ് വേറിട്ടു നിൽക്കുന്നു.ഓരോ മനുഷ്യനും ഓരോ ജീവിതമുണ്ട്.ജീവിതത്തെ കവിതയിൽ വരയ്ക്കുന്നവന് സ്വന്തം ചായക്കൂട്ടുകളും വരയൽ രീതികളും ഉണ്ട്.തന്നെത്തന്നെ കവിതയിൽ എടുത്തുവയ്ക്കാനും ചുറ്റുവട്ടത്തിലൂടെ തന്നെ കാണാനും പ്രത്യേക താല്പര്യമുള്ള കവിയാണ് ജോസഫ്.പച്ചയിൽ വീണലിഞ്ഞും വെള്ളത്തിൽ ഒഴുകിമാഞ്ഞും വെളിപ്പെടുന്ന സ്വത്വമാണ് കവിക്കും കവിതയ്ക്കും അവകാശപ്പെടാനുള്ളത്.അവിടെ കവിതയ്ക്ക് അന്യമായതൊന്നുമില്ല.
“ചൂളയ്ക്കുവച്ച കട്ടകൾ
പുകകൊണ്ടൊരു മരം വരയ്ക്കുന്നു.
അതു കണ്ട് കരിമ്പുകളും ബ്രഷ്
വെളുപ്പിൽ മുക്കി വരയ്ക്കുന്നു.
കാട്ടുകോഴികളും പെൻസിൽ
കാലുകൊണ്ട് വര്യ്ക്കുന്നു.
ഒട്ടൽകൂട്ടം കക്കറ്റിൽ പെട്ട്
ഉപ്പന്റെ കൂവൽ വര്യ്ക്കുന്നു” ( തൂവാല ) എന്നെഴുതാൻ ജോസഫിന് കഴിയുന്നത് ഈ കാഴ്ച്ചപ്പാട് ദൃഢപ്പെട്ടതുകൊണ്ടാണ്.
ഇരുട്ടിലേക്ക് താണുപോയ ,നിഴലിൽ മരഞ്ഞിരിക്കുന്ന ജീവിതത്തെയും അതിന്റെ  ഭാഷയെയും വീണ്ടെടുക്കാനുള്ള ശ്രമം ജോസഫിന്റെ കവിതയിൽ എമ്പാടും കാണാം. അടഞ്ഞ ഘടനയിൽ കെട്ടിക്കിടക്കുന്ന കവിതയെ പുറം ലോകത്തേക്ക് കൊണ്ടുവരാൻ അദ്ദേഹം പ്രത്യേക താല്പര്യമെടുക്കുന്നു. ഭാഷയുടെ ഔപചരികത കുടഞ്ഞെറിഞ്ഞ് പുതുകവിത അതിന്റെ രാഷ്ട്രീയം വെളിവാക്കുന്നത് ‘മലയാളകവിതയ്ക്ക് ഒരു കത്ത്’ എന്ന കവിതയിൽ കാണാം.
“നിന്റെ ആളുകളെ എനിക്കറിയാം
വലിയ കെട്ടിടങ്ങൾപോലെയുള്ളവർ
അവർ നിന്നെ ചതുരങ്ങളിലും വൃത്തങ്ങളിലും
പൂട്ടിയിട്ടു
ഒരു തുളയിലൂടെ നീ പുറംലോകം കണ്ടു.
വീട്ടുപകരണങ്ങളിൽ തട്ടി വീണു
തുണികളും ചിരികളുമെടുത്തണിഞ്ഞ്
അമ്പലത്തിലേക്ക് പോകുംവഴി
നീ കാറിലിരുന്നു എന്നെ നോക്കിയത് മറക്കത്തില്ല.
എല്ലാം മടുത്തു അല്ലേ?

കാടുകാണാനും ഓലപ്പുരയിലുറങ്ങാനും
ചെളിവെള്ളത്തിൽ നടക്കാനും
പെണ്ണിന് കൊതി തോന്നാം
വെയിലത്ത് അവൾ പൊള്ളും
മഴനനഞ്ഞ് പനിപിടിക്കും.

നിനക്ക് വേണ്ടത് സ്വാതന്ത്ര്യമല്ലേ?
ഇവിടെ അതേയുള്ളൂ
ഇഷ്ടമുള്ളത് പറയാം ,ചെയ്യാം
തോട്ടിൽപ്പോയി കുളിക്കാം
പറമ്പിലെത്തുന്ന കരിയിലാം പിടകളോടൊപ്പം
ചിലയ്ക്കാം
തിണ്ണയിൽ തഴപ്പായിട്ടിരിക്കാം” ജോസഫ് എന്ന കവി വിഭാവനചെയ്യുന്ന കവിതയുടെ തുറസ്സ് ഇങ്ങനെ അടയാളപ്പെടുന്നു.ജീവിതത്തിനുള്ളത്ര ധ്വനിതലം കവിതയ്ക്ക് വേണ്ടെന്ന നിലപാടും ഈ കവി പങ്കുവയ്ക്കുന്നുണ്ട്.ദുരിതങ്ങൾ ഒഴിഞ്ഞുപോകുന്നതോടെ ജീവിതത്തിന് മൗനത്തിന്റെ മുഴക്കവും ധ്വനിതലവും കൂടിവരുന്നത് ‘ധ്വനി’ എന്ന കവിതയിൽ സൂചിപ്പിക്കപ്പെടുന്നു.
“പോക്കെടമില്ല അല്ലേ?എന്ന ചോദ്യമാണ്
ഞാൻ പ്രയോഗിച്ചിട്ടുള്ള ഏറ്റവും വലിയ ധ്വനി
എന്ന് തോന്നുന്നു”-ഇത് നിഷ്കളങ്കമായ ഏറ്റുപറച്ചിൽ മാത്രം.എന്നാൽ വെള്ളത്തിൽ മുങ്ങിച്ചെന്ന് കല്ലുവച്ചു ബണ്ടുകെട്ടുന്ന പ്രവൃത്തി പോലെ ‘കാണാൻ വയ്യാത്ത ആഴത്തിലാണ് കവിതയിലും കല്ലുവയ്ക്കുന്നത്’ എന്ന തിരിച്ചറിവും ഈ കവിക്കുണ്ട്.സിദ്ധാന്തങ്ങളിലും പാഠപുസ്തകങ്ങളിലും കണ്ടു പരിചയിക്കാത്ത ആഴമാണ് അതെന്ന വ്യത്യാസം മാത്രം.
ജോസഫിന്റെ കവിത വിനിമയം ചെയ്യുന്ന പ്രകൃതിബോധവും ശ്രദ്ധേയമാണ്.മുൻ കാല കവികളുടെ കല്പനിക പ്രകൃതിബോധത്തെ അത് നിരാകരിക്കുന്നു.കവിതയ്ക്കകത്ത് സ്വാഭാവികമായി  രൂപംകൊള്ളുന്ന പ്രകൃതിയാണത്.ഉയർന്ന മാനവികബോധത്തിന്റെ മുദ്രയായി അത് കവിതയാകെ ചൂഴ്ന്നു നിൽക്കുന്നു.  ചുറ്റുമുള്ള പ്രകൃതിയും ജന്തുജാലവും  മനുഷ്യരും ഈ അനുഭവത്തെ സജീവമാക്കി നിർത്തുന്നു.മലയാളകവിത ഇന്ന് എത്തിനിൽക്കുന്ന വളർച്ചയുടെ പടവാണത്.
കട അടച്ചു കഴിഞ്ഞിട്ടും വഴിവിളക്കിന്റെ വെട്ടത്തിൽ കടത്തിണ്ണയിൽ നിൽക്കുന്നവനെപ്പോലെ പിന്നെയും സ്വന്തം കവിതയിൽ താനുണ്ടാകുമെന്ന് ജോസഫ് വിശ്വസിക്കുന്നു.ഈ പ്രതീക്ഷതന്നെയാണ് ആ കവിതകളുടെ സാദ്ധ്യതയും.
..................................




No comments:

Post a Comment