Tuesday, August 28, 2012

കാവ്യസദ്യ


കാവ്യസദ്യ
നീലിമ ബാറിന്റെ രണ്ടാംനിലയിൽ
വോഡ്കയിൽ സോഡകലർത്തിക്കൊണ്ട്
ഉത്തരധുനിക ബുദ്ധിജീവി പറയുന്നു:
‘ആറ്റക്കോയ മുക്കുപണ്ടത്തിന്റെ
ചിറകൊടിഞ്ഞ കിളിയിൽ
പാരിസ്ഥിതിക സംത്രാസങ്ങളുടെ
നൊമ്പരമുണ്ട്’.

പല്ലിൽ കുടുങ്ങിയ
എല്ലിൻ കഷണം പറിച്ചെടുത്ത്
സംസ്ക്കാരസമ്പന്നമായ
ഒരേമ്പക്കവും വിട്ട്
വിഗ്രഹഞ്ജകനായ വിമശകൻ
പറയുന്നു:
‘വാക്കുകളെ
വസ്ത്രാക്ഷേപം ചെയ്യാത്ത
ഈ കൃതി
തലമുറകളെ അതിജീവിക്കും
പെണ്ണിന്റെ ഉടലിൽനിന്ന്
കയ്യെടുക്കാതെ
കവി മൊഴിഞ്ഞു:
‘ആശാനുശേഷം ഹാ! വീണ്ടും
മാംസനിബദ്ധമല്ലാത്ത രാഗം’

കവിതയുടെ തീന്മേശയിൽ
സർഗഭോജനം കൊഴുക്കുന്നു.
2
കവിതയിലെ ദേഹണ്ഡക്കാരെയാണ്
ഞാനിപ്പോൾ ഓർമ്മിക്കുന്നത്.
നൂറു കുംഭങ്ങളിൽ
ആവിപാറുന്ന അമൃതുകോരിയ
എഴുത്തഛൻ.
എരിശ്ശേരിയിൽ കഷണമില്ലെന്ന്
പഴികേട്ടുകൊണ്ട് ചെറുശ്ശേരി.
ഇരുപാകത്തിൽ തൈരും മോരും
മുട്ടാതെ വീഴ്ത്തിയ നമ്പ്യാർ.
നളപാകത്തിൽ നൂറ്റൊന്ന്-
കറിയുമായുണ്ണായി.
ആശാന്റെ രസായനം.
ഉള്ളൂർക്കാരന്റെ
സ്നേഹത്തിൻ പാലമൃത്.
വീട്ടിലെ കറിമണം
കയ്യാട്ടി വിളീക്കുന്ന
വള്ളത്തോൾ തറവാട്.
നാലപ്പാട്ടിലെ കണ്ണീരുപ്പ്.
ജീ.യുടെ ജിജ്ഞാസതൻ
നേന്ത്രപ്പഴം.

നുരയും സ്വപ്നത്തിന്റെ
വീഞ്ഞുവിൽപ്പനക്കാരൻ
നമ്മുടെ ചങ്ങമ്പുഴ.
മാമ്പഴപ്പുളിശ്ശേരി വിളമ്പും വൈലോപ്പിള്ളി.
ഉപ്പിലിട്ടതാം നെല്ലിക്കതൻ
തിക്തസ്വാദിഷ്ടം ഇടശ്ശേരിച്ചേൽ.
നൈവേദ്യച്ചോറുംകൊണ്ട്
നാട്തെണ്ടിയ കുഞ്ഞിരാമൻ.
ഇളനീർ തേകിത്തേകി നടന്ന വയലാർ.
മുലപ്പാൽ മണം ചിന്തും
നാലപ്പാട്ടമ്മത്തൊട്ടിൽ.
കൈപ്പുനീരെല്ലാം കുടിച്ചെത്തുമ്പോൾ
അടിമട്ടിയായ്
കക്കാടിന്റെ ശർക്കരപ്പാണി.
3
ഇന്നുമുണ്ടല്ലോ നമുക്കിത്തിരി ദേഹണ്ഡക്കാർ.
പാലും നിലാവും വിളമ്പും ഓ.എൻ.വി.
നിരന്ന കിണ്ണങ്ങളിൽ
വെണ്ണയും തൈരും വീഴ്ത്തും സുഗത.
കാട്ടുകിഴങ്ങും കള്ളും വിറ്റു-
നടന്ന കടമ്മൻ.
വെടിവട്ടത്തിന്നിടെ-
യ്ക്കിത്തിരി നോവുംചേർത്ത്
സംഭാരം വിളമ്പുന്ന പണിക്കർ.
തീർഥജലവും കൊണ്ടേയെത്തും
സാക്ഷാൽ വിഷ്ണുനാരായണൻ.
സർവസംഹാരിയാം സച്ചിക്കഷായം.
കെ.ജി.എസ്. ബ്രാന്റിൽ വരും
വോഡ്കതൻ മധുസിക്തം.
വീര്യമേറും കാട്ടുതേൻ
മേമ്പൊടിയാവും വിനയാസവം.

(മാതളനാരങ്ങതൻ
സ്വാദുവിൽപ്പനക്കാരി കമല)
വാറ്റുചാരായം വീഴ്ത്തും ചുള്ളിക്കാടൻ.
ഉപ്പുതൊട്ടുരിച്ചോറു വിളമ്പും കുറീപ്പുഴ.
കുന്നിൻ മോളിലെ കിണർവെള്ളം
തേവും മധുസൂദനൻ.
കാമത്തിൻ കടുവയെപ്പൊരിച്ച് മദിരയിൽ
സ്നേഹത്തിൻ ഗുളം തീർക്കും
അയ്യപ്പധന്വന്തരി.
ആറ്റൂരിൽ നിന്നും വരും
സുഗന്ധ താംബൂലവും.

പിന്നെയും ദേഹണ്ഡക്കാർ
നൂറ്റൊന്നു പേരോ വേറേ.
4
ഓർമകളൊഴിയവേ ബാറകം ശൂന്യം
തീൻ മേശമേൽ കവിതതൻ
ശിഷ്ഠസാന്നിധ്യം കാണാം.
പകുതി വെന്തൊരു തുട.
മൊരിചു വച്ചൊരു തല.
കിണ്ണത്തിൽ ശേഷിക്കുന്ന
കരളും കൂമ്പും.
മാർബിൾ തറയിൽ വീണൊരു ണ്ണ്.
ഭിത്തിമേലെങ്ങും തൂങ്ങും
വാരിയെല്ലുകൾ.
ടീപ്പോയിൽ വിരിമേലേ
ഭദ്രമായിരിപ്പുണ്ട്
രക്തമിറ്റുമൊരു കത്തി.
5
കവിതയുടെ കിച്ചണിലിപ്പോൾ
സൗന്ദര്യബോധത്തിന്റെ പോത്തിറച്ചി
വെന്തുകൊണ്ടിരിക്കുകയാവാം.
(2003)

No comments:

Post a Comment