Wednesday, November 13, 2013

വീണ്ടുവിചാരം



വെയിൽ പൂക്കുമ്പോൾ മരങ്ങളും ചെടികളും ആർപ്പിടും.വരാനിരിക്കുന്ന കെടുതികളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ പൂവിടലും.ഓർമ്മകളെയും താക്കീതുകളെയും വെയിൽച്ചൂടിൽ ഉരുക്കിയെടുത്ത് കാണിക്കാനുള്ള കൈവിരുത് പ്രകൃതിക്കുണ്ട്.എഴുത്തിന്റെ വഴക്കത്തിലും ഈകരവിരുത് കാണാം. പൊള്ളുന്ന കാലത്തെ പൂവിട്ടുകാണിക്കുകയാണ് കവിതയും.                       
          “എത്ര വെള്ളം കോരിയിട്ടും
          ആനന്ദൻ വന്നില്ല”(കൽപ്പറ്റ നാരായണൻ.)
ഈ ഹ്രസ്വകവിതയിൽ നൂറ്റാണ്ടുകളുടെ ഏറ്റുപറയലുണ്ട്.കുറ്റസമ്മതമോ നിസ്സഹായതയോ കുടിയിരിക്കുന്നുണ്ട്.സമൂഹത്തിലെ വിറകുവെട്ടികളും വെള്ളംകോരികളുമായ എഴുത്തുകാർക്ക് പോയവിപ്ലവകാലത്തിന്റെ കണക്കെടുക്കാതെയും വയ്യ.എന്താണ് എഴുത്തിൽ സംഭവിക്കുന്നത്?
ആശാനിൽനിന്ന് മുന്നോട്ട് നോക്കാം.അതൊരു നല്ല തുടക്കമാണ്.മറവി അത്രയൊന്നും പഴകിയിട്ടില്ലാത്ത കാലത്തിൽ നിന്ന് നോക്കാൻ എളുപ്പമുണ്ട്.ആശന്റെ ഭാവനയിൽ നടന്ന നാടകമാണ് ചണ്ഡാലഭിക്ഷുകി.പൊരിവെയിലിൽ നടക്കുന്ന നാടകം.ജാതിയിൽ താണവളുടെ ഔദാര്യത്തിന്റെ മുഹൂർത്തമാണത്.ജാതിയിൽ ഉയർന്നവന്റെ മഹത്വത്തിന്റെ നിമിഷമായി സാഹിത്യചരിത്രംവായിക്കുമെങ്കിലും.വാകമരവും വെയിലും കിണറും പശ്ചാത്തലമാകുന്നപ്രകൃതിയിലെ നാടകരംഗമാണത്.  അതാണ് യാഥാർഥ്യം. ഭിക്ഷുവും ചണ്ഡാലയുവതിയുംആശാന്റെ ഭാവനയിൽ രൂപപ്പെട്ട കഥാപാത്രങ്ങളും.ഭദ്രനാണ് ഭിക്ഷു..അയാൾക്ക്  ചണ്ഡാലയുവതിയോട് ദാഹജലത്തിനായി അർഥിക്കേണ്ടിവരുന്നു.അതിനു കാരണം നിലനിൽക്കുന്ന വ്യവസ്ഥിതിതന്നെ.വെയിലാണ് വില്ലൻ.ചരിത്രത്തിന്റെ നൃശംസതയുടെ വെയിലാണത്.പക്ഷികളുടെ നാവടക്കിക്കളയുന്ന ആ വെയിൽതന്നെയാണ് വാകമരത്തെ പൂവിടുവിക്കുന്നതും.ചണ്ഡാലയുവതിയുടെ മറുപടിയിൽ വ്യവസ്ഥിതിയുടെ നിരർഥകതയോടുള്ള തെളിഞ്ഞ പരിഹാസമില്ലേ?ഭിക്ഷു ശുദ്ധരിൽ ശുദ്ധനല്ലെന്ന കാര്യം വേറെ.വെയിൽക്കാലങ്ങളിൽ മാത്രം ദളിതനെ ചേർത്തുപിടിക്കുന്നത് ചരിത്രം. അധിനിവേശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും യുദ്ധത്തിന്റെയും ദുരിതസന്ധികളിൽ ഈ ചേർത്തുപിടിക്കൽന്നാം കണ്ടു.പിന്നീട് കഥമാറുന്നു.
ആനന്ദഭിക്ഷുവിൽ മനുഷ്യത്വംകണ്ട ചണ്ഡാലയുവതി ആകാലടികളെ പിന്തുടർന്നു.ആനാടകം അവിടെ തീരുന്നു.ജീവിതം/ചരിത്രം തുടരുകതന്നെ.ജീവിതത്തിലെ ചണ്ഡാലയുവതി കിണറ്റുകരയിൽത്തന്നെ നിൽപ്പാണ്.ആ വെയിൽ ഇന്നും ജനകോടികളെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നു.നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും,കിണറ്റിലെ വെള്ളം മുഴുവനും കോരിയിട്ടും ആനന്ദന്മാർ വരുന്നില്ല.
പ്രത്യയശാസ്ത്രങ്ങൾ ഏട്ടിലെ പുലികൾ മാത്രമോ?കവിത പൂവിട്ടുകാണിക്കന്ന കനൽക്കാലം തിരിച്ചറിയാതെ പോവുകയാണോ?
“ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾതൻ പിന്മുറക്കാർ” എന്ന കവിച്ചൊല്ല് കാതിൽ മുഴങ്ങുന്നില്ലേ?ഏതു പിന്മുറക്കാർ എന്ന ചോദ്യം ബാക്കിയാകുന്നു.പ്രത്യയശാസ്ത്രങ്ങൾ പ്രായോഗികതലത്തിൽ പരാജയപ്പെടുന്നതിന്റെ കദനകഥകൾക്ക് തീരെ പഞ്ഞമില്ല.തുരുമ്പിച്ച യന്ത്രങ്ങൾ പുതുക്കിയെടുത്ത് പ്രവർത്തനസജ്ജമാക്കുവാൻ കാലമായില്ലേ?
എഴുത്തിലെ ആശയങ്ങൾ മതബോധത്തിലെ ദൈവങ്ങളെപ്പോലെയാണ്.ജീവിതത്തിന്റെ പരുക്കൻ മണ്ണിൽ കാലുറയ്ക്കാത്തവരാണവർ.പകൽ വെളിച്ചത്തിൽ അവർ നടക്കുന്നില്ല.പ്രത്യയശാസ്ത്രത്തിന്റെ യുക്തിയാണതിൽ പ്രവർത്തിക്കുന്നത്.ബോധത്തെ തലകീഴായി പിടിക്കുമ്പോൾ തെളിഞ്ഞുവരുന്ന യുക്തിയാണത്.ബോധം മറയുമ്പോൾ പതുക്കെ തെളിയുന്ന സ്വപ്നം.സ്വപ്നങ്ങൾ ജീവിതത്തിന്റെ വിർച്വൽ പതിപ്പാണ്.അതിനെ എഡിറ്റുചെയ്യാനും വസ്തുവൽക്കരിക്കാനും നാം നടത്തുന്ന ശ്രമങ്ങൾ ഫലംകാണുമോ!


Sunday, April 28, 2013

ആവിഷ്ക്കാരം



കടൽ കരയിലേക്ക്
വീശിയെറിഞ്ഞു പിൻവലിക്കുന്ന
വലയുടെ തുമ്പത്ത്
നുരമുത്തുകൾ ആവിഷ്ക്കരിക്കും പോലെ
നിന്റെ പീലിക്കണ്ണുകളിൽ ആരാണ്
കടമ്പിൻ ചോലകൾ ആവിഷ്ക്കരിച്ചത്
എന്നു ചോദിച്ചുകൊണ്ട്,
അവൻ അവളുടെ കവിളിൽ
ഒരു മുത്തം ആവിഷ്ക്കരിക്കുന്നു.

പതിവുപോലെ
അണ്ടിയാപ്പീസിൽ പോകാനാവാതെ
വീടിന്റെ മൂലയിൽ
ഞണുങ്ങിയ ചോറ്റുപാത്രമായി വീഴുകയും
വാഴച്ചോട്ടിൽ ഛർദ്ദിക്കുകയും ചെയ്തവളോട്
‘ഒരുമ്പെട്ടോളേ,
കുടുമ്മത്തിനു ചീത്തപ്പേരാവിഷ്ക്കരിച്ചല്ലോടീ’
എന്ന് പെറ്റതള്ള കലിതുള്ളുന്നു.


ഞാനാരുടെയും പെണ്ണല്ലെന്ന്
പംക്തിയിൽ പൊട്ടിത്തെറിച്ചവൾ
കുളിമുറിയിൽ തളർന്നു വീഴുമ്പോൾ
‘ദൈവമേ,ഇതെന്തൊരാവിഷ്ക്കാരം’
എന്നു വിസ്മയിക്കുന്നു.

എല്ലാ എടുപ്പുകളും കീറലുകളും
തുന്നിക്കെട്ടലുകളും
ഓരോതരം ആവിഷ്ക്കാരങ്ങളാണ്.

കുളം മീനിനെയും മീൻ കുളത്തെയും
ആവിഷ്ക്കരിക്കുന്നുണ്ട്.
എഴുത്തുകാരനും കൃതിയും
പരസ്പരം ആവിഷ്ക്കരിക്കുന്നു.
ലോകത്തോട് പരിഭവിച്ച്
കെറുവിച്ചുകിടക്കുന്ന കുളത്തിലേക്ക്
വല്ലപ്പോഴുംവന്നുപോകുന്ന ചൂണ്ടക്കാരനെപ്പോലെ
നിരൂപകനും കൃതിയിൽ
ചില ആവിഷ്ക്കാരങ്ങൾ നടത്തുന്നുണ്ട്.

എല്ലാവരും എന്തെങ്കിലുമൊക്കെ ആവിഷ്ക്കരിക്കുന്നുണ്ട്.
ചിലർ സ്വയം ആവിഷ്ക്കരിക്കുന്നു.
ചിലർ മറ്റുള്ളവർക്ക് ആവിഷ്ക്കരിച്ചു കൊടുക്കുന്നു.

ലോകം ആരുടെ ആവിഷ്ക്കാരമാണെന്ന ചോദ്യം
ആരുടെ ആവിഷ്ക്കാരമാണാവോ!


Tuesday, August 28, 2012

രണ്ടുലോകം



ഒരേ പായയിൽ രണ്ടുലോകത്തിൽ.
ഉറങ്ങാതുണർന്ന്
ഉരുകി പിരിഞ്ഞ്
കടങ്ങളെ ശപിച്ച്
കൊതുകിനെ പഴിച്ച്
ഒട്ടൊന്നു മയങ്ങുമ്പോൾ;
ഗാന്ധിജി ദണ്ഡി കടപ്പുറത്തു നടക്കുന്നു
മാർക്സ് മാർക്കേസിനൊപ്പം
കടൽക്കാറ്റേറ്റു നടക്കുന്നു
ക്രിക്കറ്റിൽ സച്ചിൻ കൂറ്റൻ
സിക്സറു പറത്തുന്നു
ഗുലാമലിപാടുന്നു.

വാതിലിൽ മുട്ടുകേൾക്കുമ്പോൾ
കതകു തുറക്കുമ്പോൾ
വാടകക്കാരൻ മുഖം
ചോപ്പിച്ചു കൈനീട്ടുന്നു.
II
ഒരേ പായയിൽ രണ്ടുലോകത്തിൽ.
ഉറങ്ങാതുണർന്ന്
ഇടം വലം തിരിഞ്ഞ്
ദുരിതങ്ങളെ പ്രാകി
രോഗത്തെ പഴിചാരി
ഒട്ടൊന്നു മയങ്ങുമ്പോൾ:
മുറ്റത്ത് പനീർച്ചെടി
പൂവിട്ടു വിളിക്കുന്നു
പാർക്കിലെ ഊഞ്ഞാൽക്കാറ്റിൽ
കിളികൾ ചാഞ്ചാടുന്നു
ടെക്സ്റ്റൈൽസിൽനിന്നും പുത്തൻ
സാരികൾ വാങ്ങീടുന്നു
മക്കൾക്ക് പ്രിയപ്പെട്ട
ഭക്ഷണം നൽകീടുന്നു
വീടലങ്കരിക്കുന്നു.

കിച്ചണിലൊച്ച കേൾക്കുമ്പോൾ
കതകു തുറക്കുമ്പോൾ
മഴവെള്ളത്തിൽ നന-
ഞ്ഞടുപ്പ് കിടുങ്ങുന്നു.


മുഖമ്മിനുക്കുന്ന പണിയിൽ ഏർപ്പെട്ടിരിക്കുന്നവർ



പൂമുഖത്ത്
ഒരു കറുത്ത നിലവിളിവന്ന്
മുഖംകാണിച്ചപ്പോൾ
കതകടച്ച് പ്രാർഥിക്കുകയായിരുന്നു.

പോർട്ടിക്കോയിലൂടെ നടന്നുപോയ
പെൺകുട്ടി
ടെറസ്സിൽ മറയുന്നതു കണ്ട്
ഫയൽ പൂട്ടി സ്തബ്ധരായി.

പകൽ ഇടിഞ്ഞുവീണിടത്ത്
ഒരുവൾ
ഇരുൾഗോപുരം പണിതുകൊണ്ടിരുന്നപ്പോൾ
കോഴി കൂവിപ്പോയെന്ന വാർത്ത
ടോയിലറ്റ് വായനയെ അസ്വസ്ഥമാക്കി.

യുവതിയുടെ ശ്രുതിനടനത്തിൽനിന്ന്
തെറിച്ചുപോയ ചുവടുകളിലാണ്
ചരിത്രമുറങ്ങുന്നതെന്ന്
സംസ്ക്കാരഭാഷ്യവും ചമച്ചു.

എന്നിട്ടും,
മാനവികതയുടെ ചരിത്രമെഴുതുന്ന
കറുത്ത കവിത
ഞങ്ങളെ പരിഹസിക്കുന്നു.

മുഖം മിനുക്കുന്ന പണിയിൽ
ഏർപ്പെട്ടിരിക്കുന്നവർ
എന്നു ഭൽസിക്കുന്നു.

വാക്കിന്റെ ദൂരം ; ഒരു സംവാദം




ഒരു വാക്കിനു സഞ്ചരിക്കാവുന്ന
ദൂരമായിരുന്നു
ചർച്ചാവിഷയം.
ആശയങ്ങളുടെ തീഗോളങ്ങൾക്ക് മേൽ
അടയിരുന്നു വിരിയിക്കും വരെ
വാക്കിനു ദൂരമുണ്ടെന്നു കവി.

ലോകവിസ്തൃതിയുടെ കൌതുകത്തൂവൽ
കൊഴിയുംവരെ മാത്രം
വാക്കിനു ദൂരംഎന്നു സഞ്ചാരി.

കൊക്കിലൊതുങ്ങാത്ത സൌന്ദര്യ ബോധത്തെ
കൊത്തിവിഴുങ്ങി ദഹിപ്പിക്കുംവരെയാണ്
വാക്കിന്റെ സഞ്ചാരദൂരമെന്ന്
വിമർശകൻ.

ചങ്ങാതി പറഞ്ഞത്
വാക്കിനു ഒരു സൗഹൃദത്തിന്റെ
ചിറകടി ദൂരം മാത്രമാണുള്ളതെന്നാണ്.

പതുക്കെ താഴ്ന്നും
വേഗത്തിലുയർന്നും പറക്കുന്ന
ജീവിതത്തിന്റെ ദൂരമാണ് വാക്കിനെന്നു
വീട്ടമ്മ അഭിപ്രായപ്പെട്ടു.

ഒടുവിൽ,
വാക്കിനു ലോകാവസാനം വരെ
നീട്ടി വയ്ക്കപ്പെടുന്ന ദൂരമുണ്ടെന്നു
ദറിദയെ ഉദ്ധരിച്ചു
മോഡറേറ്റർ ചർച്ച ക്രോഡീകരിക്കുമ്പോൾ
ഹാളിൽ
ഒടുവിലത്തെ ശ്വാസത്തിനായി പിടയുന്ന
ചില വാക്കുകളല്ലാതെ
ആരും ഉണ്ടായിരുന്നില്ല.



കാവ്യസദ്യ


കാവ്യസദ്യ
നീലിമ ബാറിന്റെ രണ്ടാംനിലയിൽ
വോഡ്കയിൽ സോഡകലർത്തിക്കൊണ്ട്
ഉത്തരധുനിക ബുദ്ധിജീവി പറയുന്നു:
‘ആറ്റക്കോയ മുക്കുപണ്ടത്തിന്റെ
ചിറകൊടിഞ്ഞ കിളിയിൽ
പാരിസ്ഥിതിക സംത്രാസങ്ങളുടെ
നൊമ്പരമുണ്ട്’.

പല്ലിൽ കുടുങ്ങിയ
എല്ലിൻ കഷണം പറിച്ചെടുത്ത്
സംസ്ക്കാരസമ്പന്നമായ
ഒരേമ്പക്കവും വിട്ട്
വിഗ്രഹഞ്ജകനായ വിമശകൻ
പറയുന്നു:
‘വാക്കുകളെ
വസ്ത്രാക്ഷേപം ചെയ്യാത്ത
ഈ കൃതി
തലമുറകളെ അതിജീവിക്കും
പെണ്ണിന്റെ ഉടലിൽനിന്ന്
കയ്യെടുക്കാതെ
കവി മൊഴിഞ്ഞു:
‘ആശാനുശേഷം ഹാ! വീണ്ടും
മാംസനിബദ്ധമല്ലാത്ത രാഗം’

കവിതയുടെ തീന്മേശയിൽ
സർഗഭോജനം കൊഴുക്കുന്നു.
2
കവിതയിലെ ദേഹണ്ഡക്കാരെയാണ്
ഞാനിപ്പോൾ ഓർമ്മിക്കുന്നത്.
നൂറു കുംഭങ്ങളിൽ
ആവിപാറുന്ന അമൃതുകോരിയ
എഴുത്തഛൻ.
എരിശ്ശേരിയിൽ കഷണമില്ലെന്ന്
പഴികേട്ടുകൊണ്ട് ചെറുശ്ശേരി.
ഇരുപാകത്തിൽ തൈരും മോരും
മുട്ടാതെ വീഴ്ത്തിയ നമ്പ്യാർ.
നളപാകത്തിൽ നൂറ്റൊന്ന്-
കറിയുമായുണ്ണായി.
ആശാന്റെ രസായനം.
ഉള്ളൂർക്കാരന്റെ
സ്നേഹത്തിൻ പാലമൃത്.
വീട്ടിലെ കറിമണം
കയ്യാട്ടി വിളീക്കുന്ന
വള്ളത്തോൾ തറവാട്.
നാലപ്പാട്ടിലെ കണ്ണീരുപ്പ്.
ജീ.യുടെ ജിജ്ഞാസതൻ
നേന്ത്രപ്പഴം.

നുരയും സ്വപ്നത്തിന്റെ
വീഞ്ഞുവിൽപ്പനക്കാരൻ
നമ്മുടെ ചങ്ങമ്പുഴ.
മാമ്പഴപ്പുളിശ്ശേരി വിളമ്പും വൈലോപ്പിള്ളി.
ഉപ്പിലിട്ടതാം നെല്ലിക്കതൻ
തിക്തസ്വാദിഷ്ടം ഇടശ്ശേരിച്ചേൽ.
നൈവേദ്യച്ചോറുംകൊണ്ട്
നാട്തെണ്ടിയ കുഞ്ഞിരാമൻ.
ഇളനീർ തേകിത്തേകി നടന്ന വയലാർ.
മുലപ്പാൽ മണം ചിന്തും
നാലപ്പാട്ടമ്മത്തൊട്ടിൽ.
കൈപ്പുനീരെല്ലാം കുടിച്ചെത്തുമ്പോൾ
അടിമട്ടിയായ്
കക്കാടിന്റെ ശർക്കരപ്പാണി.
3
ഇന്നുമുണ്ടല്ലോ നമുക്കിത്തിരി ദേഹണ്ഡക്കാർ.
പാലും നിലാവും വിളമ്പും ഓ.എൻ.വി.
നിരന്ന കിണ്ണങ്ങളിൽ
വെണ്ണയും തൈരും വീഴ്ത്തും സുഗത.
കാട്ടുകിഴങ്ങും കള്ളും വിറ്റു-
നടന്ന കടമ്മൻ.
വെടിവട്ടത്തിന്നിടെ-
യ്ക്കിത്തിരി നോവുംചേർത്ത്
സംഭാരം വിളമ്പുന്ന പണിക്കർ.
തീർഥജലവും കൊണ്ടേയെത്തും
സാക്ഷാൽ വിഷ്ണുനാരായണൻ.
സർവസംഹാരിയാം സച്ചിക്കഷായം.
കെ.ജി.എസ്. ബ്രാന്റിൽ വരും
വോഡ്കതൻ മധുസിക്തം.
വീര്യമേറും കാട്ടുതേൻ
മേമ്പൊടിയാവും വിനയാസവം.

(മാതളനാരങ്ങതൻ
സ്വാദുവിൽപ്പനക്കാരി കമല)
വാറ്റുചാരായം വീഴ്ത്തും ചുള്ളിക്കാടൻ.
ഉപ്പുതൊട്ടുരിച്ചോറു വിളമ്പും കുറീപ്പുഴ.
കുന്നിൻ മോളിലെ കിണർവെള്ളം
തേവും മധുസൂദനൻ.
കാമത്തിൻ കടുവയെപ്പൊരിച്ച് മദിരയിൽ
സ്നേഹത്തിൻ ഗുളം തീർക്കും
അയ്യപ്പധന്വന്തരി.
ആറ്റൂരിൽ നിന്നും വരും
സുഗന്ധ താംബൂലവും.

പിന്നെയും ദേഹണ്ഡക്കാർ
നൂറ്റൊന്നു പേരോ വേറേ.
4
ഓർമകളൊഴിയവേ ബാറകം ശൂന്യം
തീൻ മേശമേൽ കവിതതൻ
ശിഷ്ഠസാന്നിധ്യം കാണാം.
പകുതി വെന്തൊരു തുട.
മൊരിചു വച്ചൊരു തല.
കിണ്ണത്തിൽ ശേഷിക്കുന്ന
കരളും കൂമ്പും.
മാർബിൾ തറയിൽ വീണൊരു ണ്ണ്.
ഭിത്തിമേലെങ്ങും തൂങ്ങും
വാരിയെല്ലുകൾ.
ടീപ്പോയിൽ വിരിമേലേ
ഭദ്രമായിരിപ്പുണ്ട്
രക്തമിറ്റുമൊരു കത്തി.
5
കവിതയുടെ കിച്ചണിലിപ്പോൾ
സൗന്ദര്യബോധത്തിന്റെ പോത്തിറച്ചി
വെന്തുകൊണ്ടിരിക്കുകയാവാം.
(2003)

മണ്ണുടൽ



പട്ടാമ്പി പാലത്തിൽനിന്ന്
താഴേക്ക് നോക്കിയാൽ കാണാം
മലർന്നടിച്ചു കിടക്കുന്ന നിളയെ.

ദൂരെ മണൽപ്പരപ്പിൽ
വെയിൽകായുന്ന പുടവ.
ഒഴുക്കിൻ ഓർമ്മപ്പെരുക്കം പോൽ
പിണഞ്ഞാർക്കും ചികുരം.
കിളിച്ചാർത്തുകൾ അലുക്കിട്ട
അരഞ്ഞാൺ വട്ടം.
ആകാശത്തേക്ക് തുറന്നുവച്ച അഭിമാനം.
ഒരു കൂസലുമില്ലാത്ത കിടപ്പ്.

പണ്ട് ഇത്തരം കിടപ്പുകൾക്ക്
നാട്ടുമനസ്സിന്റെ നേർമയും
കവിപ്പാട്ടിന്റെ  വർണകംബളവും
പുതപ്പാകുമായിരുന്നു;
നിറഞ്ഞു കവിയുമ്പോഴും
നുരഞ്ഞു പൊന്തുമ്പോഴും.

ചില നേരങ്ങളിൽ
ഓരപ്പൊന്തയിലെ കിളിച്ചാർത്തുകൾ
കൂക്കിയുണർത്തുമായിരുന്നു.
വെയിൽ നുള്ളി പൊന്നെടുക്കുമായിരുന്നു.
മഴ ഇക്കിളിപ്പെടുത്തുമായിരുന്നു.

ഇന്നതെല്ലാം പോയി.
ഇരമ്പുന്ന വാഹനങ്ങളിൽനിന്ന്
ഏന്തിവലിഞ്ഞ നോട്ടങ്ങൾ.
കുരുത്തക്കേടിന്റെ കുപ്പിച്ചില്ലേറുകൾ.
 കവിച്ചാർത്തുകൾ ചത്തുതൂങ്ങുന്ന
വൈദ്യുതക്കമ്പികൾ.
കോരിക്കോരി കുടിച്ചിട്ടും
തീരാത്ത ദാഹങ്ങൾ.

യന്ത്രമാനവന്മാരുടെ
 നീണ്ടുനീണ്ടുവരുന്ന കൈകൾ
പ്രിയ നിളേ നിന്നെ
കോരിയെടുത്തു മറയുന്നു.
പകച്ച് നോക്കും കാട്ടുപൊന്തകൾക്കങ്ങേപ്പുറം
ഉദ്ധൃതാവേശം പൊന്തുന്നോട്ടുകമ്പനിക്കുഴൽ.

തോറ്റുപോകുന്നൂ വാക്ക്,ജയിപ്പൂ കൊതിപ്പട.

ഒഴുക്കിന്നോർമ്മപ്പാടീ മണലിൽ കുറിച്ചത്
വിധിയോ, ചതിപ്പാട്ടിന്നീണത്തിൻ വെയിൽച്ചീളോ?