Tuesday, August 28, 2012

വാക്കിന്റെ ദൂരം ; ഒരു സംവാദം




ഒരു വാക്കിനു സഞ്ചരിക്കാവുന്ന
ദൂരമായിരുന്നു
ചർച്ചാവിഷയം.
ആശയങ്ങളുടെ തീഗോളങ്ങൾക്ക് മേൽ
അടയിരുന്നു വിരിയിക്കും വരെ
വാക്കിനു ദൂരമുണ്ടെന്നു കവി.

ലോകവിസ്തൃതിയുടെ കൌതുകത്തൂവൽ
കൊഴിയുംവരെ മാത്രം
വാക്കിനു ദൂരംഎന്നു സഞ്ചാരി.

കൊക്കിലൊതുങ്ങാത്ത സൌന്ദര്യ ബോധത്തെ
കൊത്തിവിഴുങ്ങി ദഹിപ്പിക്കുംവരെയാണ്
വാക്കിന്റെ സഞ്ചാരദൂരമെന്ന്
വിമർശകൻ.

ചങ്ങാതി പറഞ്ഞത്
വാക്കിനു ഒരു സൗഹൃദത്തിന്റെ
ചിറകടി ദൂരം മാത്രമാണുള്ളതെന്നാണ്.

പതുക്കെ താഴ്ന്നും
വേഗത്തിലുയർന്നും പറക്കുന്ന
ജീവിതത്തിന്റെ ദൂരമാണ് വാക്കിനെന്നു
വീട്ടമ്മ അഭിപ്രായപ്പെട്ടു.

ഒടുവിൽ,
വാക്കിനു ലോകാവസാനം വരെ
നീട്ടി വയ്ക്കപ്പെടുന്ന ദൂരമുണ്ടെന്നു
ദറിദയെ ഉദ്ധരിച്ചു
മോഡറേറ്റർ ചർച്ച ക്രോഡീകരിക്കുമ്പോൾ
ഹാളിൽ
ഒടുവിലത്തെ ശ്വാസത്തിനായി പിടയുന്ന
ചില വാക്കുകളല്ലാതെ
ആരും ഉണ്ടായിരുന്നില്ല.



2 comments:

  1. വാക്കുകൾക്കു പിന്നിലെ വസ്തുതകൾ
    വാക്കുകൾക്കു മുന്നിലെ വസ്തുതകളേക്കാൾ
    മധുരം തരുന്നുവെന്ന് സഹൃദയൻ

    ReplyDelete
    Replies
    1. ആള് സഹൃദയനാണെന്ന് മനസ്സിലായി.നന്ദി

      Delete